പഞ്ചാബിലെ ലവ്‌ലി പ്രഫഷണല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളും പൊലീസും ഏറ്റുമുട്ടി; വാഹനങ്ങള്‍ കത്തിച്ചു
സര്‍വകലാശാലയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്നും പിന്നീട് ജീവനൊടുക്കിയെന്നുമുള്ള പ്രചാരണത്തിന് പിന്നാലെ ഇന്നലെ മുതല്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചിരുന്നു

- Updated:
2026-09-27 17:01:24

ചണ്ഡീഗഢ്: പഞ്ചാബിലെ ഫഗ്വാരയിലെ ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളും പൊലീസും ഏറ്റുമുട്ടി. വിദ്യാര്‍ഥികള്‍ പൊലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു. സര്‍വകലാശാലയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്നും പിന്നീട് ജീവനൊടുക്കിയെന്നുമുള്ള പ്രചാരണത്തിന് പിന്നാലെ ഇന്നലെ മുതല്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധം അക്രമാസക്തമായത്. നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.
വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായെന്ന വിവരത്തെ തുടര്‍ന്നാണ് പ്രതിഷേധം ആരംഭിച്ചത്. ശനിയാഴ്ച രാത്രി ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തതിന് പിന്നാലെ വിദ്യാര്‍ഥികള്‍ ദേശീയപാത ഉപരോധിക്കുകയും സര്‍വകലാശാലാ കെട്ടിടങ്ങള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തുകയും ചെയ്തിരുന്നു. ഞായറാഴ്ച വിദ്യാര്‍ഥി പ്രതിനിധികളുമായും സര്‍വകലാശാലാ അധികൃതരുമായും പൊലീസ് നടത്തിയ ചര്‍ച്ചയും വിജയം കണ്ടില്ല.
സംഭവത്തില്‍ പൊലീസ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍, ആരോപിക്കപ്പെട്ട ലൈംഗികാതിക്രമം നടന്നതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ചര്‍ച്ചയില്‍ എഫ്‌ഐആറിന്റെ പകര്‍പ്പും അന്വേഷണ സംഘത്തിന്റെ വിവരങ്ങളും പൊലീസ് വിദ്യാര്‍ഥികള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍, എല്‍പിയു ചാന്‍സലറില്‍നിന്ന് നേരിട്ടുള്ള ഉറപ്പുവേണമെന്ന നിലപാടില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനിന്നു. തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടതും സംഘര്‍ഷത്തിലേക്ക് നീങ്ങിയതും.
സെപ്റ്റംബര്‍ 24നാണ് ലൈംഗികാതിക്രമം നടന്നതായി പറയുന്നത്. സര്‍വകലാശാല ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്നും വിവരമറിയിച്ചിട്ടും ഹോസ്റ്റല്‍ വാര്‍ഡന്‍ നടപടിയെടുത്തില്ലെന്നുമാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. യൂണിവേഴ്സിറ്റിയിലെ തൊഴിലാളിയാണ് അതിക്രമം നടത്തിയതെന്ന് വാര്‍ഡനെ അറിയിച്ചിരുന്നു. വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് അയച്ചെന്നും തുടര്‍ന്ന് ജീവനൊടുക്കിയെന്നുമാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. എന്നാല്‍, ബലാത്സംഗം നടന്നെന്ന ആരോപണം സര്‍വകലാശാല നിഷേധിക്കുകയാണ്. സംഭവത്തില്‍ ഫോറന്‍സിക് തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ കോള്‍ വിവരങ്ങള്‍ എന്നിവ പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Adjust Story Font
16
