Quantcast

'നിയമം അനുവദിച്ചതിനാലാണ് ബംഗ്ലാദേശ് കളിക്കാര്‍ ഐ‌പി‌എല്ലിലെത്തുന്നത്': ഷാറൂഖിനെതിരായ വിമര്‍ശനത്തില്‍ പ്രിയങ്ക് ഖാര്‍ഗെ

ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ കെകെആർ ടീമിലെടുത്തതിന് പിന്നാലെ ഷാരൂഖ് ഖാനെ വിമർശിച്ച് ഉത്തർപ്രദേശ് ബിജെപി നേതാവ് രംഗത്ത് എത്തിയിരുന്നു

MediaOne Logo

റിഷാദ് അലി

  • Updated:

    2026-01-02 08:18:54.0

Published:

2 Jan 2026 12:14 PM IST

നിയമം അനുവദിച്ചതിനാലാണ് ബംഗ്ലാദേശ് കളിക്കാര്‍ ഐ‌പി‌എല്ലിലെത്തുന്നത്: ഷാറൂഖിനെതിരായ വിമര്‍ശനത്തില്‍ പ്രിയങ്ക് ഖാര്‍ഗെ
X

ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗില്‍ (ഐപിഎൽ) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി(കെകെആര്‍) ബംഗ്ലാദേശി കളിക്കാരനെ തെരഞ്ഞെടുത്തതില്‍ ഷാരൂഖ് ഖാനെ ലക്ഷ്യമിട്ട ബിജെപിയെ കടന്നാക്രമിച്ച് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ.

നിയമം അനുവദിച്ചതിനലാണ് അവര്‍ ലേലത്തിനെത്തിയതെന്നും അതിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡാണ്(ബിസിസിഐ) മറുപടി പറയേണ്ടതെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു. കെകെആര്‍ ഉടമയായ ഷാറൂഖിനെ കുറ്റപ്പെടുത്തുന്നതിനുപകരം, ഐപിഎല്ലിൽ ബംഗ്ലാദേശ് കളിക്കാരെ എന്തിന് പങ്കെടുപ്പിക്കണം എന്ന് ബിജെപി നേതാക്കൾ ബിസിസിഐയോടാണ് ചോദിക്കേണ്ടതെന്ന് എക്സിലെഴുതിയ കുറിപ്പില്‍ പ്രിയങ്ക് ഖാര്‍ഗെ ചോദിക്കുന്നു.

പഹൽഗാം ആക്രമണത്തിന് തൊട്ടുപിന്നാലെ ഇന്ത്യ, പാകിസ്ഥാനുമായി കളിച്ചു. കോവിഡ് കാലത്ത് ഐപിഎൽ മത്സരങ്ങൾ ഇസ്ലാമിക രാജ്യങ്ങളിലേക്ക് മാറ്റി, ഇസ്ലാമിക രാജ്യങ്ങളിലാണ് ഐപിഎൽ ലേലം നടന്നത്. അപ്പോഴൊന്നും ഇതേ ബിജെപി നേതാക്കൾക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഐപിഎൽ ടീമിലെടുത്തതിന് പിന്നാലെ നടൻ ഷാരൂഖ് ഖാനെ ‘രാജ്യദ്രോഹി’ എന്ന് വിളിച്ച് ഉത്തര്‍പ്രദേശ് ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ സംഗീത് സോം രംഗത്ത് എത്തിയിരുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെ അതിക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ അവിടുത്തെ കളിക്കാരെ ഐപിഎല്ലിൽ ഉൾപ്പെടുത്തിയത് ശരിയല്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം.

‘ഒരു വശത്ത് ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമ്പോൾ മറുവശത്ത് അവിടുത്തെ കളിക്കാരെ ഐപിഎല്ലിൽ വാങ്ങുകയാണ്. രാജ്യദ്രോഹിയായ ഷാരൂഖ് ഖാൻ ഒൻപത് കോടി രൂപ നൽകിയാണ് മുസ്തഫിസുർ റഹ്മാനെ വാങ്ങിയത്. ഇങ്ങനെയുള്ളവർക്ക് ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ല,’ എന്നാണ് സംഗീത് സോം പറഞ്ഞത്. മുസ്തഫിസുർ റഹ്മാനെ പോലുള്ള താരങ്ങൾ ഇന്ത്യയിലെത്തിയാൽ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹിന്ദു ആത്മീയ നേതാവ് ജഗത്ഗുരു റാംഭദ്രാചാര്യയും ഷാറൂഖിനെതിരെ രംഗത്ത് എത്തിയിരുന്നു.

TAGS :

Next Story