മഹാരാഷ്ട്രയെ ഞെട്ടിച്ച് വിമാനാപകടം: ബാരാമതിയിൽ സംഭവിച്ചത്...
പരിക്കുകളോടെ വിമാനത്തിലുണ്ടായിരുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് ആദ്യം വാര്‍ത്തകള്‍ വന്നതെങ്കിലും അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ ആശങ്ക ഉയര്‍ന്നിരുന്നു.

- Published:
28 Jan 2026 10:55 AM IST

മുംബൈ: ബുധനാഴ്ച രാവിലെയാണ് മഹാരാഷ്ട്ര പൂനെ ജില്ലയിലെ ബാരാമതിയില്‍ ഉപമുഖ്യമന്ത്രി അജിത് പവാറടക്കം സഞ്ചരിച്ചിരുന്ന ചാർട്ടേഡ് വിമാനം തകർന്നു വീഴുന്നത്. രണ്ടായി പിളര്‍ന്ന വിമാനം പൂര്‍ണമായും കത്തിയമരുകയും ചെയ്തു.
പരിക്കുകളോടെ വിമാനത്തിലുണ്ടായിരുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് ആദ്യം വാര്‍ത്തകള്‍ വന്നതെങ്കിലും അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ ആശങ്ക ഉയര്‍ന്നിരുന്നു. വൈകാതെ തന്നെ വിമാനത്തിലുണ്ടായിരുന്ന ആറ് പേരുടെയും മരണം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) സ്ഥിരീകരിച്ചു.
ബാരാമതി വിമാനത്താവള റൺവേയിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട വിമാനം സമീപത്തെ വയലിലേക്ക്(ഗോജുബാവി പ്രദേശം) ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും സാങ്കേതിക തകരാറിനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കനത്ത പുക ഉയരുന്നത് കണ്ടതോടെ ഗ്രാമവാസികളാണ് ഇവിടേക്ക് കുതിച്ചെത്തുന്നത്. തകർന്നടിഞ്ഞ ക്യാബിനുള്ളിൽ നിന്നും പരിക്കേറ്റവരെ പുറത്തേക്കെടുക്കാന്‍ സഹായിക്കുകയും ചെയ്തു. അജിത് പവാറും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും പേഴ്സണൽ അസിസ്റ്റന്റുമാണ് വിമാനത്തിലുൻണ്ടായിരുന്നത്.
ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യാൻ വേണ്ടി തന്റെ ജന്മാനാടായ ബാരാമതിയിലെത്തിയപ്പോഴാണ് ഈ അപകടമുണ്ടായത്.
"വിടി എസ്എസ്കെ( VT SSK) എന്ന വിമാനം ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ റൺവേയുടെ വശത്തേക്ക് തെന്നിമാറുകയും തകരുകയുമായിരുന്നുവെന്നാണ് വിമാന അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് ബാരാമതി എയർപോർട്ട് മാനേജർ ശിവാജി താവറെ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞത്. മുംബൈയിൽ നിന്ന് ചാർട്ടർ ചെയ്തതായിരുന്നു വിമാനമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടകാരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. അതേസമയം അപകട വിവരമറിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ഫോണിൽ വിളിച്ച് സംസാരിച്ചു.
Adjust Story Font
16
