236 സീറ്റിലും കെട്ടിവെച്ച കാശുപോലും കിട്ടാതെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പാർട്ടി
238 സീറ്റിലാണ് പ്രശാന്ത് കിഷോറിന്റെ പാർട്ടി മത്സരിച്ചത്

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ തന്ത്രവും പാളി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി. എൻഡിഎക്കും മഹാസഖ്യത്തിനും ബദലായി പ്രശാന്ത് കിഷോർ അവതരിപ്പിച്ച ജൻ സുരാജ് പാർട്ടി തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ പ്രതീതിയായി.
ബിഹാറിന്റെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതുമെന്ന അവകാശവാദവുമായി രംഗത്തുവന്ന പ്രശാന്ത് കിഷോറിനെ വോട്ടർമാർ പൂർണമായും തിരസ്‌കരിച്ചുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ആകെയുള്ള 243 സീറ്റിൽ 238ലും മത്സരിച്ച ജൻസുരാജ് പാർട്ടിയുടെ സാന്നിധ്യം തലവേദനയാകുമെന്നാണ് എൻഡിഎയും മഹാസഖ്യവും വിലയിരുത്തിയിരുന്നത്.
ഭരണവിരുദ്ധ വികാരം ജൻ സുരാജ് പാർട്ടി മുതലെടുക്കുമോ എന്നായിരുന്നു മഹാസഖ്യത്തിന്റെ ഭയം. തങ്ങളുടെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാകുമോ എന്ന ഭയം നിതീഷ് കുമാറിനും സംഘത്തിനുമുണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒരു സീറ്റ് പോലും നേടാനാവാതെ ജൻ സുരാജ് പാർട്ടി വൻ ദുരന്തമായി മാറി. മത്സരിച്ച 99.16 ശതമാനം സീറ്റിലും പാർട്ടിക്ക് കെട്ടിവെച്ച കാശുപോലും കിട്ടിയില്ല. 236 സീറ്റിലും കെട്ടിവെച്ച കാശ് പോയി.
മധ്യവർഗത്തിന്റെയും യുവാക്കളുടെയും വോട്ട് ലക്ഷ്യമിട്ട് തൊഴിലില്ലായ്മയും വികസനവും ചർച്ചയാക്കി ബിഹാർ മുഴുവൻ പദയാത്ര നടത്തിയ ജൻ സുരാജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോറിന്റെ കണക്കുകൂട്ടലുകളെല്ലാം പിഴയ്ക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. 150ന് മുകളിൽ സീറ്റ് ലഭിക്കുമെന്നായിരുന്നു അവകാശവാദം. തിരിച്ചടിയുണ്ടായാൽ 10 സീറ്റിൽ ഒതുങ്ങുമെന്നും വ്യക്തമാക്കിയിരുന്നു. അഭിഭാഷകർ, വിരമിച്ച ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, എഞ്ചിനീയർമാർ തുടങ്ങിയ പ്രഗത്ഭരെയെല്ലാം രംഗത്തിറക്കിയെങ്കിലും വോട്ടർമാർ വിശ്വാസത്തിലെടുത്തില്ല എന്നാണ് കണക്കുകൾ പറയുന്നത്. ഒരു മണ്ഡലത്തിൽ പോലും രണ്ടോ മൂന്നോ സ്ഥാനങ്ങൾ നേടാൻ കഴിയാതെ പ്രശാന്ത് കിഷോറിന്റെ പാർട്ടി തകർന്നടിയുകയായിരുന്നു.
Adjust Story Font
16

