Quantcast

കവരത്തിയിൽ വീണ്ടും പൊലീസ് നടപടി; എൻവൈസി നേതാവ് ഉൾപ്പെടെ നാലുപേർ കൂടി അറസ്റ്റിൽ

ജില്ലാ കലക്ടർ ശിവം ചന്ദ്രയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും സംഘർഷാവസ്ഥ സൃഷ്ടിച്ചെന്നും ആരോപിച്ചാണ് അറസ്റ്റ്

MediaOne Logo

Web Desk

  • Published:

    7 Oct 2026 10:24 PM IST

കവരത്തിയിൽ വീണ്ടും പൊലീസ് നടപടി; എൻവൈസി നേതാവ് ഉൾപ്പെടെ നാലുപേർ കൂടി അറസ്റ്റിൽ
X

കവരത്തി: സ്വകാര്യ ഭൂമിയിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രവേശിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ കവരത്തിയിൽ പൊലീസ് നടപടി ശക്തമാക്കുന്നു. ജില്ലാ കലക്ടർ ശിവം ചന്ദ്രയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും സംഘർഷാവസ്ഥ സൃഷ്ടിച്ചെന്നും ആരോപിച്ച് നാല് എൻസിപി (എസ്പി) പ്രവർത്തകരെക്കൂടി കവരത്തി പൊലീസ് അറസ്റ്റ് ചെയ്തു.

നാഷണൽ യൂത്ത് കോൺഗ്രസ് (എൻവൈസി) സംസ്ഥാന വൈസ് പ്രസിഡന്റ് അഫ്‌സർ ഖാൻ, കെ.പി റഷീദ്, പി.മുസ്തഫ, സലീം ഷാ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കേസിൽ ആകെ 22 പേരെ അറസ്റ്റ് ചെയ്യാൻ ഭരണകൂടം നീക്കം നടത്തുന്നതായാണ് വിവരം.

മുൻ എൻവൈസി അധ്യക്ഷനും 'സോഷ്യലിസ്റ്റ് ടോക്‌സ്' എഡിറ്ററുമായ സൈദ് ഹാമിദ് ചെറിയകോയയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഭൂമിയിൽ ജില്ലാ കലക്ടർ നേരിട്ടെത്തി പ്രവേശിച്ചതാണ് നാടകീയ രംഗങ്ങൾക്കും ജനകീയ പ്രതിഷേധങ്ങൾക്കും ഇടയാക്കിയത്. ഇതിനെത്തുടർന്ന് നേരത്തെ ചെറിയകോയയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇദ്ദേഹം ആന്ത്രോത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങി. ഇതിന് പിന്നാലെയാണ് കളക്ടറുടെ നടപടിയെ പ്രതിരോധിച്ച കൂടുതൽ പ്രവർത്തകർക്കെതിരെ പൊലീസ് നടപടി കടുപ്പിച്ചത്.

സ്വകാര്യ ഭൂമിയിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റത്തെ ചെറുത്ത ജനങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കുമെതിരെ നടക്കുന്ന തുടർച്ചയായ അറസ്റ്റുകളിൽ പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ശ്രമിക്കുന്നതെന്നും, ഇത്തരം ഏകപക്ഷീയ നീക്കങ്ങൾ അംഗീകരിക്കില്ലെന്നും പ്രാദേശിക നേതാക്കളും രാഷ്ട്രീയ പാർട്ടികളും വ്യക്തമാക്കി. ഭരണകൂട നടപടിക്കെതിരെ യോജിച്ച പോരാട്ടം തുടരുമെന്ന ഉറച്ച നിലപാടിലാണ് ഇവർ.

TAGS :

Next Story