കുറ്റവാളികളെ ശബ്ദം കേട്ട് തിരിച്ചറിയും; ആധുനിക എഐ സംവിധാനവുമായി പഞ്ചാബ് പൊലീസ്
84,000-ത്തിലധികം കുറ്റവാളികളുടെ ശബ്ദസാമ്പിളുകൾ ഉൾപ്പെടുത്തി ഒരു ‘വോയിസ് ബാങ്ക്’ തന്നെ പൊലീസ് സജ്ജമാക്കിയിട്ടുണ്ട്

- Updated:
2026-05-02 16:48:05.0

ചണ്ഡീഗഢ്: കുറ്റവാളികളെയും സംശയിക്കപ്പെടുന്നവരെയും ശബ്ദം ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിയാൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വോയിസ് റെക്കഗ്നിഷൻ സംവിധാനവുമായി പഞ്ചാബ് പൊലീസ്. ‘പഞ്ചാബ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റം’ എന്ന ഈ പുതിയ സാങ്കേതികവിദ്യയുടെ ഭാഗമായി 84,000-ത്തിലധികം കുറ്റവാളികളുടെ ശബ്ദസാമ്പിളുകൾ ഉൾപ്പെടുത്തി ഒരു ‘വോയിസ് ബാങ്ക്’ തന്നെ പൊലീസ് സജ്ജമാക്കിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ ഇരുന്ന് ക്രിമിനൽ ശൃംഖലകൾ നിയന്ത്രിക്കുകയും യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കുകയും ചെയ്യുന്ന ഗുണ്ടാസംഘങ്ങളെ പിടികൂടുക എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. കാനഡ, യുഎസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഇരുന്ന് വെർച്വൽ നമ്പറുകളിലൂടെയും എൻക്രിപ്റ്റഡ് ആപ്പുകളിലൂടെയും ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതി പഞ്ചാബിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി.
3,90,000-ത്തിലധികം കുറ്റവാളികളുടെ വിവരങ്ങളും ഈ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. അവർക്ക് ഗാംഗുകളുമായുള്ള ബന്ധം, ശബ്ദ സവിശേഷതകൾ എന്നിവ ഈ സിസ്റ്റത്തിൽ ലഭ്യമാണ്. കുറ്റകൃത്യങ്ങൾ നടക്കുന്നതിന് മുൻപ് തന്നെ അവ തടയാൻ പൊലീസിനെ ഈ സിസ്റ്റം സഹായിക്കുന്നു. ഡിജിറ്റൽ ആശയവിനിമയങ്ങൾ ട്രാക്ക് ചെയ്യുന്നതിലൂടെ പല കൊലപാതകങ്ങളും ഗൂഢാലോചനകളും തകർക്കാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. വിദേശത്തുള്ള കുറ്റവാളികളെ തിരിച്ചറിയുന്നതിനും ഇന്റർപോൾ പോലുള്ള ഏജൻസികളുടെ സഹായത്തോടെ അവരെ നാട്ടിലെത്തിക്കുന്നതിനും 'ഫ്യൂജിറ്റീവ് ട്രാക്കിംഗ് സെല്ലുകളും' രൂപീകരിച്ചിട്ടുണ്ട്. പഞ്ചാബ് സർക്കാരിന്റെ ‘ഗ്യാങ്‌സ്റ്റർ തേ വാർ’ (Gangstran Te Vaar) എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് സംവിധാനം പൊലീസ് നടപ്പാക്കുന്നത്.
Adjust Story Font
16
