അഞ്ച്മാസം ഗര്‍ഭിണിയായ ബംഗ്ലാദേശി തടവുകാരി മുംബൈയിലെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു; വ്യാപക തിരച്ചില്‍
ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിളിനെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ്

മുംബൈ: മുബൈയിലെ ജെജെ ആശുപത്രിയിൽ നിന്ന് ഗർഭിണിയായ ബംഗ്ലാദേശി തടവുകാരി രക്ഷപ്പെട്ടു.യുവതിക്കായി മുംബൈ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് തടവുകാരി പൊലീസിന്‍റെ കൈയില്‍ നിന്ന് രക്ഷപ്പെട്ടത്.
വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ പാസ്‌പോർട്ട് അനധികൃതമായി നേടിയെന്ന കേസില്‍ 25 കാരിയായ റുബീന ഇർഷാദ് ഷെയ്ക്കിനെ ആഗസ്റ്റ് ഏഴിനാണ് വാഷി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പാസ്‌പോർട്ട് നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. യുവതിയെ ബൈക്കുള വനിതാ ജയിലിലേക്കായിരുന്നു അയച്ചിരുന്നത്.
എന്നാല്‍ പനി, ജലദോഷം, ചർമ്മ അണുബാധ എന്നിവ ബാധിച്ച യുവതിയെ ഈ മാസം 11 ന് റുബീനയെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അഞ്ച് മാസം ഗര്‍ഭിണിയായ യുവതി വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിളിനെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയില്‍ തിരക്കുണ്ടായ സമയത്തായിരുന്നു യുവതി രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. തടവുകാരിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. റുബീനയെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു.
Adjust Story Font
16

