Quantcast

‘രണ്ടായിരമല്ല, പതിനായിരം കോടി തന്നാലും നാഗ്പൂർ പദ്ധതി ഇവിടെ നടക്കില്ല’; ചർച്ചയായി പിഎം ശ്രീയിലെ സ്റ്റാലിന്റെ നിലപാട്

പിഎം ശ്രീയിൽ ​കേരളം ഒപ്പിട്ടപ്പോൾ ചർച്ചയാകുന്നത് തമിഴ്നാടിന്റെ നിലപാടാണ്

MediaOne Logo

Web Desk

  • Updated:

    2025-10-24 12:51:54.0

Published:

24 Oct 2025 5:34 PM IST

Wont implement NEP in Tamilnadu even if given Rs 10,000 crore Says MK Stalin
X

ചെന്നൈ: ഘടകകക്ഷികളുടെ എതിർപ്പുകളെ അവഗണിച്ച് പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതോടെ ചർച്ചയാകുന്നത് ഇൻഡ്യാ മുന്നണിയിൽ അംഗവും അയൽസംസ്ഥാനവുമായ തമിഴ്നാടി​ന്റെ നിലപാടാണ്. മോദി സർക്കാറിന്റെ സംഘ്പരിവാർ അജണ്ടകൾ നടപ്പാക്കാൻ തമിഴ്നാടിന്റെ വിദ്യാഭ്യാസ മേഖല തുറന്ന് നൽകാൻ തയ്യാറാല്ലെന്നും പിഎം ശ്രീയിലുടെ ദേശീയ വിദ്യാഭ്യാസ നയം (NEP) 2020, ത്രിഭാഷാ നയം എന്നിവ നടപ്പാക്കാനുള്ള നിബന്ധനകളെ അംഗീകരിക്കി​ല്ലെന്നും മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.

പിഎം ശ്രീ (PM Schools for Rising India) പദ്ധതിയിലെ സ്കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനോടും അടിസ്ഥാന സൗകര്യ വികസനത്തോടും തമിഴ്‌നാടിന് എതിർപ്പില്ല. എന്നാൽ, പദ്ധതിയിലൂടെ ദേശീയ വിദ്യാഭ്യാസ നയം പൂർണ്ണമായി നടപ്പാക്കുന്നതിനെ അംഗീകരിക്കില്ലെന്ന നിലപാടെടുക്കുകയും ചെയ്തു. ത്രിഭാഷാ നയമുൾപ്പെടെയുള്ള ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകൾ സംസ്ഥാനത്തിൻ്റെ ദ്വിഭാഷാ നയത്തിനും സാമൂഹിക നീതിക്കും എതിരാണെന്ന് വ്യക്തമാക്കുകയും അതിൽ വിട്ടുവീഴ്ചക്ക് തയാറാല്ലെന്നും കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു.

നിലപാടിൽ ഉറച്ച് നിന്നതിന്റെ പേരിൽ സമഗ്ര ശിക്ഷാ പദ്ധതിക്ക് (Samagra Shiksha Scheme - SSS) കീഴിൽ സംസ്ഥാനത്തിന് അർഹതപ്പെട്ട ഏകദേശം 2,152 കോടി രൂപയുടെ കേന്ദ്ര വിഹിതം തടഞ്ഞു​വെച്ച നിലപാട് ഫെഡറലിസത്തിൻ്റെ ലംഘനമാണെന്നാണ് സ്റ്റാലിൻ തുറന്നടിച്ചത്. ഫണ്ട് നൽകാതെ സംസ്ഥാനത്തെ സമ്മർദ്ദത്തിലാക്കുന്നത് തമിഴ്‌നാട്ടിലെ വിദ്യാർഥികളോടും ജനങ്ങളോടും ചെയ്യുന്ന വഞ്ചനയും രാഷ്ട്രീയ പ്രതികാരവുമാണെന്നും വിശദീകരിച്ചു. ആർടിഇ നിയമപ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കേണ്ട 538 ​​കോടി സുപ്രിം കോടതി ഇടപെടലിലൂടെയാണ് തമിഴ്നാട് നേടിയെടുത്തത്. നിയമ പോരാട്ടത്തിലൂടെ കേന്ദ്രസർക്കാറി​ന്റെ അജണ്ടകളെ പ്രതിരോധിക്കാനാകുമെന്ന വിലയിരുത്തലിലാണ് തമിഴ്നാട്.

കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ സ്റ്റാലിൻ ഭരണകൂടവും അതേസ്വഭാവത്തിൽ തന്നെ തിരിച്ചടിക്കാൻ തീരുമാനിച്ചു.1968 ലെ ദ്വിഭാഷനയം മാറ്റില്ലെന്ന് നിലപാട് വ്യക്തമാക്കി. ഇതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പിഎം ശ്രീ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ തമിഴ്‌നാടിന് 5000 കോടി രൂപ നഷ്ടമാകും എന്ന് ഭീഷണിയുടെ സ്വരത്തിൽ പ്രതികരിച്ചപ്പോൾ സ്റ്റാലിൻ അതിരൂക്ഷമായ ഭാഷയിലാണ് മറുപടി നൽകിയത്.‘രണ്ടായിരമല്ല,പതിനായിരം കോടി തന്നാലും നാഗ്പൂർ പദ്ധതി ഇവിടെ നടക്കില്ല, നിങ്ങളുടെ നിബന്ധനകൾ അംഗീകരിക്കില്ലെന്നായിരുന്നു പ്രഖ്യാപിച്ചത്. നിലപാടുകളിൽ വെള്ളം ചേർക്കില്ലെന്ന് പറഞ്ഞ സ്റ്റാലിൻ വിദ്യാഭ്യാസ മേഖലയിലടക്കം കാവിവൽക്കരണം നടത്താൻ കൂട്ടുനിൽക്കില്ലെന്നും വ്യക്തമാക്കി.

പിഎം ശ്രീ സ്‌കൂൾ പദ്ധതിക്ക് പിന്നിൽ ആർഎസ്എസ് അജണ്ടയാണെന്ന് പറഞ്ഞ സിപിഐ കേരളത്തിൽ ഇത് നടപ്പാക്കാനുള്ള സിപിഎമ്മിന്റെ നിലപാടി​നെ എതിർത്തിരുന്നു. ഇത് അവഗണിച്ചാണ് സംസ്ഥാന സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞ് വെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 1500 കോടി എസ്എസ്കെ ഫണ്ട് ഉടൻ നല്‍കും എന്നായിരുന്നു വിവരം. മൂന്ന് തവണയാണ് മന്ത്രിസഭയിൽ സിപിഐ പിഎം ശ്രീ പദ്ധതിയെ എതിർത്തത്. ഇന്നലത്തെ പാർട്ടി യോഗത്തിലും പദ്ധതിയെ എതിർക്കുമെന്ന് ബിനോയ് വിശ്വം ആവർത്തിച്ചിരുന്നു. കേരളം ദേശീയ വിദ്യാഭ്യാസ ചട്ടക്കൂട് അംഗീകരിക്കേണ്ടിവരുമെന്ന സാഹചര്യമായിരുന്നു സിപിഐ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. എതിര്‍പ്പ് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടിരുന്നു.കേരളം ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച് 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) പൂര്‍ണതോതില്‍ സംസ്ഥാനത്തു നടപ്പാക്കേണ്ടി വരും. 2020ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്. 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃക സ്ഥാപനങ്ങളാക്കി ഉയര്‍ത്തുമെന്നാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 27,000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇന്ത്യയിലെമ്പാടുമുള്ള കേന്ദ്ര, സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ നടത്തുന്ന സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തു. ഒരു ബ്ലോക്കില്‍ രണ്ട് സ്‌കൂളുകളായിരിക്കും കേരളത്തില്‍ പദ്ധതിയുടെ ഭാഗമാകുക.

പദ്ധതിയിൽ ഒപ്പുവെച്ചതോടെ സംഘപരിവാർ അജണ്ടകൾക്ക് സിപിഎം തലവെച്ചുകൊടുത്തുവെന്ന വിലയിരുത്തലാണ് പൊതുവിൽ ഉയരുന്നത്. വിയോജിപ്പുകളെയും എതിർപ്പുകളെയും മൈൻഡ് ചെയ്തില്ലെന്നും അപമാനിച്ചുവെന്നും പരാതി സിപിഐക്കുമുണ്ട്. സാംസ്കാരികമേഖലയിൽ നിന്നും വിദ്യാഭ്യാസ വിദഗ്ധരും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എസ്എഫ്ഐയും എബിവിപിയും ഒഴികെയുള്ള വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായി തെരു​വിലിറങ്ങി. സംഘ്പരിവാർ വിദ്യാർതഥി സംഘടനയായ എബിവിപി വിദ്യഭ്യാസ മന്ത്രിയെ കണ്ട് പദ്ധതിയിൽ പങ്കാളിയായതിൽ നന്ദി അറിയിച്ച് രംഗത്തെത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിലായി. മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കം സിപി​ഐ ആലോചിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതോടെ എന്ത് സിപിഐ എന്ന് കഴിഞ്ഞ ദിവസം പറഞ്ഞ പാർട്ടി സെക്രട്ടറി ഇന്ന് നിലപാട് മാറ്റി. സിപിഐ നിലപാട് ഗൗരവമായി കാണുന്നുവെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും എന്നും പറഞ്ഞ് നിലപാട് മയപ്പെടുത്തി.

TAGS :

Next Story