Quantcast

കർണാടക വിജയത്തിൽ കോൺ​ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടതെന്നിരിക്കെയാണ് മികച്ച വിജയത്തോടെ കോൺ​ഗ്രസിന്റെ വമ്പൻ തിരിച്ചുവരവ്.

MediaOne Logo

Web Desk

  • Updated:

    2023-05-13 12:34:03.0

Published:

13 May 2023 12:33 PM GMT

PM Congratulates Congress For Karnataka Win
X

ന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പിലെ കൂറ്റൻ വിജയത്തിൽ കോൺ​ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കാളികളായ പാർട്ടി പ്രവർത്തകർക്ക് മോദി നന്ദിയും പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദിയുടെ പ്രതികരണം.

"കർണടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് കോൺഗ്രസ് പാർട്ടിക്ക് അഭിനന്ദനങ്ങൾ. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ അവർക്ക് എന്റെ ആശംസകൾ" മോദി ട്വീറ്റ് ചെയ്തു.

”കർണാടക തിരഞ്ഞെടുപ്പിൽ ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ ഞങ്ങൾ കർണാടകയെ സേവിക്കും”- മറ്റൊരു ട്വീറ്റിൽ മോദി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ബിജെപിയെ കെട്ടുകെട്ടിച്ച് 224ൽ 137 സീറ്റുകൾ നേടി ഒറ്റയ്ക്ക് അധികാരത്തിലെത്തിയിരിക്കുകയാണ് കോൺ​ഗ്രസ്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടതെന്നിരിക്കെയാണ് മികച്ച വിജയത്തോടെ കോൺ​ഗ്രസിന്റെ വമ്പൻ തിരിച്ചുവരവ്.

കേവലം 64 സീറ്റുകളിലേക്ക്‌ ബിജെപി മൂക്കുകുത്തി വീണപ്പോൾ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസിന് 20 സീറ്റുകളും മറ്റുള്ളവർക്ക് നാല് സീറ്റുകളും ലഭിച്ചു.

സംസ്ഥാനത്ത് നേരിട്ടെത്തി മോദി നടത്തിയ വലിയ പ്രചരണങ്ങളും റാലികളുമെല്ലാം പൂർ‍ണമായും പരാജയപ്പെട്ടെന്ന് തെളിയിക്കുന്നതു കൂടിയാണ് തെര‍ഞ്ഞെടുപ്പ് ഫലം. കർണാടകയിൽ ബിജെപിയുടെ മോദി ഫാക്ടർ പൂർണമായും തകർന്നടിയുകയായിരുന്നു. 33 റാലികളും 28 റോഡ് ഷോകളുമുൾപ്പെടെയുള്ള വമ്പൻ പരിപാടികൾ സംഘടിപ്പിച്ചിട്ടും അതൊന്നും കാര്യമുണ്ടാക്കിയില്ല.

ഇതിൽ 13 പൊതുയോഗങ്ങളും രണ്ട് വമ്പന്‍ റോഡ് ഷോകളും തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുമ്പു മാത്രം മോദി നടത്തിയതാണ്. പലവിധത്തിൽ പ്രതിരോധക്കുഴിയിലായ ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യം ആശ്വാസമായിരുന്നു. എന്നാല്‍, ഈ റോഡ് ഷോയില്‍ വന്‍ ജനസാന്നിധ്യമുണ്ടായിരുന്ന ബെംഗളൂരു മേഖലയിലടക്കം കോണ്‍ഗ്രസിന് മികച്ച വിജയം നേടാനായി എന്നതാണ് ശ്രദ്ധേയം.



TAGS :

Next Story