സര്‍ക്കാര്‍ ഓഫീസില്‍ നമസ്‌കരിച്ചവർക്കെതിരെ നടപടി; ഇത് ഹിന്ദുരാഷ്ട്രമാണെന്നും ആവര്‍ത്തിക്കണമെങ്കില്‍ ഇസ്‌ലാമികരാഷ്ട്രം തേടിപ്പോകണമെന്നും ബിജെപി മന്ത്രി
കലാപാഹ്വാനം, സർക്കാർ സ്ഥാപനത്തിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്തൽ, നിയമവിരുദ്ധമായ ഒരുമിച്ചുകൂടൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്

- Updated:
2026-02-26 10:20:48.0

മുംബൈ: മഹാരാഷ്ട്ര മലേഗാവില്‍ വൈദ്യുതി വകുപ്പ് ഓഫീസില്‍ നമസ്‌കരിച്ച ഏഴോളം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഇവര്‍ നമസ്‌കരിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോയില്‍ കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കും മറ്റ് അഞ്ചുപേര്‍ക്കുമെതിരെയാണ് കേസ്. വൈദ്യുതി വകുപ്പ് ഓഫീസിനകത്ത് നമസ്‌കരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ വിഷയം മഹാരാഷ്ട്ര ബഡ്ജറ്റ് സമ്മേളനത്തിനിടെ വലിയ ചർച്ചയായിരുന്നു.
മഹാരാഷ്ട്ര പൊലീസ് ആക്ട് പ്രകാരം, നിയമവിരുദ്ധമായ ഒരുമിച്ചുകൂടല്‍, കലാപാഹ്വാനം, സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
മലേഗാവ് ലോക് സംഘര്‍ഷ് സമിതി അധ്യക്ഷന്‍ ലുഖ്മാന്‍ അക്മലിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ വൈദ്യുതി വകുപ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിഷേധത്തിനിടെ നമസ്‌കാരസമയമായപ്പോള്‍ ഒരു വിഭാഗമാളുകള്‍ ഓഫീസിനകത്ത് കയറി നമസ്‌കരിക്കുകയായിരുന്നു.
പ്രതിഷേധക്കാരിലൊരാള്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ശിവസേന രംഗത്തെത്തി. സര്‍ക്കാര്‍ ഓഫീസ് ആരാധനാലയങ്ങളാക്കരുതെന്നും മതപരമായ കാര്യങ്ങള്‍ അഡ്മിനിസ്‌ട്രേഷനുമായി കൂട്ടിക്കുഴക്കരുതെന്നും ശിവസേന എംഎല്‍എ സഞ്ചയ് ഗൈക്വാദ് വിമർശിച്ചു. 'ഒരു കാരണവശാലും മതപരമായ കാര്യങ്ങള്‍ ഭരണപരമായ കാര്യങ്ങളുമായി കൂട്ടിക്കുഴക്കാന്‍ പാടില്ല. മതകാര്യങ്ങള്‍ വേറെയായി തന്നെ കൊണ്ടുപോകേണ്ടതുണ്ട്. നമസ്‌കരിക്കണമെന്നുണ്ടെങ്കില്‍ പള്ളിയില്‍ പോകാമായിരുന്നില്ലേ. ഒരാളും നിങ്ങളെ തടയുകയില്ല. സര്‍ക്കാര്‍ ആശുപത്രികളെ ആരാധനാലയങ്ങളാക്കാന്‍ പാടില്ല'. സഞ്ചയ് പറഞ്ഞു.
സംഭവം നിയമവിരുദ്ധമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി എംഎല്‍എ ഭക്താല്‍ക്കറും രംഗത്തെത്തിയിരുന്നു. ഇതൊരു ഹിന്ദുരാഷ്ട്രമാണെന്നും ഇത്തരമൊരു പ്രവൃത്തി ഒരാളും ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു മഹാരാഷ്ട്ര ബിജെപി നേതാവും മന്ത്രിയുമായ നിതീഷ് റാണെയുടെ പ്രതികരണം. ഇവർക്കെതിരെ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Adjust Story Font
16
