Quantcast

'പൃഥ്വിരാജ് ചൗഹാൻ ഹിന്ദുക്കളെ കൊന്നു, സ്ത്രീകളെ തട്ടിക്കൊണ്ടുപോയി'; വിവാദ പരാമർശങ്ങളുമായി വീണ്ടും യതി നരസിംഹാനന്ദ്

''പൃഥ്വിരാജ് ചൗഹാൻ ഹിന്ദുക്കളോട് പെരുമാറിയതു പോലെത്തന്നെയാണ് മോദിജിയും ചെയ്യുന്നത്.''

MediaOne Logo

Web Desk

  • Updated:

    2022-11-08 02:54:01.0

Published:

8 Nov 2022 2:52 AM GMT

പൃഥ്വിരാജ് ചൗഹാൻ ഹിന്ദുക്കളെ കൊന്നു, സ്ത്രീകളെ തട്ടിക്കൊണ്ടുപോയി; വിവാദ പരാമർശങ്ങളുമായി വീണ്ടും യതി നരസിംഹാനന്ദ്
X

ന്യൂഡൽഹി: 12-ാം നൂറ്റാണ്ടിലെ രജപുത്ര രാജാവ് പൃഥ്വിരാജ് ചൗഹാനെതിരെ കടുത്ത പരാമർശങ്ങളുമായി വിവാദ ഹിന്ദു പുരോഹിതൻ യതി നരസിംഹാനന്ദ്. പൃഥിരാജ് ചൗഹാൻ നിരവധി ഹിന്ദുക്കളെ വധിച്ചയാളാണെന്ന് നരസിംഹാനന്ദ് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താരതമ്യം ചെയ്തായിരുന്നു യതിയുടെ പരാമർശങ്ങൾ.

''പൃഥ്വിരാജ് ചൗഹാൻ ഹിന്ദുക്കളോട് പെരുമാറിയതു പോലെത്തന്നെയാണ് മോദിജിയും ചെയ്യുന്നത്. പൃഥ്വിരാജ് നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തുകയും സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. സ്വന്തം സഹോദരന്റെ മകളെപ്പോലും അദ്ദേഹം വെറുതെവിട്ടില്ല.'' നരസിംഹാനന്ദ് ആരോപിക്കുന്നു. ലൈവ് വിഡിയോ സ്ട്രീമിങ് ആപ്പായ സ്ട്രീംയാർഡിൽ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമർശങ്ങൾ. പ്രസംഗത്തിന്റെ വിഡിയോ ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

നിരവധി ധീരരായ ഹിന്ദു രാജാക്കന്മാരുടെ കൊലയ്ക്കും പൃഥ്വിരാജ് ചൗഹാൻ ഉത്തരവാദിയാണെന്നും നരസിഹാംനന്ദ് ആരോപിച്ചു. ''ഒരിക്കലും മുസ്‌ലിം ഭരണാധികാരികളെ തൊട്ടിട്ടില്ല. അവസാനം എന്തുണ്ടായി? ഒരു മുസ്‌ലിം രാജാവിനാൽ തന്നെ അദ്ദേഹം കൊല്ലപ്പെട്ടു. ഹിന്ദുവല്ല അദ്ദേഹത്തെ വധിച്ചത്.''-പ്രസംഗത്തിൽ തുടരുന്നു.

''നമ്മളെല്ലാവരും മോദിയെ പ്രകീർത്തിക്കുന്നു. എന്നാൽ, മോദി തുടർന്നാൽ അദ്ദേഹത്തിന് സമാധാനമായി കരയാൻ പോലും സ്ഥലമുണ്ടാകില്ല. ഗാന്ധിയെ ആദരിക്കുകയും നാഥുറാം ഗോഡ്‌സെയെയും വീർ സവർക്കറെയും അപമാനിക്കുകയും ചെയ്യുന്ന രാജ്യമാണിത്. രാജ്യത്തിന്റെ മനോഭാവം മാറാത്ത കാലത്തോളം ഇത് തുടരും.''-പ്രസംഗത്തിൽ യതി നരസിംഹാനന്ദ് ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശിലെ ദാശ്ന ദേവി ക്ഷേത്രത്തിലെ മുഖ്യ പൂജാരി കൂടിയാണ് യതി നരസിംഹാനന്ദ്. 2021 ഡിസംബർ 17 മുതൽ 19 വരെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന ധർമസൻസദ് ഹിന്ദു സമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിലൂടെയാണ് യതി നരസിംഹാനന്ദ് വാർത്തകളിൽ ഇടംപിടിക്കുന്നത്. സമ്മേളനത്തിൽ മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനമുയരുകയും കലാപാഹ്വാനം നടത്തുകയും ചെയ്തിരുന്നു. ഏറെ വിമർശനം ഉയർന്നതിനുശേഷം സുപ്രിംകോടതി ഇടപെട്ടതോടെ പരിപാടിയുടെ മുഖ്യസംഘാടകൻ കൂടിയായ യതി നരസിംഹാനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, അധികം വൈകാതെ ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തു. പുറത്തിറങ്ങിയ ശേഷവും മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം തുടരുകയും മഹാത്മാ ഗാന്ധി അടക്കമുള്ള രാഷ്ട്രനേതാക്കളെ നിരന്തരം അപമാനിക്കുകയും ചെയ്തിരുന്നു.

Summary: ''The way Prithviraj Chauhan treated Hindus, Modiji is doing the same. Prithviraj Chauhan killed Hindus, kidnapped women'', alleges the head priest of Dasna Devi temple in Uttar Pradesh Yati Narsinghanand

TAGS :

Next Story