Quantcast

പഹൽഗാം ഭീകരാക്രമണം; പ്രത്യേക പാർലമെന്‍റ് സമ്മേളനം ചേരണമെന്ന് കോൺഗ്രസ്

പാർലമെന്‍റ് സമ്മേളനം ചേരുന്നത് ഭീകരതക്കെതിരായി ഒറ്റക്കെട്ടായി നിൽക്കുന്നു എന്ന സന്ദേശം നൽകുമെന്നും കത്തിൽ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2025-04-29 06:54:33.0

Published:

29 April 2025 11:12 AM IST

Rahul Gandhi, Mallikarjun Kharge
X

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേക പാർലമെന്‍റ് സമ്മേളനം ചേരണമെന്ന് കോൺഗ്രസ്. ആവശ്യമുന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് കത്തയച്ചു. പാർലമെന്‍റ് സമ്മേളനം ചേരുന്നത് ഭീകരതക്കെതിരായി ഒറ്റക്കെട്ടായി നിൽക്കുന്നു എന്ന സന്ദേശം നൽകുമെന്നും കത്തിൽ പറയുന്നു.

"ഐക്യവും ഐക്യദാർഢ്യവും അനിവാര്യമായ ഈ സമയത്ത്, പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം എത്രയും വേഗം വിളിച്ചുകൂട്ടേണ്ടത് പ്രധാനമാണെന്ന് പ്രതിപക്ഷം വിശ്വസിക്കുന്നു. 2025 ഏപ്രിൽ 22 ന് പഹലാഗാമിൽ നിരപരാധികളായ പൗരന്മാർക്ക് നേരെ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ നേരിടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തിന്‍റെയും ഇച്ഛാശക്തിയുടെയും ശക്തമായ പ്രകടനമായിരിക്കും ഇത്'' ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ് പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ വിഭാഗം ചൊവ്വാഴ്ച രാവിലെ രണ്ട് കത്തുകളും പുറത്തുവിട്ടിട്ടുണ്ട്. കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും ചൊവ്വാഴ്ച പ്രധാനമന്ത്രി മോദിക്ക് സമാനമായ ഒരു കത്ത് എഴുതി. എത്രയും വേഗം പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്രം സർവകക്ഷി യോഗം വിളിച്ചിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഇന്‍റലിജൻസ് ബ്യൂറോ (ഐബി), ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി സര്‍വകക്ഷി യോഗത്തിൽ പങ്കെടുക്കാത്തതിനെതിരെ കോൺഗ്രസ് രംഗത്തുവന്നിരുന്നു. സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നത് അപമാനമുണ്ടാക്കിയെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായുള്ള തിരച്ചിൽ സൈന്യം ഊര്‍ജിതമാക്കി. വനമേഖലയിൽ ഭീകരർ ഉണ്ടെന്ന വിവരത്തെ തുടർന്ന് സംയുക്ത സേനയുടെ അന്വേഷണം തുടരുകയാണ്. അതിനിടെ ഇന്ത്യ സൈനിക നടപടി തുടങ്ങിയാൽ ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.

TAGS :

Next Story