'നിത്യോപയോഗ സാധനങ്ങളുടെ വില കുറയും'; പുതിയ ജിഎസ്ടി പരിഷ്കാരം ദീപാവലിക്കെന്ന് പ്രധാനമന്ത്രി
'ഇന്ത്യയ്ക്ക് സ്വന്തമായി സമൂഹമാധ്യമ പ്ലാറ്റ്ഫോം വേണം'

ന്യൂഡൽഹി: പുതിയ ജിഎസ്ടി പരിഷ്കാരം ദീപാവലിക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി കുറയും. മധ്യവർഗത്തിന്റെ ജീവിതം കൂടുതൽ സുഖകരമാക്കും. സ്വകാര്യമേഖലയിൽ ആദ്യ ജോലി ലഭിക്കുന്നവർക്ക് 15,000 രൂപ. യുവാക്കൾക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതിക്ക് ഇന്ന് തുടക്കമാകും. പിഎം വികസിത ഭാരത തൊഴിൽ പദ്ധതി വഴി മൂന്നര കോടി യുവാക്കൾക്ക് പ്രയോജനമുണ്ടാകും. മത്സ്യത്തൊഴിലാളികളെയും കർഷകരെയും ഇന്ത്യ കൈവിടില്ല. പിന്നോക്ക വിഭാഗങ്ങളെ സർക്കാർ കൈവിടില്ലെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും മോദി പറഞ്ഞു.
വിദേശ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ എന്തിന് നമ്മൾ ആശ്രയിക്കണമെന്ന് മോദി ചോദിച്ചു. ഇന്ത്യയ്ക്ക് സ്വന്തമായി സമൂഹമാധ്യമ പ്ലാറ്റ്ഫോം വേണം. രാജ്യത്ത് ലക്ഷക്കണക്കിന് സ്റ്റാർട്ടപ്പുകൾ. കോടിക്കണക്കിന് യുവതി യുവാക്കൾ ഈ രംഗത്തുണ്ട്. ആഗോള മാർക്കറ്റുകൾ ഇന്ത്യ ഭരിക്കണം. നമുക്ക് സ്വന്തം നിലയ്ക്ക് മുന്നോട്ടു പോകുവാൻ കരുത്തുണ്ടെന്ന് മോദി കൂട്ടിച്ചേർത്തു.
രാജ്യം സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. വികസിത ഭാരത്തിൻ്റെ ആധാരം സ്വയംപര്യാപ്ത ഭാരതമാണ്. ഓപ്പറേഷൻ സിന്ദൂറിൽ പ്രതിഫലിച്ചതും ഇന്ത്യയുടെ സ്വയംപര്യാപ്തതയാണ്. പ്രതിരോധ ശക്തിയുടെ ആധാരം സ്വയം പര്യാപ്തതയാണ്. നമ്മുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചു. ഇന്ത്യയുടെ ആണവോർജ ശേഷി പത്തിരട്ടി വർധിച്ചിരിക്കുന്നു. ഈ മേഖലയിൽ നിരവധി പരിഷ്ക്കാരങ്ങൾ കൊണ്ടു വന്നു. എല്ലാ മേഖലകളിലും രാജ്യം സ്വയം പര്യാപ്തത നേടുകയാണ്. ശൂന്യാകാശ മേഖലയിലും രാജ്യം സ്വയംപര്യാപ്തരായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Adjust Story Font
16

