Quantcast

'എന്നെ രക്ഷിക്കൂ': മരണത്തിന് തൊട്ടുമുന്‍പ് ടെക്കിയുടെ വീഡിയോ സന്ദേശം, ദുരൂഹത

രണ്ട് സ്ത്രീകളെ ഉള്‍പ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്.

MediaOne Logo

Web Desk

  • Published:

    5 Aug 2022 11:02 AM GMT

എന്നെ രക്ഷിക്കൂ: മരണത്തിന് തൊട്ടുമുന്‍പ് ടെക്കിയുടെ വീഡിയോ സന്ദേശം, ദുരൂഹത
X

ഡല്‍ഹി: ഡല്‍ഹിയിലെ നോയിഡയില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഐടി ജീവനക്കാരിയായ 26കാരിയെയാണ് മരിച്ചനിലയില്‍ കണ്ടത്. "ദയവായി എന്നെ രക്ഷിക്കൂ" എന്ന് കരഞ്ഞുകൊണ്ട് യുവതി സുഹൃത്തിന് അയച്ച വീഡിയോ സന്ദേശം കേസ് അന്വേഷണത്തിനിടെ ലഭിച്ചു. ഈ സന്ദേശം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

യുവതിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍ ആത്മഹത്യയല്ലെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. രണ്ട് സ്ത്രീകളെ ഉള്‍പ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്.

മരണത്തിന് ഒരു ദിവസം മുമ്പ്, തിങ്കളാഴ്ച രാവിലെയാണ് യുവതി രക്ഷിക്കണമെന്ന് പറഞ്ഞ് സുഹൃത്തിന് വീഡിയോ സന്ദേശം അയച്ചത്. വീഡിയോയിൽ ഇരുവരുടെയും സുഹൃത്തായ ഒരു വ്യക്തിയെ കുറിച്ച് പറയുന്നുണ്ട്. അയാൾ തന്നെ ഉപദ്രവിക്കുന്നുവെന്നാണ് യുവതി പറഞ്ഞത്. നോയിഡയിലെ ഒരു പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററായ ഈ വ്യക്തി ഒളിവിലാണ്. ഇയാളെ കണ്ടെത്തി ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

"ഓൺലൈനിലൂടെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത് യുവതി തന്നെയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാരം ആഗസ്ത് ഒന്നിന് യുവതി തനിച്ചാണ് ഹോട്ടലിലെത്തിയത്"- പൊലീസ് പറഞ്ഞു.

യുവതി ജോലി ചെയ്തിരുന്ന കമ്പനിയിൽ ജോലി ചെയ്യുന്ന ഒരാളുമായി അവർ സൗഹൃദത്തിലായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവർക്കിടയിൽ ഭിന്നതയുണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത് തൂങ്ങിമരണത്തിനിടെയുള്ള ശ്വാസതടസ്സമാണ് മരണ കാരണമെന്നാണ്.

യുവതിയുടെ സഹപ്രവർത്തകനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്. ഇതേ കമ്പനിയിൽ ജോലി ചെയ്തിരുന്ന രണ്ട് സ്ത്രീകളെയും ചോദ്യംചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു. കമ്പ്യൂട്ടർ ഓപ്പറേറ്ററെ കസ്റ്റഡിയിലെടുക്കാനും നീക്കം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ, വാട്‌സ്ആപ്പ് ചാറ്റ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തുടങ്ങി എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുന്നുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു.

TAGS :

Next Story