''കർഷകർ അനീതി അനുഭവിക്കുമ്പോൾ, താങ്കൾ ആസാദി മഹോത്സവ് ആഘോഷിക്കുകയാണോ?'' മോദിക്ക് പ്രിയങ്കയുടെ വീഡിയോ സന്ദേശം

ലഖ്‌നൗവിൽ ഇന്ന് നടക്കുന്ന ആസാദി@75 ന്യൂ അർബൻ ഇന്ത്യ പരിപാടിയിൽ പങ്കെടുക്കുന്ന മോദി, കേന്ദ്രമന്ത്രിയുടെ മകൻ കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയതിൽ നടപടി സ്വീകരിക്കാത്തതിനെ വിമർശിച്ചായിരുന്നു പ്രസ്താവന

MediaOne Logo

Web Desk

  • Updated:

    2021-10-05 08:06:10.0

Published:

5 Oct 2021 5:43 AM GMT

കർഷകർ അനീതി അനുഭവിക്കുമ്പോൾ, താങ്കൾ ആസാദി മഹോത്സവ് ആഘോഷിക്കുകയാണോ? മോദിക്ക് പ്രിയങ്കയുടെ വീഡിയോ സന്ദേശം
X

''മോദിജീ നമസ്‌കാരം, കർഷകർ അനീതി അനുഭവിക്കുമ്പോൾ, താങ്കൾ ലഖ്‌നൗവിൽ ആസാദി മഹോത്സവ് ആഘോഷിക്കുകയാണോ?, വരൂ... ലഖിംപൂരിലേക്ക്, താങ്കളുടെ മന്ത്രിയും മകനും ചെയ്തുകൂട്ടിയത് കണ്ടാലും'' ട്വിറ്ററിൽ മോദിയെ അഭിസംബോധന ചെയ്തുള്ള വീഡിയോ സന്ദേശത്തിൽ പ്രിയങ്ക പറഞ്ഞു. ലഖ്‌നൗവിൽ ഇന്ന് നടക്കുന്ന ആസാദി@75 ന്യൂ അർബൻ ഇന്ത്യ എന്ന പരിപാടിയിൽ പങ്കെടുക്കുന്ന മോദി, കേന്ദ്രമന്ത്രിയുടെ മകൻ കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയതിൽ നടപടി സ്വീകരിക്കാത്തതിനെ വിമർശിച്ചായിരുന്നു അവരുടെ പ്രസ്താവന.

''താങ്കളുടെ മന്ത്രിയും മകനും ചേർന്ന് കർഷകരുടെ മേൽ കാറിടിച്ച് കയറ്റി കൊന്ന വിവരം അറിഞ്ഞിട്ടുണ്ടോ? എന്ത് കൊണ്ടാണ് മന്ത്രി രാജിവെക്കാത്തത്?. മകനെ പിടികൂടാതിരിക്കാൻ കാരണമെന്താണ്?. ഞങ്ങളോട് പറയൂ.'' കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടേതടക്കമുള്ള വാഹനങ്ങൾ കർഷകരെ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ കാണിച്ചുകൊണ്ട് പ്രിയങ്കാ ഗാന്ധി ചോദിച്ചു.

താനടക്കമുള്ള പ്രതിപക്ഷ നേതാക്കൾ അന്യായ തടങ്കലിൽ കഴിയുമ്പോൾ, കുറ്റവാളിയായ മന്ത്രിപുത്രനടക്കമുള്ളവർ സ്വതന്ത്രരായി നടക്കുന്നത് എന്ത് കൊണ്ടാണെന്നും അവർ ചോദിച്ചു.

''യഥാർഥത്തിൽ നമുക്ക് സ്വാതന്ത്ര്യം തന്നത് കർഷകരല്ലേ?. അവരുടെ മക്കളിൽ പലരും നമ്മുടെ അതിർത്തി കാക്കുന്നില്ലേ? ലഖിംപൂരിൽ വന്ന് കർഷകരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കൂ. താങ്കളെടുത്ത പ്രതിജ്ഞ നിർവഹിക്കുന്നതിന്റെ ഭാഗമാണത്. കർത്തവ്യത്തിന്റെ ഭാഗമാണ്. ജയ് ഹിന്ദ്, ജയ് കിസാൻ'' -പ്രിയങ്ക വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

എഫ്.ഐ.ആർ തയാറാക്കാതെയും 24 മണിക്കൂർ കഴിഞ്ഞിട്ടും മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കാതെയും തുടരുന്ന അന്യായ അറസ്റ്റിനെതിരെ സീതാപൂർ പോലീസ് കേന്ദ്രത്തിൽ നിരാഹര സമരം തുടങ്ങിയിരിക്കുകയാണ് പ്രിയങ്ക.

കർഷക പ്രതിഷേധത്തിലേക്ക് കാറിടിച്ച് കയറ്റിയതിനെ തുടർന്ന് ഒമ്പത് പേർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരിയിലേക്ക് പോകവേയാണ് ഉത്തർപ്രദേശ് പൊലീസ് പ്രിയങ്ക ഗാന്ധിയെ കരുതൽ തടങ്കലിലാക്കിയത്.

തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഒരാളെ പിടികൂടിയാൽ 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കണമെന്നത് പാലിക്കപ്പെട്ടിട്ടില്ലെന്നും ഇനി നിയമത്തിന്റെ വഴി നോക്കുമെന്നും പ്രിയങ്ക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

റെസ്റ്റ് ഹൗസിൽ കഴിയുന്ന തനിക്ക് മറ്റാരുമായും നേരിട്ട് സംസാരിക്കാൻ കഴിയുന്നില്ലെന്നും ലഖിംപൂരിൽ പോയി കർഷക കുടുംബങ്ങളെ കാണാതെ മടങ്ങില്ലെന്നും പ്രിയങ്ക പറഞ്ഞു.

പ്രിയങ്കയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ കോൺഗ്രസ് പ്രവർത്തകർ സീതാ പൂരിലേയ്ക്ക് എത്തുന്നുണ്ട്. പ്രവർത്തകർ സീതാപൂർ പൊലീസ് കേന്ദ്രം ഉപരോധിക്കുകയാണ്.

TAGS :

Next Story