കാശല്ല, മനസാണ് സമ്പാദ്യം; 10 രൂപ വീതം ശേഖരിച്ച് തെരുവിൽ കഴിയുന്നവർക്ക് 500 പുതപ്പുകൾ വാങ്ങി നൽകി യാചകൻ
തെരുവിൽ ജീവിക്കുന്ന തീർത്തും നിരാലംബനായ മനുഷ്യനാണ് തന്നെപ്പോലെ പാവപ്പെട്ടവർക്ക് സഹായവുമായി ഇറങ്ങിയത്.

- Updated:
2026-01-10 09:41:37.0

ഛണ്ഡീഗഢ്: കനത്ത തണുപ്പ് കീഴടക്കിയിരിക്കുന്ന ഉത്തരേന്ത്യയിൽ കയറിക്കിടക്കാൻ ഒരു കൂരയില്ലാതെ വിറയ്ക്കുന്ന നിരവധി പേരുണ്ട്. അവർക്ക് കൈത്താങ്ങായി മാറിയിരിക്കുകയാണ് ഒരാൾ. ഏതെങ്കിലും ജനപ്രതിനിധിയോ സന്നദ്ധ സംഘടനാ പ്രതിനിധിയോ ബിസിനസുകാരനോ അല്ല, മറിച്ച് നാമൊരിക്കലും ചിന്തിക്കാത്ത തലത്തിലുള്ള ഒരാൾ.
തെരുവിൽ ജീവിക്കുന്ന തീർത്തും നിരാലംബനായ ഒരു മനുഷ്യനാണ് തന്നെപ്പോലെ പാവപ്പെട്ടവർക്ക് സഹായവുമായി ഇറങ്ങിയത്. പലപ്പോഴും ആളുകൾ പുച്ഛത്തോടെയും അറപ്പോടെയും നോക്കുകയും ഒരു നാണയം പോലും ഇട്ടുകൊടുക്കാൻ മടിക്കുകയും ചെയ്യുന്ന തെരുവിലെ യാചകരിൽ ഒരാളാണ് ഈ മഹത്തായ പ്രവർത്തിയുമായി ഏവരുടെയും കണ്ണ് തുറപ്പിച്ചിരിക്കുന്നത്.
പഞ്ചാബിലെ പത്താൻകോട്ടിലെ രാജു എന്ന യാചകനാണ് തെരുവിൽ കഴിയുന്നവർക്ക് പുതപ്പ് വാങ്ങിനൽകിയത്. ആളുകളോട് പത്ത് രൂപ വീതം വാങ്ങിയാണ് രാജു പുതപ്പ് യജ്ഞത്തിന് തുടക്കമിട്ടത്. സ്വന്തമായി സമ്പാദ്യമൊന്നുമില്ലെങ്കിലും, വീടില്ലാത്തവർക്കും ദരിദ്രർക്കും ഏകദേശം 500 കമ്പിളി പുതപ്പുകൾ വിതരണം ചെയ്യാൻ രാജുവിന് കഴിഞ്ഞു. രാജുവിന്റെ നിസ്വാർഥ സേവനം നിരവധി പേർക്കാണ് വലിയ ആശ്വാസമായത്. മതിയായ സംരക്ഷണമില്ലാതെ തണുത്തുവിറച്ച് തെരുവുകളിൽ അന്തിയുറങ്ങുന്നവരുടെ കടുത്ത പ്രയാസം അകറ്റുന്നതാണ് രാജുവിന്റെ പ്രവൃത്തി.
ഇതാദ്യമായല്ല രാജു സാമൂഹിക സേവന രംഗത്തിറങ്ങുന്നത്. കോവിഡ് കാലത്ത് നിരവധി പേരെ പലവിധത്തിൽ സഹായിച്ച രാജുവിന്റെ പേര് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മൻ കി ബാത്തിൽ പരാമർശിക്കുകയും പ്രശംസിക്കുകയും ചെയ്തിരുന്നു. ആളുകളോട് ചെറിയ തുക വീതം ശേഖരിച്ചാണ് താൻ പുതപ്പുകൾ വാങ്ങുന്നതെന്നും ചിലപ്പോൾ വെറും പത്ത് രൂപയൊക്കെയാകും വാങ്ങുകയെന്നും രാജു പറയുന്നു.
പാവങ്ങളെ സഹായിക്കാൻ ദൈവം തന്നെയേൽപ്പിച്ച ജോലിയാണ് ഇതെന്നും രാജു മനസ് തുറന്നു. രാജുവിനെ മാതൃകയാക്കി ദരിദ്രരെ സഹായിക്കാൻ സമൂഹം മുന്നോട്ട് വരണമെന്ന് നാട്ടുകാർ പറയുന്നു. താമസിക്കാൻ സ്ഥലമില്ലാത്തതിനാൽ സ്ഥിരമായ ഒരു വീടിനായി സർക്കാരിനോട് അഭ്യർഥിച്ചിരിക്കുകയാണ് രാജു.
Adjust Story Font
16
