Quantcast

അമിത് ഷായുടെ മുഖത്തുനോക്കി അന്ന് രാഹുൽ ബജാജ് തുറന്നടിച്ചു: മോദി സർക്കാരിനെ വിമർശിക്കാൻ ജനങ്ങൾ ഭയക്കുന്നു

2019ൽ നടന്ന 'ദ എക്‌ണോമിക് ടൈംസ്' പുരസ്‌കാരദാന ചടങ്ങിൽ പ്രഗ്യാ സിങ് താക്കൂറിനെ ബി.ജെ.പി പിന്തുണയ്ക്കുന്നതു മുതൽ ആൾക്കൂട്ടക്കൊല വരെയുള്ള വിഷയങ്ങളെല്ലാം അമിത് ഷായുടെ മുഖത്തുനോക്കി രാഹുൽ ബജാജ് തുറന്നടിച്ചു

MediaOne Logo

Web Desk

  • Updated:

    2022-02-12 12:24:55.0

Published:

12 Feb 2022 12:08 PM GMT

അമിത് ഷായുടെ മുഖത്തുനോക്കി അന്ന് രാഹുൽ ബജാജ് തുറന്നടിച്ചു: മോദി സർക്കാരിനെ വിമർശിക്കാൻ ജനങ്ങൾ ഭയക്കുന്നു
X

മൂന്നു വർഷങ്ങൾക്കുമുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുഖത്തുനോക്കി രാജ്യത്ത് നിലനിൽക്കുന്ന അസഹിഷ്ണുതയുടെയും ഭീതിയുടെയും അന്തരീക്ഷത്തെക്കുറിച്ച് അന്തരിച്ച വ്യവസായി രാഹുൽ ബജാജ് തുറന്നടിച്ചത് അധികമാരും മറന്നുകാണില്ല. 2019 ഡിസംബർ 30ന് മുംബൈയിൽ നടന്ന 'ദ എക്‌ണോമിക് ടൈംസ്' പുരസ്‌കാരദാന ചടങ്ങിലായിരുന്നു ബജാജ് ഗ്രൂപ്പ് മുൻ ചെയർമാന്റെ തുറന്ന വിമർശനം.

അമിത് ഷായ്ക്കു പുറമെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അടക്കമുള്ള പ്രമുഖരെയെല്ലാം വേദിയിലിരുത്തിയായിരുന്നു രാഹുല്‍ ബജാജിന്‍റെ അപ്രതീക്ഷിത ഇടപെടല്‍. റിലയൻസിന്റെ മുകേഷ് അംബാനി, ആദിത്യ ബിര്‍ലയുടെ കുമാർ മംഗലം ബിർല, ഭാരതിയുടെ സുനിൽ മിത്തൽ തുടങ്ങിയ പ്രമുഖ വ്യവസായികളും ഇതിനു സാക്ഷിയായിരുന്നു.

രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമെന്ന് രാഹുൽ

മോദി സർക്കാരിനെ വിമർശിക്കാൻ കോർപറേറ്റുകൾക്കു ഭയമാണെന്നും രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്നുമാണ് അമിത് ഷായോട് നേരിട്ട് രാഹുൽ വിമർശനമുയർത്തിയത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ കാലത്ത് സർക്കാരിനെക്കുറിച്ച് ആർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ വ്യവസായികൾക്ക് മോദി സർക്കാരിനെ പരസ്യമായി വിമർശിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

''രണ്ടാം യു.പി.എ കാലത്ത് നമുക്ക് ആരെയും കുറ്റംപറയാനാകുമായിരുന്നു. താങ്കൾ നന്നായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഞങ്ങൾക്ക് താങ്കളെ പരസ്യമായി വിമർശിക്കേണ്ട സാഹചര്യം വന്നാൽ താങ്കളതിനെ പ്രോത്സാഹിപ്പിക്കുമെന്ന ആത്മവിശ്വാസം ആർക്കുമില്ല. ഞാൻ പറയുന്നത് ഒരുപക്ഷെ തെറ്റായിരിക്കാം. എന്നാൽ, എല്ലാവർക്കും ഇപ്പോൾ അങ്ങനെയാണ് തോന്നുന്നത്...''

ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്‌സെയെ ദേശസ്‌നേഹിയായി വാഴ്ത്തിയ പ്രഗ്യാ സിങ് താക്കൂറിനെ പാർലമെന്റിന്റെ പ്രതിരോധ കൂടിയാലോചനാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിനെയും സംസാരത്തിൽ രാഹുൽ വിമർശിച്ചു: ''ഇന്നിപ്പോൾ ആരെയും ദേശസ്‌നേഹിയെന്നു വിളിക്കാവുന്ന സ്ഥിതിയാണുള്ളത്. ഗാന്ധിജിയെ കൊന്നത് ആരാണെന്ന കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടോ? അവർ നേരത്തെ പറഞ്ഞ കാര്യമാണിത്. എന്നിട്ട് നിങ്ങൾ അവർക്ക് സീറ്റ് നൽകി. അവർ ജയിക്കുകയും ചെയ്തു. നിങ്ങളുടെ പിന്തുണയോടെയാണ് അവർ ജയിച്ചത്. ആദ്യം ടിക്കറ്റ് നൽകി. ഇപ്പോൾ പാർലമെന്റിന്റെ കൂടിയാലോചനാ സമിതിയിലേക്കും അവരെ കൊണ്ടുവന്നിരിക്കുന്നു. അവർക്ക് മാപ്പ് നൽകാനാകില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞിട്ടുള്ളത്. എന്നിട്ടും അവരെ കൂടിയാലോചനാ സമിതിയിലുമെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു.''

രാജ്യത്ത് വ്യാപകമായ ആൾക്കൂട്ടക്കൊലകളെക്കുറിച്ചും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി: ''ഇത് അസഹിഷ്ണുതയുടെ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ഞങ്ങൾക്ക് ഭയമാണ്. ചില കാര്യങ്ങൾ പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇത്തരം സംഭവങ്ങളിൽ ആരെയും അറസ്റ്റ് ചെയ്തതായും കാണുന്നുമില്ല.''

ആരും പേടിക്കേണ്ട കാര്യമില്ലെന്ന് അമിത് ഷാ

മുഖത്തടിയെന്ന പോലെയുള്ള രാഹുൽ ബജാജിന്റെ വിമർശനങ്ങൾക്ക് ഇതേ വേദിയിൽ വച്ചുതന്നെ അമിത് ഷാ മറുപടിയും നൽകി. ആരും തങ്ങളെ ഭയക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു മറുപടി. ഇനി രാഹുൽ പറഞ്ഞ പോലെയുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിൽ അതു മാറ്റാൻ ശ്രമിക്കുമെന്നും ഷാ വ്യക്തമാക്കി.

മോദിയെയും കേന്ദ്ര സർക്കാരിനെയും നിരവധി മാധ്യമസ്ഥാപനങ്ങൾ നിരന്തരം വിമർശിക്കുന്നുണ്ടെന്നും പ്രഗ്യാ സിങ്ങിന്‍റെ പ്രസ്താവനയെ തള്ളിയിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ''വിമർശനങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ട തരത്തിൽ ഒന്നും തങ്ങൾ ചെയ്തിട്ടില്ല. സർക്കാർ സുതാര്യമായാണ് പ്രവർത്തിക്കുന്നത്. ആർക്കും ഭയക്കേണ്ട സാഹചര്യമില്ല. ആരെങ്കിലും വിമർശിക്കുകയാണെങ്കിൽ അതിന്റെ നല്ല വശങ്ങൾ പരിശോധിച്ചു നടപടിയെടുക്കുന്നതാണ് സര്‍ക്കാരിന്‍റെ രീതി..'' മറുപടി പ്രസംഗത്തിൽ അമിത് ഷാ വ്യക്തമാക്കി.

രാഹുല്‍ സൃഷ്ടിച്ച ബജാജ് വിപ്ലവം

ഇന്ന് ഉച്ചയ്ക്ക് പൂനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രമുഖ വ്യവസായിയും ബജാജ് ഗ്രൂപ്പ് മുൻ ചെയർമാനുമായ രാഹുൽ ബജാജിന്റെ അന്ത്യം. 83 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾക്കു പുറമെ ന്യൂമോണിയ ബാധിതനായി ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

1938 ജൂൺ 30ന് കൊൽക്കത്തയിലെ പ്രമുഖ വ്യവസായി കുടുംബത്തിലായിരുന്നു ജനനം. രാഹുലിന്റെ മുത്തച്ഛൻ ജാംനലാൽ ബജാജാണ് 1926ൽ ബജാജ് ഗ്രൂപ്പിന് തുടക്കമിട്ടത്. 1942ൽ പിതാവ് കമൽനയൻ ബജാജ് പിൻഗാമിയായി ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനമേറ്റെടുത്തു. കൽനയനാണ് ബജാജ് ഓട്ടോയ്ക്ക് തുടക്കം കുറിക്കുന്നത്.

ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിലും ബോംബെ സർവകലാശാലയിലും ബിരുദപഠനം നടത്തിയ രാഹുൽ ബജാജ് പിന്നീട് അമേരിക്കയിലെ ഹാർവാഡ് ബിസിനസ് സ്‌കൂളിൽനിന്ന് എം.ബി.എ പൂർത്തിയാക്കി. 1968ൽ ബജാജ് ഓട്ടോയുടെ സി.ഇ.ഒ ആയി ചുമതലയേറ്റു. 2008ൽ ബജാജ് ഓട്ടോ, ബജാജ് ഫിൻസെർവ്, മാതൃകമ്പനി എന്നിങ്ങനെ ബജാജിനെ മൂന്ന് ഭാഗങ്ങളായി വിഭജിക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

40 വർഷത്തോളം ബജാജ് ഗ്രൂപ്പിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ച രാഹുൽ 2005ലാണ് ചെയർമാൻ സ്ഥാനം രാജിവയ്ക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ബജാജ് ഓട്ടോ ചെയർമാൻസ്ഥാനവും ഒഴിഞ്ഞു. പിന്നീട് കമ്പനിയുടെ ചെയർമാൻ എമറിറ്റസ് പദവിയിൽ തുടർന്നുവരികയായിരുന്നു. നിലവിൽ മക്കളായ രാജീവ് ബജാജും സഞ്ജീവ് ബജാജുമാണ് കമ്പനിയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

2001ൽ പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2006ൽ മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2016ൽ ഫോബ്‌സിന്റെ ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുമുണ്ട് അദ്ദേഹം.

Summary: Former Bajaj Group chairman Rahul Bajaj once raised concerns over the ability of the Narendra Modi government to accept criticism, its lack of action against mob lynchings and BJP MP Pragya Thakur's recent remarks on Nathuram Godse. His remarks was at The Economic Times' ET Awards 2019 in Mumbai, which had Home Minister Amit Shah, Finance Minister Nirmala Sitharaman and Railway Minister Piyush Goyal on the stage

TAGS :

Next Story