സൗദി സന്ദർശനം വെട്ടിക്കുറച്ചെത്തിയ പ്രധാനമന്ത്രി നാളെ ബിഹാറിലേക്ക്; വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി വൻ സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നാളെ ബിഹാറിലേക്ക്. ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിക്കുറച്ച് ഇന്നാണ് മോദി ഇന്ത്യയിൽ തിരിച്ചെത്തിയത്. നാളെ ബിഹാറിലേക്ക് പോവുന്ന മോദി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.
13,480 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കുന്ന പ്രധാനമന്ത്രി, ബീഹാറിലേക്കുള്ള പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി വൻ സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിനോസഞ്ചാര കേന്ദ്രങ്ങളിലും വലിയ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ബീഹാർ ഡിജിപി വിനയ് കുമാർ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ മേൽനോട്ടം വഹിക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്. മുൻകരുതൽ നടപടിയായി ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ ജില്ലകൾ, വിമാനത്താവളങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
ജില്ലാ പൊലീസിന് പുറമേ, സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരോടും നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന ആളുകളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്തോ-നേപ്പാൾ അതിർത്തിയിലെ അതിർത്തി പൊലീസ് ഔട്ട്‌പോസ്റ്റുകളിൽ പരമാവധി ജാഗ്രത പാലിക്കാനും അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾ പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ബോധ് ഗയ, രാജ്ഗിർ, വൈശാലി, തഖ്ത ശ്രീ ഹരിമന്ദിർ സാഹിബ് (പട്ന സാഹിബ്), പട്ന ജങ്ഷനു സമീപമുള്ള ഹനുമാൻ ക്ഷേത്രം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, പ്രധാനമന്ത്രിയുടെ കാൺപൂർ സന്ദർശനം റദ്ദാക്കിയിട്ടുമുണ്ട്. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ്.
ഇന്ന് അതിരാവിലെയാണ് മോദി സൗദിയിൽനിന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയത്. ജിദ്ദയിൽ നിന്ന് പാകിസ്താന്‍ വ്യോമപാത ഉപേക്ഷിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്. മോദി സൗദിയിലേക്ക് പുറപ്പെട്ടപ്പോഴും തിരിച്ചുവന്നപ്പോഴുമുള്ള വിമാനം വ്യത്യസ്ത പാതകള്‍ സ്വീകരിച്ചതായി കാണിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. മോദിയുടെ ഐഎഎഫ് ബോയിങ് 777-300 (കെ7067) സൗദിയിലേക്ക് പുറപ്പെട്ടത് പാകിസ്താന്റെ വ്യോമപാതകൂടി ഉള്‍പ്പെട്ട പ്രദേശത്തിന് മുകളിലൂടെയായിരുന്നു. ചൊവ്വാഴ്ചയാണ് മോദി സൗദിയിലേക്ക് പുറപ്പെട്ടത്.
Adjust Story Font
16

