Quantcast

തമിഴ്‌നാട് മന്ത്രിമാർക്കെതിരെ പിടിമുറുക്കി ഇഡി; കെ പൊൻമുടിയുടെ വീട്ടിലും റെയ്ഡ്

കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കലാണ് ഇഡി നടപടിയെന്ന് ഡിഎംകെ പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    17 July 2023 5:18 AM GMT

minister ponmudi
X

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡിഎംകെ നേതാവും തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ കെ പൊൻമുടിയുടെയും അദ്ദേഹത്തിന്റെ മകനും എംപിയുമായ ഗൗതം സിഗാമണിയുടെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ചെന്നൈയിലും വില്ലുപുരത്തുമുള്ള ഇരുവരുടെയും വീടുകളിലാണ് റെയ്ഡ്.

നടപടി കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് ഡിഎംകെ പ്രതികരിച്ചു. വില്ലുപുരം ജില്ലയിലെ തിരുക്കോയിലൂർ നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് 72കാരനായ കെ പൊൻമുടി. അദ്ദേഹത്തിന്റെ 49 കാരനായ മകൻ സിഗാമണി കള്ളക്കുറിച്ചി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗമാണ്.

പൊൻമുടി സംസ്ഥാന ഖനന മന്ത്രിയായിരിക്കെ (2007 നും 2011 നും ഇടയിൽ) നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി അന്വേഷണം. ക്വാറി ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് ഖജനാവിന് 28 കോടി രൂപയുടെ നഷ്ടം വരുത്തിയതായാണ് ആരോപണം.

മന്ത്രിക്കും അദ്ദേഹവുമായി ബന്ധമുള്ളവർക്കും എതിരെയുള്ള അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന പോലീസ് പരാതി നൽകിയിരുന്നു, ഇളവ് ആവശ്യപ്പെട്ട് സിഗാമണി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസിന്റെ വിചാരണ സ്റ്റേ ചെയ്യാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു.

ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ ബംഗളൂരുവിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിപക്ഷ സമ്മേളനത്തിൽ പങ്കെടുക്കാനിരിക്കെയാണ് മന്ത്രിമാരുടെ വീട്ടിൽ റെയ്ഡ് നടന്നിരിക്കുന്നത്. സ്റ്റാലിന്റെ നേതൃത്വത്തിൽ ബിജെപിക്കെതിരെ പ്രവർത്തിക്കാൻ ഡിഎംകെ നിർണായ പങ്ക് വഹിക്കുന്നതാണ് ഇഡി നടപടി 'ഭീഷണിപ്പെടുത്താൻ' ലക്ഷ്യമിട്ടുള്ളതാണെന്നും ഡിഎംകെ പ്രതികരിച്ചു. ഇത് രാഷ്ട്രീയ പകപോക്കലാണെന്നും ഡിഎംകെയുടെ ദൃഢനിശ്ചയം പരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും പാർട്ടി വക്താവ് എ ശരവണൻ പിടിഐയോട് പറഞ്ഞു.

ഗുഡ്ക അഴിമതി ഉൾപ്പെടെയുള്ള അഴിമതിക്കേസുകളിൽ എഐഎഡിഎംകെ നേതാക്കൾക്കെതിരെ കേന്ദ്ര അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചുഗുഡ്ക അഴിമതി ഉൾപ്പെടെയുള്ള അഴിമതിക്കേസുകളിൽ എഐഎഡിഎംകെ നേതാക്കൾക്കെതിരെ കേന്ദ്ര അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

തൊഴിൽ പണമിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്നാട് ഗതാഗത മന്ത്രി സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സ്റ്റാലിൻ മന്ത്രിസഭയിലെ മന്ത്രിമാർക്കെതിരെ സമാന നടപടികളുമായി മുന്നോട്ട് പോവുകയാണ് ഇഡി.

TAGS :

Next Story