Quantcast

22 ലക്ഷം രൂപയും ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തുക്കളും; സെന്തില്‍ ബാലാജിയുടെ ഡ്രൈവറുടെ വീട്ടില്‍ ഇ.ഡി റെയ്ഡ്

ജുഡീഷ്യൽ കസ്റ്റഡിയിൽ ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിൽ കഴിയുന്ന ബാലാജിയുമായി ബന്ധപ്പെട്ട ഒമ്പത് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്

MediaOne Logo

Web Desk

  • Published:

    5 Aug 2023 2:37 PM GMT

cash raid
X

പ്രതീകാത്മക ചിത്രം

ചെന്നൈ: കള്ളപ്പണ വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഡ്രൈവറുടെ വീട്ടില്‍ നിന്ന് 16 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കളും 22 ലക്ഷം രൂപയും കണ്ടെടുത്തതായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ശനിയാഴ്ച അറിയിച്ചു.

ജുഡീഷ്യൽ കസ്റ്റഡിയിൽ ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിൽ കഴിയുന്ന ബാലാജിയുമായി ബന്ധപ്പെട്ട ഒമ്പത് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. കോയമ്പത്തൂർ, കരൂർ ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ബാലാജിയുടെ അടുത്ത കൂട്ടാളിയായ എസ്.ടി സാമിനാഥൻ കുറ്റകൃത്യത്തിന്‍റെ വരുമാനം കൈവശം വച്ചിട്ടുണ്ടെന്നും അവ മറച്ചുവെക്കാനും കൈമാറാനും ശ്രമിക്കുകയായിരുന്നുവെന്ന് ഇന്‍റിലിജൻസ് വിവരം ലഭിച്ചതിനെ തുടർന്നാണ് പുതിയ റെയ്ഡുകൾ നടത്തിയതെന്ന് ഇ.ഡി വ്യക്തമാക്കി. സാമിനാഥന്‍റെ വസതിയില്‍ നടത്തിയ റെയ്ഡിൽ ഭാര്യാസഹോദരി ശാന്തി ഇയാളുടെ ബിനാമിയായി പ്രവർത്തിക്കുകയാണെന്നും രേഖകളും വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ ബാഗുകൾ കൈമാറ്റം ചെയ്യുന്നതായും കണ്ടെത്തി. ശാന്തിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇ.ഡി തെരച്ചില്‍ നടത്തിയെങ്കിലും അവര്‍ സ്ഥലത്തുണ്ടായിരുന്നില്ല.

ബാഗുകൾ ശിവ എന്ന ഡ്രൈവർക്ക് കൈമാറിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി ഏജൻസി അറിയിച്ചു.ഇതുപ്രകാരമാണ് ശിവയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്. എന്നാല്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ലെന്നും ശാന്തിയുടെ വീട്ടിൽ തിരച്ചിൽ നടക്കുന്നതറിഞ്ഞ് മൊബൈൽ ഫോൺ ഓഫാക്കിയെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ശിവയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 22 ലക്ഷം രൂപയും കണക്കിൽ പെടാത്ത 16.6 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളും ഭൂമിയുടെ രേഖകൾ ഉൾപ്പെടെയുള്ള മറ്റു രേഖകളും കണ്ടെത്തിയതായി ഇ.ഡി പറഞ്ഞു. ശാന്തി ഒരു വീട്ടമ്മയാണെന്നും അവര്‍ക്ക് മറ്റു വരുമാനമാര്‍ഗങ്ങളില്ലെന്നും ഏജന്‍സി വ്യക്തമാക്കി. ശാന്തി അന്വേഷണത്തോട് സഹകരിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

കുറ്റകരമായ വിശദാംശങ്ങൾ പുറത്തുവരുമെന്ന ഭയത്താലാണ് ശാന്തി തനിക്ക് ബാഗുകൾ നൽകിയതെന്ന് ഡ്രൈവർ ശിവ മൊഴിയിൽ സമ്മതിച്ചതായി ഏജൻസി പറഞ്ഞു. കണ്ടെടുത്ത പണവും വസ്തുക്കളും സാമിനാഥന്‍റെതാണെന്നും ഇ.ഡി പറഞ്ഞു.

TAGS :

Next Story