'ബിജെപി സർക്കാർ പരാജയപ്പെടുമ്പോഴെല്ലാം മോദി കുറ്റം പ്രതിപക്ഷത്തിന്റെ തലയിലിടുന്നു, അവരാണ് ദേശദ്രോഹികൾ': ആഞ്ഞടിച്ച് ഖാർഗെ
'അസമിലും കേന്ദ്രത്തിലും ബിജെപിയാണ് ഭരണത്തിലുള്ളത്. അപ്പോൾ പരാജയങ്ങളുടെ ഉത്തരവാദിത്തം അവരാണ് ഏറ്റെടുക്കേണ്ടത്'.

ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരായ ആരോപണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ബിജെപി സർക്കാരുകൾ പരാജയപ്പെടുന്ന വിഷയങ്ങളിൽ എല്ലാ കുറ്റവും പ്രതിപക്ഷത്തിന്റെ തലയിടുകയാണ് മോദിയെന്ന് ഖാർഗെ കുറ്റപ്പെടുത്തി. കോൺഗ്രസ് അധികാരത്തിലിരുന്ന വർഷങ്ങളിൽ അസമിനെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും അവഗണിച്ചെന്നും മേഖലയുടെ സുരക്ഷയും സ്വത്വവും പണയപ്പെടുത്തി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്നും മോദി ആരോപിച്ചതിന് പിന്നാലെയാണ് ഖാർഗെയുടെ വിമർശനം.
'അസമിലും കേന്ദ്രത്തിലും ബിജെപിയാണ് ഭരണത്തിലുള്ളത്. അപ്പോൾ പരാജയങ്ങളുടെ ഉത്തരവാദിത്തം അവരാണ് ഏറ്റെടുക്കേണ്ടത്. അല്ലാതെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്'- ഖാർഗെ പറഞ്ഞു. ഇരട്ട എഞ്ചിൻ സർക്കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സർക്കാരാണ് അസം ഭരിക്കുന്നത്. പിന്നെന്തിനാണ് പ്രധാനമന്ത്രി കോൺഗ്രസിന്റെ മേൽ കുറ്റം ചുമത്തുന്നതെന്നും ഖാർഗെ ചോദിച്ചു.
'കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് ബിജെപിയാണ്. ഇരട്ട എഞ്ചിൻ എന്നവകാശപ്പെടുന്ന സർക്കാർ ആ സംസ്ഥാനത്തെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടാൽ, പ്രതിപക്ഷ പാർട്ടികളെ എങ്ങനെ കുറ്റപ്പെടുത്താനാവും? ഞങ്ങളാണോ അവിടെ ഭരിക്കുന്നത്?'- അദ്ദേഹം ചോദിച്ചു.
ബിജെപി സർക്കാർ പരാജയപ്പെടുമ്പോഴെല്ലാം പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത് മോദിയുടെ ശീലമാണെന്നും ഖാർഗെ പറഞ്ഞു. 'അദ്ദേഹം പരാജയപ്പെടുമ്പോഴെല്ലാം എല്ലാ കുറ്റവും പ്രതിപക്ഷത്തിന്റെ തലയിലിടുന്നു. ആ നിലപാടിനെ ഞാൻ ശക്തമായി അപലപിക്കുന്നു. അവരാണ് ദേശദ്രോഹികൾ, ഞങ്ങളല്ല. ഞങ്ങളാരെയും സംരക്ഷിക്കുന്നില്ല. ഞങ്ങളൊരിക്കലും തീവ്രവാദികളെയോ നുഴഞ്ഞുകയറ്റക്കാരെയോ പിന്തുണയ്ക്കില്ല. സ്വന്തം സർക്കാർ അവരെ തടയുന്നതിൽ പരാജയപ്പെട്ടതുകൊണ്ടാണ് മോദി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത്'- ഖാർഗെ കൂട്ടിച്ചേർത്തു.
ശനിയാഴ്ച ഗുവാഹത്തി വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിന്റെ ഉദ്ഘാടനശേഷം നടന്ന പൊതുറാലിയിലാണ് പ്രധാനമന്ത്രി കോൺഗ്രസിനെതിരെ ആരോപണമുന്നയിച്ചത്. നുഴഞ്ഞുകയറ്റം തടയാൻ കേന്ദ്രം കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും 'ദേശദ്രോഹികൾ' അവരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ഖാർഗെയുടെ മറുപടി.
Adjust Story Font
16

