'മൻമോഹനെ മാറ്റണം'; പ്രണബ് മുഖര്‍ജിക്ക് പ്രധാനമന്ത്രി പദത്തിൽ താൽപര്യം ഉണ്ടായിരുന്നതായി സോണിയ ഗാന്ധി
യുപിഎ ഭരണകാലത്ത് താൻ 'പിൻസീറ്റ് ഡ്രൈവർ' ആയിരുന്നു എന്ന ആരോപണങ്ങളെ സോണിയ നിഷേധിക്കുന്നു

- Updated:
2026-11-10 12:41:24

ഡൽഹി: മൻമോഹൻ സിങ് മാറണമെന്നും പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹം സൂചിപ്പിച്ചും 2010-ൽ പ്രണബ് മുഖർജി തന്നോട് സംസാരിച്ചിരുന്നതായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി. ഓര്‍മക്കുറിപ്പായ 'ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ.
സോണിയാ ഗാന്ധിയുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കിടെ, 'ഭരണത്തലപ്പത്ത് ഒരു മാറ്റത്തിനുള്ള സമയമായി' എന്ന് പ്രണബ് മുഖർജി അപ്രതീക്ഷിതമായി നിർദേശിക്കുകയായിരുന്നു. പ്രധാനമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ ദീർഘകാലത്തെ ആഗ്രഹമാണ് ആ വാക്കുകളിൽ പ്രകടമായതെന്ന് സോണിയ ഓർത്തെടുക്കുന്നു.
യുപിഎ ഭരണകാലത്ത് താൻ 'പിൻസീറ്റ് ഡ്രൈവർ' ആയിരുന്നു എന്ന ആരോപണങ്ങളെ സോണിയ നിഷേധിക്കുന്നു. ഡോ. മൻമോഹൻ സിങ് തന്നെയായിരുന്നു പ്രധാനമന്ത്രി. കോൺഗ്രസ് അധ്യക്ഷ എന്ന നിലയിൽ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാനും അഭിപ്രായവ്യത്യാസങ്ങൾ പങ്കുവെക്കാനുമുള്ള സ്വാതന്ത്ര്യം തനിക്കുണ്ടായിരുന്നു എങ്കിലും, അന്തിമമായി അദ്ദേഹത്തിന്റെ തീരുമാനങ്ങളെ അംഗീകരിക്കുക എന്നത് തന്റെ കടമയായിരുന്നുവെന്നും സോണിയ വ്യക്തമാക്കുന്നു.
എതിരാളികൾക്ക് സന്തോഷിക്കാനും സർക്കാരിനെ ദുർബലപ്പെടുത്താനും അവസരമുണ്ടാക്കുന്ന തെറ്റിദ്ധാരണക്ക് താൻ ഒരുതരത്തിലും കാരണമാകരുതെന്ന് ദൃഢനിശ്ചയം ചെയ്തിരുന്നതായും പുസ്തകത്തിൽ പറയുന്നു. പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനായി ഒരു കോർ ഗ്രൂപ്പ് എല്ലാ ആഴ്ചയും പ്രധാനമന്ത്രിയെ കാണാറുണ്ടെന്ന് സോണിയ വെളിപ്പെടുത്തുന്നു. മുഖർജി, അർജുൻ സിങ്, എ.കെ ആന്‍റണി, അഹമ്മദ് പട്ടേൽ എന്നിവരായിരുന്നു ഗ്രൂപ്പിലെ അംഗങ്ങൾ.
അന്നത്തെ ധനകാര്യമന്ത്രി പി.ചിദംബരവുമായി മുഖര്‍ജിക്ക് ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്ന് ഗാന്ധി പറയുന്നു."2010-ൽ ഒരിക്കൽ, തന്‍റെ നിരാശയും അമർഷവും പ്രകടിപ്പിച്ച ശേഷം, ഭരണത്തലപ്പത്ത് മാറ്റത്തിനുള്ള സമയമായി എന്ന് അദ്ദേഹം എന്നോട് നിർദേശിക്കുകയുണ്ടായി. ഇത് എന്നെ തികച്ചും അമ്പരപ്പിച്ചു. പ്രധാനമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ ദീർഘകാലത്തെ ആഗ്രഹത്തിന്‍റെ സൂചനയായാണ് ഞാൻ അതിനെ മനസിലാക്കിയത്," സോണിയ എഴുതുന്നു.
"ഞാൻ വളരെ ശാന്തമായി ആ സംഭാഷണത്തിന്റെ വിഷയം മാറ്റി. ആ തീരുമാനത്തിൽ അദ്ദേഹത്തിന് നിരാശയുണ്ടായിരുന്നിരിക്കാമെങ്കിലും തന്നോട് യാതൊരുവിധ വിരോധവും ഉള്ളതായി അദ്ദേഹം പിന്നീട് എപ്പോഴെങ്കിലും പ്രകടിപ്പിച്ചിട്ടില്ല," സോണിയ കൂട്ടിച്ചേർക്കുന്നു. 2012ൽ കോൺഗ്രസ് യുപിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി മുഖർജിയെ നാമനിർദേശം ചെയ്തതു. അദ്ദേഹം രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. താൻ പലപ്പോഴും പ്രണബിനെ സന്ദര്‍ശിച്ചിരുന്നതായും അതെപ്പോഴും പണ്ഡിതനും അറിവുള്ള ഒരു രാഷ്ട്രീയക്കാരനുമായ അദ്ദേഹത്തോട് സംസാരിക്കാൻ വേണ്ടി മാത്രമായിരുന്നുവെന്നും സോണിയ ഓര്‍ക്കുന്നു.
2004 മുതൽ 2014 വരെ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന യുപിഎ ഭരണകാലത്ത് യഥാർഥ അധികാരം താനാണ് കൈയാളിയിരുന്നത് എന്ന ആരോപണങ്ങളിലും സോണിയ മറുപടി നൽകുന്നു. മാധ്യമങ്ങളിൽ അക്കാലത്ത് വന്ന വ്യാജ വാർത്തകളിൽ പലതും പ്രധാനമന്ത്രിയുടെ ഓഫീസിന് ചുറ്റുമുള്ള ആളുകൾ തന്നെയുണ്ടാക്കി നൽകിയതാണെന്ന് അവർ വ്യക്തമാക്കുന്നു.
"ഒരു പതിറ്റാണ്ടിനു ശേഷം, അദ്ദേഹത്തിന്റെ മുൻ ഉപദേശകരിൽ ഒരാൾ എഴുതിയ പുസ്തകത്തിലും എന്റെ എതിരാളികൾ നിരന്തരം പ്രചരിപ്പിച്ചിരുന്ന അതേ ദുരുദ്ദേശ്യപരവും തികച്ചും തെറ്റായതുമായ ആരോപണങ്ങൾ ആവർത്തിക്കുകയുണ്ടായി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് താൻ ഫയലുകൾ വിളിപ്പിച്ചു വരുത്തിയിരുന്നുവെന്നും ഭരണപരമായ കാര്യങ്ങളിൽ ഇടപെടുകയും പ്രധാന തസ്തികകളിലെ നിയമനങ്ങൾ നടത്തുകയും ചെയ്തിരുന്നുവെന്നുമാണ് അവർ ആരോപിച്ചത്".
സർക്കാരിന് പുറത്തായിരുന്നിട്ടും താൻ ഔദ്യോഗിക ഫയലുകൾ പരിശോധിച്ചിരുന്നു എന്ന ആരോപണമാണ് തന്നെ ഏറ്റവും അധികം വേദനിപ്പിച്ചതെന്ന് സോണിയ പറയുന്നു. വ്യവസ്ഥകളും നിയമങ്ങളും പാലിക്കുന്നതിൽ താൻ എപ്പോഴും കണിശത പുലർത്തിയിരുന്നു, പ്രത്യേകിച്ചും ആ കാലഘട്ടത്തിൽ എന്ന് വ്യക്തമാക്കുന്ന അവർ, തനിക്ക് ഔദ്യോഗിക ഫയലുകളൊന്നും കാണിച്ചുകൊടുത്തിട്ടില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് അന്ന് ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്ന കാര്യവും ഓർമിപ്പിക്കുന്നു.
അതേസമയം സോണിയക്ക് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി രംഗത്തെത്തി. പ്രധാനമന്ത്രിപദം നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾക്ക് ആഗ്രഹിച്ചൂടെയെന്ന് ശർമിഷ്ഠ ചോദിച്ചു. തന്‍റെ പിതാവിന് പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പരിചയമുണ്ട്. ഏതു രാഷ്ട്രീയക്കാരനും അത്തരം ആഗ്രഹമുണ്ടാകാമെന്നും ശർമിഷ്ഠ മുഖർജി പറഞ്ഞു.
Adjust Story Font
16
