മെസ്സി ടൂർ വിവാദം: ബംഗാൾ മുൻ കായിക മന്ത്രിക്കെതിരെ കേസെടുത്തു
പരിപാടിക്ക് മുന്നോടിയായി സ്വന്തം ആവശ്യങ്ങൾക്കായി വൻതോതിൽ ടിക്കറ്റുകൾ വേണമെന്ന് മന്ത്രി അരൂപ് ബിശ്വാസ് ആവശ്യപ്പെട്ടതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു.

- Published:
1 Jun 2026 7:52 AM IST

കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെയുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് മുൻ പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസിനെതിരെ ബിധാനഗർ സൗത്ത് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ വർഷം ഡിസംബർ 13ന് വിവേകാനന്ദ യുവഭാരതി ക്രീഡാങ്കണിൽ നടന്ന 'മെസ്സി ഗോട്ട് ടൂർ' പരിപാടിയുടെ സംഘാടകനായ ശതാദ്രു ദത്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി.
പരിപാടിക്ക് മുന്നോടിയായി സ്വന്തം ആവശ്യങ്ങൾക്കായി വൻതോതിൽ ടിക്കറ്റുകൾ വേണമെന്ന് മന്ത്രി അരൂപ് ബിശ്വാസ് ആവശ്യപ്പെട്ടതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പരിപാടി തന്നെ റദ്ദാക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും സംഘാടകർ ആരോപിക്കുന്നു.
പിടിച്ചുപറി, ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന തുടങ്ങി അഞ്ച് കടുത്ത വകുപ്പുകൾ ചുമത്തിയാണ് മുൻ മന്ത്രിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സംഘാടകരിൽ നിന്ന് സൗജന്യമായി വാങ്ങിയ 22,000 ടിക്കറ്റുകൾ പിന്നീട് കരിഞ്ചന്തയിൽ മറിച്ചുവിറ്റതായും പരാതിയിൽ പറയുന്നുണ്ട്. ആരാധകർ ഏറെ കാത്തിരുന്ന പരിപാടിയിൽ യഥാർത്ഥ ഫുട്ബോൾ പ്രേമികൾക്ക് പകരം സംഘാടകരും, രാഷ്ട്രീയ നേതാക്കളും, മന്ത്രിമാരും, അവരുടെ അടുത്ത ആളുകളും മാത്രമാണ് മെസ്സിക്കൊപ്പം അണിനിരന്നതെന്നും എഫ്.ഐ.ആറിൽ ചൂണ്ടിക്കാണിക്കുന്നു.
വരും ദിവസങ്ങളിൽ ഈ കേസിൽ കൂടുതൽ രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ സര്‍ക്കാരിലെ കാലത്തെ കേസുകളും പരാതികളുമൊക്കെ എടുത്ത് ടിഎംസി നേതാക്കളെ ലക്ഷ്യമിടുകയാണെന്ന ആരോപണം ശക്തമാണ്.
Adjust Story Font
16
