Quantcast

കർണാടകയിലെ അധികാര വടംവലി, ആര്യനെ കുടുക്കിയത് പണം തട്ടാൻ; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്സ്...

മുഖ്യമന്ത്രിയാകുമെന്ന ആത്മവിശ്വാസത്തിലാണ് സിദ്ധരാമയ്യ അതേസമയം മുഖ്യമന്ത്രി പദത്തിന് ഡികെ ശിവകുമാറും അവകാശവാദമുന്നയിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-05-15 16:03:02.0

Published:

15 May 2023 3:54 PM GMT

കർണാടകയിലെ അധികാര വടംവലി, ആര്യനെ കുടുക്കിയത് പണം തട്ടാൻ; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്സ്...
X

കർണാടകയിലെ അധികാര വടംവലി

കർണാടകയിൽ മുഖ്യമന്ത്രി പദത്തിനായി വടംവലി തുടരുന്നു. സംസ്ഥാനത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സങ്കീർണമാവുകയാണ്. മുഖ്യമന്ത്രി പദത്തിന് ഡികെ ശിവകുമാറും അവകാശവാദമുന്നയിച്ചു. അതേസമയം മുഖ്യമന്ത്രിയാകുമെന്ന ആത്മവിശ്വാസത്തിലാണ് സിദ്ധരാമയ്യ. കൂടുതൽ എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്ന് ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ സിദ്ധരാമയ്യ അവകാശപ്പെട്ടു.

ആദ്യ ഘട്ടത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായാൽ ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ ശിവകുമാറിന്റെ പേര് മാത്രം കൊണ്ടുവരാനുള്ള തിരക്കിട്ട ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. നിയുക്ത എംഎൽഎമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ റിപ്പോർട്ട് നിരീക്ഷകസമിതി ഇന്ന് ഹൈക്കമാന്റിന് കൈമാറും. ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ ശിവകുമാറിന്റെ പേര് മാത്രം കൊണ്ടുവരാനായാൽ നിലവിലെ കടമ്പകടന്ന് കർണാടകയിലെ മുഖ്യമന്ത്രിയുടെ പേര് വൈകാതെ പ്രഖ്യാപിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനാകും.

ലിംഗയത്ത് പ്രാതിനിധ്യമെന്ന സാഹചര്യത്തിലാണ് എം ബി പാട്ടീലിന്റെ പേര് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവന്നത്. ലിംഗായത്ത് നേതാക്കളുടെ പിന്തുണ കൂടി ഡി.കെ ശിവകുമാറിന് ഉറപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ആദ്യ രണ്ടു വർഷം താനും പിന്നീടുളള മൂന്ന് വർഷം ശിവകുമാറും മുഖ്യമന്ത്രിയാകട്ടെ എന്നാണ് സിദ്ധരാമയ്യ മുന്നോട്ട് വെക്കുന്ന ഫോർമുലയെന്നാണ് സൂചന. ഇന്നലെ എംഎൽഎമാരുടെ അഭിപ്രായം തേടിയ നിരീക്ഷക സമിതി വൈകിട്ടോടെ ഡൽഹിയിലെത്തി ഹൈക്കമാന്റിന് റിപ്പോർട്ട് സമർപ്പിക്കും. ഇരു നേതാക്കൾക്കൊപ്പം നിൽക്കുന്ന, എംഎൽഎമാരെ സമവായത്തിൽ എത്തിക്കാനുള്ള ചർച്ചകളും കർണാടകയിൽ പുരോഗമിക്കുകയാണ്. മുഖ്യപന്ത്രിപദം ആർക്കെന്ന് തീരുമാനം ഉണ്ടായാൽ ഉടൻ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്കും പാർട്ടി കടക്കും. വ്യാഴാഴ്ചയ്ക്കുള്ളിൽ സത്യപ്രതിജ്ഞ നടത്തണമെന്ന് തീരുമാനത്തിൽ തന്നെയാണ് കോൺഗ്രസ്.

മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ്

മാനനഷ്ടകേസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ്. പോപ്പുലർ ഫ്രണ്ടുമായി ബജ്രംഗ്ദളിനെ താരതമ്യം ചെയ്തിനെതിരെയാണ് ഹരജി.

കർണാടക പ്രകടന പത്രികയിൽ ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. പഞ്ചാബിലെ സംഗരൂർ കോടതിയാണ് നോട്ടീസ് അയച്ചത്. 100 കോടിരൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഖാർഗെ ജൂലൈ 10 ന് ഹാജരാകണമെന്നു കോടതി അറിയിച്ചു.ഹിന്ദു സുരക്ഷാ പരിഷദ് സ്ഥാപകൻ ഹിതേഷ് ഭരദ്വാജ് ആണ് ഹരജി നൽകിയത് .പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം തുടരുമെന്നും ബജ്രംഗ്ദളിനെയും നിരോധിക്കുമെന്നായിരുന്നു കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റ പ്രകടനപത്രികയിലുണ്ടായിരുന്നത്.

ആര്യനെ കുടുക്കിയത് പണം തട്ടാൻ

നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായിരുന്ന ലഹരിമരുന്ന് കേസിൽ എൻസിബി മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെ പണംതട്ടാൻ ശ്രമിച്ചതായി സിബിഐ. ആര്യനെ ലഹരിക്കേസിൽ പെടുത്തി ഷാരൂഖ് ഖാനോട് പണം വാങ്ങാനായിരുന്നു നീക്കം. ഇതിനായി സമീർ സാക്ഷിയായ ഗോസാവിക്കിനൊപ്പം ഗൂഢാലോചന നടത്തിയെന്നും സിബിഐ ആരോപിച്ചു.

ആര്യൻ ഖാനെ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് 25 കോടി രൂപ തട്ടാൻ ശ്രമിച്ചുവെന്നാണ് സിബിഐയുടെ പ്രാഥമിക എഫ്ഐആറിൽ സൂചിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് സിബിഐയുടെ തീരുമാനം. സമീർ വാങ്കഡെ ഇതിനോടകം 15 ലക്ഷം തട്ടിയെടുത്തുവെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ ആരോപണങ്ങൾ ഉയരുന്നതിന് പിന്നാലെ സമീർ വാങ്കഡെയെ സോണൽ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. തുടർന്ന്, എൻസിബിയുടെ മുതിർന്ന അന്വേഷണസംഘം സമീർ വാങ്കഡെക്കെതിരെ അന്വേഷണം നടത്തുകയും ചെയ്തു. ആര്യൻ ഖാനെ കുടുക്കിയതാണെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. എട്ട് എൻ.സി.ബി ഉദ്യോഗസ്ഥർ അന്വേഷണത്തിൽ ക്രമക്കേട് കാട്ടിയതായും റിപ്പോർട്ടിലുണ്ട്.

ഇതിന് ശേഷമാണ് സിബിഐ കേസ് ഏറ്റെടുത്തത്. പിന്നാലെയാണ് സമീർ വാങ്കഡെക്കെതിരെ ഗുരുതരമായ ആരോപണവുമായി റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

2021 ഒക്ടോബർ രണ്ടിനാണ് ആര്യൻ ഖാനടക്കം 20 പേരെ ഗോവിയലേക്ക് പോവുകയായിരുന്ന കപ്പൽ റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ചതിനോ കൈവശം വച്ചതിനോ തെളിവില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എൻ.സി.ബി പിന്നീട് ആര്യൻ ഖാനും മറ്റ് അഞ്ച് പേർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് വിജിലൻസ് അന്വേഷണം നടന്നത്. റിപ്പോർട്ട് ഡൽഹി ഹെഡ്ക്വാർട്ടേഴ്സിലേക്ക് അയച്ചിട്ടുണ്ട്.

ഗെഹ്ലോട്ടിന് മുന്നറിയിപ്പുമായി സച്ചിൻ പൈലറ്റ്

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നത് തുടരും. ഈ മാസം അവസാനിക്കും മുന്‍പ് അഴിമതിക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കും. ചോദ്യപേപ്പർ ചോർച്ചയിലും സർക്കാർ നടപടി സ്വീകരിക്കണം. അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചത് മൂലമുണ്ടാകുന്ന എന്തുനഷ്ടവും സഹിക്കാൻ തയ്യാറാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. ജൻ സംഘർഷ് പദയാത്രയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സച്ചിൻ പൈലറ്റ്.

വസുന്ധര രാജെ സിന്ധ്യ നയിച്ച ബി.ജെ.പി സർക്കാർ നടത്തിയ അഴിമതികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സച്ചിൻ പൈലറ്റ് ജൻസംഘർഷ് യാത്ര ആരംഭിച്ചത്. അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റിന്‍റെ യാത്രയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. പിന്തിരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ യാത്രയെ കോൺഗ്രസ് ദേശീയ നേതൃത്വം തള്ളിപ്പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപായി 6 മാസം അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ സമയമുണ്ടെന്നും സംസ്ഥാന സർക്കാർ അന്വേഷണത്തിന് തയ്യാറാകണമെന്നുമാണ് സച്ചിന്‍ പൈലറ്റിന്‍റെ ആവശ്യം.

ഡികെ ഡൽഹിയിലേക്കില്ല; ഖാർഗെയുടെ വസതിയിൽ നിർണായക ചർച്ച

കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ കെസി വേണുഗോപാലും സുശീൽ കുമാർ ഷിൻഡെയും അടക്കമുള്ള നേതാക്കൾ ചർച്ച നടത്തുകയാണ്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കണമെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് സിദ്ധരാമയ്യയും ഡികെ ശിവകുമാറും. ഡൽഹിക്ക് പോകാനുള്ള തീരുമാനം ഡികെ ശിവകുമാർ റദ്ദാക്കി.

ശാരീരിക അസ്വസ്ഥതകൾ കാരണമാണ് യാത്ര റദ്ദാക്കുന്നതെന്നാണ് വിശദീകരണം. ഇന്ന് രാവിലെ ഡൽഹിയിലേക്ക് പോകുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞുവെങ്കിലും നിലപാട് മാറ്റുകയായിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സിദ്ധരാമയ്യ ഡൽഹിയിലുണ്ടെങ്കിലും ഇതുവരെ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് വിവരം. കർണാടകയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സങ്കീർണമാവുകയാണ്. അതേസമയം, മുഖ്യമന്ത്രിയാകുമെന്ന ആത്മവിശ്വാസത്തിലാണ് സിദ്ധരാമയ്യ. കൂടുതൽ എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്ന് ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ സിദ്ധരാമയ്യ അവകാശപ്പെട്ടു

ധോണിയോട് ഓട്ടോഗ്രാഫ് ചോദിച്ചുവാങ്ങി ഗവാസ്കർ

ചെന്നൈ സൂപ്പർ കിങ്‌സ് - കൊൽക്കത്ത ക്‌നൈറ്റ് റൈഡേഴ്‌സ് മത്സരത്തിൽ ചെന്നൈ തോറ്റെങ്കിലും ചെപ്പോക്ക് മറ്റൊരു അസുലഭ മുഹൂർത്തത്തിന് കൂടി സാക്ഷ്യം വഹിച്ചു. ചെന്നൈയുടെ അവസാനാ ഹോം മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ ധോണിയിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങിയതായിരുന്നു അത്. ഗ്രൗണ്ടിൽ വെച്ച് ഗവാസ്‌കർ ഓട്ടോഗ്രാഫ് ചോദിച്ചുവാങ്ങുകയായിരുന്നു. ഗവാസ്‌കറിന്റെ കുപ്പായത്തിലാണ് ധോണി ഓട്ടോഗ്രാഫ് നൽകിയത്.

ഗവാസ്‌കർ ധോണിയുടെ ഒപ്പം അത് മാധ്യമങ്ങളെ കാണിക്കുകയും ചെയ്തു. താൻ ഒരു പേന കടം വാങ്ങി നേരത്തെ റെഡിയായി ഇരുന്നതായി ഗവാസ്‌കർ പറഞ്ഞു. 'ആരാണ് ധോണിയെ സ്‌നേഹിക്കാത്തത്? വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങൾ അതിശയിപ്പിക്കുന്നതാണ്. നിരവധി യുവാക്കൾക്ക് അദ്ദേഹം മാതൃകയാണ്, ''ഗവാസ്‌കർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

തുർക്കിയിലെ പോരാട്ടം

അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള തുര്‍ക്കി ഭരണകര്‍ത്താക്കളെ തെരെഞ്ഞെടുക്കാനുള്ള പാര്‍ലമെന്റ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിന്റെ ആദ്യഘട്ടഫലങ്ങളില്‍ ഉര്‍ദ്ദുഗാനും എ.കെ പാര്‍ട്ടിയും മുന്നില്‍. 87 മേഖലകളില്‍ നിന്നായി 600 ഓളം അംഗങ്ങളെയാണ് ഇത്തവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കുന്നത്. 64 മില്യണ്‍ (ആറു കോടി 40 ലക്ഷം) തുര്‍ക്കിക്കാര്‍ക്കാണ് വോട്ടാവകാശമുള്ളത്. അതില്‍ ആറു മില്യനോളം (ഏതാണ്ട് 60 ലക്ഷം) യുവാക്കളും പുതിയ ആളുകളുമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളെ നയിക്കുന്ന കെമാല്‍ ക്ലച്ദാറോളുവും കഴിഞ്ഞ ഇരുപത് വര്‍ഷം രാജ്യം ഭരിച്ച നിലവിലെ പ്രസിഡണ്ട് ഉര്‍ദ്ദുഗാനും തമ്മിലായിരുന്നു പ്രസിഡന്റ് പദവിയിലേക്കുള്ള തീ പാറുന്ന പോരാട്ടത്തിലുണ്ടായിരുന്നത്. വ്യത്യസ്ത കാരണങ്ങളാല്‍ ഇരുകക്ഷികള്‍ക്കും വിജയം അനിവാര്യമായ തെരെഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞത്. തുര്‍ക്കിയുടെ രാഷ്ട്രീയ ഭാവി എന്തായിരിക്കുമെന്ന് വിലയിരുത്തുന്ന നേര്‍ക്കുനേരെയുള്ള രാഷ്ട്രീയ പോരാട്ടമായിരുന്നു ഇത്തവണത്തേത്.

സച്ചിന്‍ പൈലറ്റിന്റെ 'ജൻ സംഘർഷ് പദയാത്ര' ജയ്‌പുരിൽ സമാപിച്ചു

രാജസ്ഥാന്‍ സര്‍ക്കാരിനെതിരെയായ കോൺഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ ജൻ സംഘർഷ് പദയാത്ര ഇന്ന് ജയ്‌പുരിൽ സമാപിച്ചു. സച്ചിൻ പൈലറ്റിന്റെ പദയാത്രയിൽ കോൺഗ്രസ് ഹൈക്കമാന്റിന് കടുത്ത എതിർപ്പുണ്ട്. കർണാടകയിലെ മന്ത്രിസഭാ രൂപീകരണത്തിന് ശേഷം രാജസ്ഥാൻ പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിന്റെ നീക്കം.

ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗെഹ്‍ലോട്ടിനെയും സച്ചിൻ പൈലറ്റിനെയും പിണക്കാതെ വിഷയം പരിഹരിക്കുന്നത് ഹൈക്കമാൻഡിന് വെല്ലുവിളിയാണ്. ഈ വർഷമവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സച്ചിനെ കൈവിടുന്ന നടപടിയുണ്ടാവില്ല എന്നാണ് സൂചന. ഗെലോട്ടും സച്ചിനും തമ്മിലുള്ള തർക്കം രമ്യമായി പരിഹരിക്കാനുള്ള വഴികൾ തേടിയെക്കും. തെരഞ്ഞെടുപ്പിൽ കരുത്തോടെ പോരാടാൻ ഇരുവരും പാർട്ടിക്ക് അനിവാര്യമാണെന്നാണു ഹൈക്കമാന്റിന്റെ വിലയിരുത്തൽ.

TAGS :

Next Story