നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി സൂചന
ജനുവരി 16-ന് ബാന്ദ്രയിലെ വസ്തിയിൽവെച്ചാണ് സെയ്ഫിന് കുത്തേറ്റത്.

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ഒന്നിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി സൂചന. അക്രമം നടത്തിയ ബംഗ്ലാദേശി പൗരനായ ശരീഫുൽ ഇസ്ലാമിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ റിമാൻഡ് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി സംശയമുണ്ടെന്നും കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും പൊലീസ് പറഞ്ഞത്. തുടർന്ന് ശരീഫുലിന്റെ പൊലീസ് കസ്റ്റഡി ഈ മാസം 29 വരെ കോടതി നീട്ടി.
ജനുവരി 16-ന് ബാന്ദ്രയിലെ വസ്തിയിൽവെച്ചാണ് സെയ്ഫിന് കുത്തേറ്റത്. ആക്രമണസമയത്ത് സെയ്ഫ് ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ ഫൊറൻസിക്ക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ വസ്ത്രത്തിൽ പടർന്ന രക്തം സെയ്ഫിന്റെ തന്നെയാണോയെന്ന് ഉറപ്പുവരുത്താനാണ് ഫൊറൻസിക് പരിശോധനയെന്ന് പൊലീസ് പറഞ്ഞു.
ജനുവരി 19നാണ് ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ശരീഫുൽ ഇസ്ലാം അറസ്റ്റിലായത്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കത്തി എവിടെ നിന്ന് വാങ്ങി എന്നതിനും പ്രതി വ്യക്തമായ ഉത്തരം നൽകിയിട്ടിലെന്നും പൊലീസ് പറഞ്ഞു. സെയ്ഫിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങൾ ശരീഫുലിന്റെത് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
Adjust Story Font
16

