Quantcast

'യുവാക്കളെ ജയിലിലാക്കുന്നത് ഭീരുത്വം': സിജെപി നേതാക്കൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

ജന്തർമന്തർ ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഞങ്ങളത് തിരിച്ചുപിടിക്കുമെന്നും രാഹുല്‍ ഗാന്ധി

MediaOne Logo

Web Desk

  • Published:

    14 Oct 2026 11:13 AM IST

യുവാക്കളെ ജയിലിലാക്കുന്നത് ഭീരുത്വം: സിജെപി നേതാക്കൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി
X

ന്യൂഡൽഹി: സിജെപി നേതാക്കളെ ജയിലിലാക്കിയതില്‍ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമാധാനപരമായി ദേശീയപതാക വീശുന്നത് കുറ്റമല്ല, യുവാക്കളെ തടവിലാക്കുന്നത് ഭീരുത്വമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജന്തർമന്തറിൽ സമരം ചെയ്ത സിജെപി നേതാക്കളയാ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് വിട്ടത്.

"ജന്തർമന്തറിൽ സമാധാനപരമായി സമരം ചെയ്തുകൊണ്ട് ത്രിവർണ്ണ പതാക വീശുന്നത് കുറ്റമല്ല. അതിനായി യുവജനങ്ങളെ ജയിലിലടക്കുന്നത് ഭീരുത്വപരമായ പ്രവൃത്തിയാണ്" - രാഹുൽ ഗാന്ധി കുറിച്ചു. ഇന്ത്യയിലെ എല്ലാ പ്രതിഷേധങ്ങളും ഒരേ ലക്ഷ്യത്തിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"വിദ്യാർത്ഥികൾ, യുവജനങ്ങൾ, മാധ്യമപ്രവർത്തകർ, ഇന്‍ഡ്യ മുന്നണി, പതാകകൾ വ്യത്യാസമാണെങ്കിലും ലക്ഷ്യം ഒന്നാണ്. ഭരണഘടനാപരമായ അവകാശങ്ങൾ ആവശ്യപ്പെടുന്ന പൗരന്മാരുടെ ഒരേ ഒരു സമരമാണിത്. ജന്തർമന്തർ ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഞങ്ങൾ അത് തിരിച്ചുപിടിക്കും''- രാഹുൽ ഗാന്ധി വ്യക്തമാക്കി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ജന്തർമന്തറിലെ ബാരിക്കേഡുകൾ ചാടിക്കടന്ന് പതാക ഉയർത്താൻ ശ്രമിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് സിജെപി നേതാക്കള്‍ കസ്റ്റഡിയിലായത്. സമരങ്ങൾക്കായി നിശ്ചയിച്ചിരുന്ന ജന്തർമന്തർ പ്രദേശം അടുത്തിടെ ഔദ്യോഗിക പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സിജെപി നേതാക്കള്‍ ജന്തര്‍ മന്തറിലെത്തുന്നതും പൊലീസ് കസ്റ്റഡിയിലെടുക്കുന്നതും.

TAGS :

Next Story