Quantcast

യുഎസ് ചിപ്പ് നിർമാതാക്കളായ ക്വാൽകോമിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിൽ 1000ത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും

നവംബര്‍ 9 മുതൽ ബെംഗളൂരുവിലും ഹൈദരാബാദിലുമാണ് പിരിച്ചുവിടൽ ആരംഭിച്ചത്

MediaOne Logo
യുഎസ് ചിപ്പ് നിർമാതാക്കളായ ക്വാൽകോമിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിൽ 1000ത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും
X

ബെംഗളൂരു: യുഎസിലെ പ്രമുഖ ചിപ് നിര്‍മാതാക്കളായ ക്വാൽകോം ഇന്ത്യയിൽ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി. ആഗോളതലത്തിലുള്ള പുനഃസംഘടനയുടെ ഭാഗമായാണ് നടപടി. രാജ്യത്ത് ഏകദേശം 1,000-ത്തോളം തൊഴിലാളികളെ ഈ പ്രതിസന്ധി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നവംബര്‍ 9 മുതൽ ബെംഗളൂരുവിലും ഹൈദരാബാദിലുമാണ് പിരിച്ചുവിടൽ ആരംഭിച്ചത്. കമ്പനിയിൽ വര്‍ഷങ്ങൾ പരിചയമുള്ള മുതിര്‍ന്ന എഞ്ചിനിയര്‍മാരെയും ജീവനക്കാരെയും ആദ്യഘട്ട പിരിച്ചുവിടലുകൾ സാരമായി ബാധിച്ചു. വരുംദിവസങ്ങളിൽ ഡൽഹി-എൻസിആറിലെയും ചെന്നൈയിലെയും ക്വാൽകോമിന്റെ എഞ്ചിനീയറിംഗ്, റിസര്‍ച്ച് വിഭാഗങ്ങളിലേക്കും ഈ നടപടി വ്യാപിക്കുമെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഇന്ത്യയിൽ ഏതൊക്കെ തസ്തികയിലെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ക്വാൽകോ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുനഃസംഘടന രാജ്യത്തെ 20,000 പേരടങ്ങുന്ന ഏകദേശം 5-6% ജീവനക്കാരെ ബാധിച്ചേക്കാം. ഇങ്ങനെ പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് ന്ന് മുതൽ അഞ്ച് മാസം വരെ ശമ്പളത്തിന് തുല്യമായ വേതനം, അധിക നഷ്ടപരിഹാരം എന്നിവ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മൂന്ന് ദിവസത്തിനുള്ളിൽ എക്സിറ്റ് രേഖകളിൽ ഒപ്പിടുന്ന ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം കൂടി വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ട്. എന്നാൽ കൂട്ടപ്പിരിച്ചുവിടലിനെക്കുറിച്ച് ക്വാൽകോം സ്ഥിരീകരിച്ചിട്ടില്ല. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടൽ പാക്കേജുകളും ബോണസ് പേഔട്ടുകളും ചില സാമ്പത്തിക ആശ്വാസം നൽകിയെങ്കിലും പെട്ടെന്നുള്ള പിരിച്ചുവിടലിൽ ജീവനക്കാര്‍ നിരാശ പ്രകടിപ്പിച്ചു. ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് ക്വാൽകോം ചീഫ് എക്സിക്യൂട്ടീവ് ക്രിസ്റ്റ്യാനോ അമോൺ ഒക്ടോബർ 20 ന് പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story