Quantcast

''എസ്‍പി സർക്കാർ ദരിദ്രരുടെ പണം ഖബറിസ്ഥാനുകൾക്കായി പാഴാക്കി''; ആക്ഷേപവുമായി യോഗി ആദിത്യനാഥ്

അയോഗ്യരായ ഉറുദു പരിഭാഷകന്മാർക്ക് ജോലി നൽകിയ സമാജ്‌വാദി പാർട്ടി സർക്കാർ സംസ്‌കൃത അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    26 Dec 2021 11:47 AM GMT

എസ്‍പി സർക്കാർ ദരിദ്രരുടെ പണം ഖബറിസ്ഥാനുകൾക്കായി പാഴാക്കി; ആക്ഷേപവുമായി യോഗി ആദിത്യനാഥ്
X

സമാജ്‌വാദി പാർട്ടിയെ ലക്ഷ്യമിട്ട് വർഗീയ ആരോപണങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാവങ്ങൾക്കുള്ള പണം എസ്പി സർക്കാർ ഖബറിസ്ഥാൻ നിർമിക്കാനാണ് ചെലവിട്ടതെന്ന് യോഗി വിമർശിച്ചു. അയോഗ്യരായ ഉറുദു പരിഭാഷകന്മാർക്ക് ജോലി നൽകിയ ഇവർ സംസ്‌കൃത അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

''കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ദരിദ്രജനങ്ങൾക്കായി നിശ്ചയിച്ചിരുന്ന പണമെല്ലാം ഖബറിസ്ഥാൻ പോലുള്ള വിഷയങ്ങൾക്കാണ് ചെലവാക്കിയത്. ഉറുദു ഭാഷ അറിയുക പോലും ചെയ്യാത്തവരെ ഉറുദു പരിഭാഷകരായി നിയമിച്ചു. എന്നാൽ, സംസ്‌കൃത സ്‌കൂളുകളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒന്നും ചെയ്തിട്ടില്ല. ബിജെപി സർക്കാരാണ് സംസ്‌കൃത സ്‌കൂളുകളുടെ കാര്യം ശ്രദ്ധിച്ചത്...'' യോഗി ആദിത്യനാഥ് പറഞ്ഞു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വായ്‌പെയിയുടെ ജന്മനാടായ ബടേശ്വറിൽ നടത്തിയ പര്യടനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

എസ്പി നേതാക്കളുടെ വസതികളിൽ നടന്ന റെയ്ഡിനെക്കുറിച്ചും യോഗി പ്രതികരിച്ചു. കഴിഞ്ഞ അഞ്ചു വർഷമായി അവർ അധികാരത്തിലില്ല. എന്നിട്ടും ഇവരുടെ വീടുകളിൽനിന്ന് 200 കോടി രൂപയാണ് പിടിച്ചെടുത്തത്. ഈ പണമെല്ലാം എവിടെനിന്നു വന്നതാണ്? സംസ്ഥാനത്ത് അധികാരത്തിലിരിക്കെ കൊള്ളയടിച്ചു സൂക്ഷിച്ച പണമാണിതെന്നാണ് വ്യക്തമാകുന്നതെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.

Summary: ''Samajwadi Party government wasted money meant for the poor on 'kabristans', hired incompetent Urdu translator but did nothing for students and teachers of Sanskrit schools'', alleges Uttar Pradesh Chief Minister Yogi Adityanath

TAGS :

Next Story