'വെറുപ്പ് സാധാരണ കാര്യമായി മാറി'; ത്രിപുരയിൽ വിദ്യാർഥികൾക്ക് എതിരായ വംശീയാതിക്രമത്തിൽ ബിജെപിയെ വിമർശിച്ച് രാഹുൽ ഗാന്ധി
വെറുപ്പ് തുപ്പുന്ന ബിജെപി നേതാക്കളാണ് യുവാക്കളിൽ വിദ്വേഷം കുത്തിവെക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു

രാഹുൽ ഗാന്ധി
ന്യൂഡൽഹി: വംശീയ അധിക്ഷേപത്തെ തുടർന്നുള്ള ആൾക്കൂട്ട ആക്രമണത്തിൽ ത്രിപുരയിൽ വിദ്യാർഥി കൊല്ലപ്പെട്ടതിൽ ബിജെപിയെ വിമർശിച്ച് രാഹുൽ ഗാന്ധി. ഭരകക്ഷിയായ ബിജെപി വിദ്വേഷ രാഷ്ട്രീയം സാമാന്യവൽക്കരിച്ചതിനെ ഫലമാണ് ഈ കൊലപാതകമെന്ന് രാഹുൽ പറഞ്ഞു.
ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ നന്ദനഗറിൽ നിന്നുള്ള അവസാന വർഷ എംബിഎ വിദ്യാർഥിയായ അഞ്ജൽ ചക്മയാണ് കുത്തേറ്റു മരിച്ചത്. ഡിസംബർ ഒമ്പതിന്. അഞ്ജലിനെയും ഇളയ സഹോദരൻ മൈക്കിളിനെയും ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ചൈനക്കാരെന്ന് അധിക്ഷേപിച്ച് ആക്രമിക്കുകയായിരുന്നു. 14 ദിവസം ജീവനുവേണ്ടി പോരാടിയ ശേഷം വെള്ളിയാഴ്ച ഡെറാഡൂണിലെ ആശുപത്രിയിലായിരുന്നു യുവാവിന്റെ മരണം.
What happened to Anjel Chakma and his brother Michael in Dehradun is a horrific hate crime.
— Rahul Gandhi (@RahulGandhi) December 29, 2025
Hate doesn’t appear overnight. For years now it is being fed daily - especially to our youth - through toxic content and irresponsible narratives. And it’s being normalised by the… pic.twitter.com/eDN7XiIGZ2
ഡെറാഡൂണിൽ അഞ്ജൽ ചക്മയ്ക്കും സഹോദരൻ മൈക്കിളിനും നേരെയുണ്ടായത് ഭയാനകമായ വിദ്വേഷ കുറ്റകൃത്യമാണ്. വെറുപ്പ് എന്നത് പെട്ടെന്ന് ഒരു രാത്രികൊണ്ട് ഉണ്ടാകുന്നതല്ല. കഴിഞ്ഞ കുറെ വർഷങ്ങളായി, വിഷലിപ്തമായ ഉള്ളടക്കങ്ങളിലൂടെയും നിരുത്തരവാദപരമായ ആഖ്യാനങ്ങളിലൂടെയും നമ്മുടെ യുവാക്കളിലേക്ക് ഇത് ദിവസേന കുത്തിവെക്കപ്പെടുകയാണ്. ഭരണകക്ഷിയായ ബിജെപിയുടെ വെറുപ്പ് തുപ്പുന്ന നേതൃത്വം ഇതിനെ ഒരു സാധാരണ കാര്യമായി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
ഭയത്തിലും അധിക്ഷേപത്തിലുമല്ല, മറിച്ച് പരസ്പര ബഹുമാനത്തിലും ഐക്യത്തിലുമാണ് ഇന്ത്യ കെട്ടിപ്പടുത്തിരിക്കുന്നത്. സ്‌നേഹത്തിന്റെയും വൈവിധ്യത്തിന്റെയും രാജ്യമാണ് നമ്മുടേത്. സഹപൗരന്മാർ ആക്രമിക്കപ്പെടുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കുന്ന ജീവനില്ലാത്ത ഒരു സമൂഹമായി നാം മാറരുത്. നമ്മുടെ രാജ്യം എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് എന്ന് നാം ഗൗരവമായി ചിന്തിക്കുകയും അതിനെ പ്രതിരോധിക്കുകയും വേണമെന്നും രാഹുൽ പറഞ്ഞു.
Adjust Story Font
16

