'നിങ്ങളുടെ പെൺകുട്ടി ലവ് ജിഹാദിന് ഇരയാണെങ്കിൽ വിഷം കൊടുക്കൂ'; വിവാദ പ്രസ്താവനയുമായി തെലങ്കാന എംഎൽഎ
കഴിഞ്ഞയാഴ്ച മധ്യപ്രദേശിൽ ദസറ ആഘോഷത്തിനിടെ നടന്ന പൊതുപരിപാടിയിലായിരുന്നു മുൻ കേന്ദ്രമന്ത്രി കൂടിയായ സിങ്ങിന്‍റെ പരാമര്‍ശം

ടി. രാജാ സിങ് Photo| Hindu
ഹൈദരാബാദ്: വിവാദപ്രസ്താവനകളിലൂടെ എപ്പോഴും വാര്‍ത്തകളിൽ നിറഞ്ഞുനിൽക്കുന്ന നേതാവാണ് തെലങ്കാന എംഎൽഎ ടി.രാജാ സിങ്. ഹൈദരാബാദിലെ ഗോഷാമഹലിൽ നിന്നുള്ള ജനപ്രതിനിധിയായ രാജ ലവ് ജിഹാദുമായി ബന്ധപ്പെട്ട് ഈയിടെ നടത്തിയ പരാമര്‍ശവും വിവാദമായിരിക്കുകയാണ്. നിങ്ങളുടെ പെൺകുട്ടി ലവ് ജിഹാദിന് ഇരയാണെങ്കിൽ സ്വന്തം മതത്തിലേക്ക് തിരിച്ചുവരാൻ മടിക്കുകയാണെങ്കിൽ വിഷം കൊടുക്കൂ എന്നാണ് സിങ് പറഞ്ഞത്.
കഴിഞ്ഞയാഴ്ച മധ്യപ്രദേശിൽ ദസറ ആഘോഷത്തിനിടെ നടന്ന പൊതുപരിപാടിയിലായിരുന്നു മുൻ കേന്ദ്രമന്ത്രി കൂടിയായ സിങ്ങിന്‍റെ പരാമര്‍ശം. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടര്‍ന്ന് ശനിയാഴ്ച പൊലീസ് കേസെടുത്തു. വിദ്വേഷപ്രസംഗങ്ങളുടെ പേരില്‍ ഇദ്ദേഹത്തിന്‍റെ പേരിൽ വേറെയും കേസുകളുണ്ട്. ഈ വർഷം ഏപ്രിലിൽ, രാമനവമി ഘോഷയാത്രയ്ക്കിടെ പൊലീസിനെതിരെ ഭീഷണി മുഴക്കിയതിനും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം . സോലാപൂരിൽ 'ഹിന്ദു ജൻ ആക്രോശ്' യാത്രയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലും രാജക്കെതിരെ കേസെടുത്തിരുന്നു. 'ലവ് ജിഹാദിനും ഗോഹത്യക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി തയ്യാറാവണം. സർക്കാർ ഇതിൽ പരാജയപ്പെട്ടാൽ ഞങ്ങൾ അവരെ ഒരു പാഠം പഠിപ്പിക്കും. ഈ ജിഹാദികളുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്ത് ഞങ്ങൾ അതുകൊണ്ട് കളിക്കും'' എന്നാണ് രാജാ സിങ് പറഞ്ഞത്. മുസ്‌ലിം വ്യാപാരികളെ ഹിന്ദുക്കൾ ബഹിഷ്‌കരിക്കണമെന്നും രാജാ സിങ് ആവശ്യപ്പെട്ടു. മുസ്‌ലിം വ്യാപാരികളിൽനിന്ന് സോപ്പോ ബിസ്‌ക്കറ്റോ ഗോതമ്പ് പൊടിയോ വാങ്ങിയാൽ അതിൽ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് പരിശോധിക്കണം. ഹലാൽ ഉത്പന്നമാണെങ്കിൽ അത് വാങ്ങരുതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധനായ നേതാവാണ് രാജാ സിങ്. പ്രവാചക നിന്ദാ പരാമർശം നടത്തിയതിന്റെ പേരിൽ അദ്ദേഹത്തെ ബിജെപി സസ്‌പെൻഡ് ചെയ്തിരുന്നു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടപടി പിൻവലിച്ച് ഗോഷാമഹലിൽ സ്ഥാനാർഥിയാക്കുകയായിരുന്നു.
കഴിഞ്ഞ ജൂണിൽ തെലങ്കാന ബിജെപിയിലെ നേതൃത്വ തർക്കത്തിനിടെ രാജാ സിങ് പാര്‍ട്ടിയിൽ നിന്നും രാജിവച്ചിരുന്നു. ബിജെപിയുടെ തെലങ്കാന യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി എൻ രാമചന്ദർ റാവു വരുമെന്ന മാധ്യമ റിപ്പോർട്ടുകൾ വന്നതിന് തൊട്ടുപിന്നാലെയാണ് രാജിവെച്ചതായി രാജ സിങ് വ്യക്തമാക്കിയത്.
Adjust Story Font
16

