Quantcast

മെസിയാണ് മികച്ച താരമെങ്കിലും ഇഷ്ടം ക്രിസ്റ്റ്യാനോയോട്-രാഹുല്‍ ഗാന്ധി

വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരിൽ ആരെ ഇഷ്ടപ്പെടുന്നു എന്ന ചോദ്യത്തിന് അപ്രതീക്ഷിതമായിരുന്നു രാഹുലിന്റെ മറുപടി

MediaOne Logo

Web Desk

  • Updated:

    2023-09-24 11:23:14.0

Published:

24 Sep 2023 11:13 AM GMT

Rahul Gandhi picks his favourite between Cristiano Ronaldo and Lionel Messi and Virat Kohli and Rohit Sharma, Rahul Gandhis favourite from Cristiano Ronaldo and Lionel Messi, Rahul Gandhi hobbies
X

രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ലയണൽ മെസിയാണു മികച്ച താരമെങ്കിലും ഇഷ്ടപ്പെട്ട താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ക്രിക്കറ്റിനെക്കാളും ഫുട്‌ബോളാണ് ഇഷ്ടമെന്നും ഇന്ത്യൻ-ചൈനീസ് ഭക്ഷണങ്ങളോട് വിവേചനമില്ലെന്നും അദ്ദേഹം പറഞ്ഞു. വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരിൽ ആരെ ഇഷ്ടപ്പെടുന്നു എന്ന ചോദ്യത്തിന് അപ്രതീക്ഷിതമായിരുന്നു രാഹുലിന്റെ മറുപടി. ന്യൂഡൽഹിയിൽ ഡാൽമിയ സിമന്റ് സംഘടിപ്പിച്ച 'ദ കോണ്‍ക്ലേവ് 2023'ലെ 'റാപിഡ് ഫയര്‍' സെഷനില്‍ ആണ് രാഹുൽ ജീവിതത്തിലെ ഇഷ്ടങ്ങളെയും ഹോബികളെയും കുറിച്ച് മനസ്സുതുറന്നത്.

''കളി എടുത്താൽ മെസിയാണ് മികച്ച ഫുട്‌ബോൾ താരം. ക്രിസ്റ്റ്യാനോയുടെ അനുകമ്പയും ദയാവായ്പുമാണ് എനിക്ക് ഇഷ്ടമായത്. പക്ഷെ, ഞാനൊരു ഫുട്‌ബോൾ ടീം നടത്തുകയാണെങ്കിൽ ഒരുപക്ഷെ മെസിയെ ആയിരിക്കും തിരഞ്ഞെടുക്കുക''-ഒരാളെ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ മെസി, ക്രിസ്റ്റ്യാനോ ആരാധകരെ ആരും പിണക്കാതെ രാഷ്ട്രീയക്കാരനെപ്പോലെയായിരുന്നു രാഹുലിന്‍റെ മറുപടി.

ക്രിക്കറ്റിൽ ഇഷ്ടമുള്ളത് വിരാട് കോഹ്ലിയെയാണോ രോഹിത് ശർമയെയാണോ എന്നു ചോദിച്ചപ്പോൾ രണ്ടുപേരെയുമല്ലെന്നായിരുന്നു പ്രതികരണം. ഇവിടെ പറയുന്നത് അത്ര നല്ല കാര്യമല്ലെന്ന് അറിയാം, എങ്കിലും താൻ അങ്ങനെയൊരു വലിയ ക്രിക്കറ്റ് ആരാധകനൊന്നുമല്ല താനെന്ന് രാഹുൽ അതിനു വിശദീകരണവും നൽകി. ക്രിക്കറ്റാണോ ഫുട്‌ബോളാണോ ഇഷ്ടം, അതല്ലെ മറ്റേതെങ്കിലും കായിക ഇനമാണോ എന്നു ചോദിച്ചപ്പോഴും ഫുട്‌ബോളിനൊപ്പമാണ് രാഹുൽ നിന്നത്.

നെറ്റ്ഫ്‌ളിക്‌സിൽ കയറി ആസ്വദിക്കുന്നതിനെക്കാളും വർക്കൗട്ട് ചെയ്യാനാണ് ഇഷ്ടം. ഇന്ത്യൻ, ചൈനീസ് ഭക്ഷണം ഒരുപോലെ പ്രിയം. പക്ഷെ, വടക്കേന്ത്യയിലെ ജനപ്രിയ സ്ട്രീറ്റ് വിഭവമായ ഗൊൽഗപ്പയിലും താൽപര്യം ഐസ്‌ക്രീമിനോടാണ്. ആയോധനകലകളും സ്‌കൂബ ഡൈവിങ്ങും ഇഷ്ടമാണ്. പക്ഷെ, സാഹചര്യത്തിനനുസരിച്ചായിരിക്കും രണ്ടിനോടുമുള്ള താൽപര്യം. ഡൽഹിയിൽ ജോലിയിലാണെങ്കിൽ ആയോധനകലകൾ ചെയ്യും. മറ്റൊരു സ്ഥലത്തു പോയി ചെയ്യേണ്ടതാണ് സ്‌കൂബാ ഡൈവിങ്.

അവതാരകന്റെ രസകരമായൊരു ചോദ്യം രാഹുലിന്റെ മുഖത്തു മാത്രമല്ല, സദസിലും ചിരിപടർത്തി. ഭാരത് ജോഡോ താടിയാണോ ക്ലീൻഷേവാണോ ഇഷ്ടമെന്നായിരുന്നു ചോദ്യം. രണ്ടും ഇഷ്ടമില്ലെന്നായിരുന്നു മറുപടി. അതിനു കൂടുതൽ വിശദീകരണവും വേണമെന്നു തോന്നി രാഹുലിന്. കോൺഗ്രസ്(നേതൃത്വം) എപ്പോഴും പറയുന്നൊരു പ്രശ്‌നമാണിത്. താടിയുണ്ടോ ഇല്ലയോ എന്നൊന്നും എന്റെ ചിന്തയിലേ ഉണ്ടാകാറില്ല. എന്തു കിട്ടിയാലും തിന്നുകയും ഉടുക്കുകയും ചെയ്യും. അതിലൊന്നും അത്ര ചിന്തിക്കാറില്ല.

സോഷ്യൽ മീഡിയയിൽ റീൽസ് കാണുന്നതിനെക്കാളും ആ സമയം പുസ്തകം വായിക്കാനാണ് ഇഷ്ടപ്പെടുന്നത്. പക്ഷെ, ഗോഡ്ഫാദർ, ഡാർക് നൈറ്റ്‌സ് എന്നീ ഹോളിവുഡ് ചിത്രങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ ചെറുതായൊന്നു കുഴങ്ങി. കുറച്ച് പ്രശ്‌നംപിടിച്ച ചോദ്യമാണെന്ന് രാഹുൽ തന്നെ സമ്മതിച്ചു. രണ്ടും ആഴമുള്ള ചിത്രങ്ങളാണ്, രണ്ടും പ്രിയപ്പെട്ടതാണെന്നും വ്യക്തമാക്കി അദ്ദേഹം. കാർ ഡ്രൈവ് ചെയ്യുന്നതും ബൈക്ക് റൈഡിങ്ങും ഒരുപോലെയാണ്, രണ്ടിനും ഏകാഗ്രത വേണമെന്നും രാഹുൽ പറഞ്ഞു.

രാഷ്ട്രീയക്കാരനാകുമായിരുന്നില്ലെങ്കിൽ എന്തും ആകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. രാഷ്ട്രീയക്കാരൻ തന്നിലുള്ള ഒരു ഭാഗം മാത്രമാണ്. സഹോദരിയുടെ മകനോടും അവന്റെ സുഹൃത്തുക്കളോടും സംസാരിച്ചിരിക്കുമ്പോൾ താനൊരു അധ്യാപനാകും, അടുക്കളയിലാണെങ്കിൽ പാചകക്കാരനും. എല്ലാവർക്കും പലമുഖങ്ങളുണ്ടാകും. പക്ഷെ, അക്കൂട്ടത്തിൽ ഒരു കണ്ണിലൂടെയായിരിക്കും നോക്കിക്കാണുക. അക്കൂട്ടത്തിൽ ഒന്നുമാത്രമാണ് തന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയക്കാരൻ. ജീവിതം ഒരു യാത്രയായാണു താൻ കാണുന്നതെന്നും രാഹുൽ വിശദീകരിച്ചു. ഭാരതം, ഇന്ത്യ.. ഇതിൽ ഏതു തിരഞ്ഞെടുക്കുമെന്നു ചോദിച്ചപ്പോൾ യുക്തിസഹവും ചരിത്രപരവും രാഷ്ട്രീയപ്രസക്തവുമായിരുന്നു മറുപടി; ഇന്ത്യ എന്ന ഭാരതം.

പ്രണയം ആരോടാണെന്നൊരു ചോദ്യവും എടുത്തിട്ടു അവതാരകൻ. എന്നിട്ട് അമ്മയും സഹോദരിയും കായികതാരവും മറ്റാരുമാകാം, കൂട്ടത്തിൽ രണ്ടുപേരെ പറയണമെന്നു പറഞ്ഞൊരു ചൂണ്ടയും എറിഞ്ഞുനൽകി. അമ്മ, പെങ്ങൾ, എന്റെ ചില സുഹൃത്തുക്കൾ, അടുത്തായി എന്റെ പട്ടിക്കുട്ടിയെ വരെ ഇഷ്ടമാണെന്നും പറഞ്ഞ് അവതാരകന്റെ കെണിയിൽനിന്നു രക്ഷപ്പെടുകയായിരുന്നു രാഹുൽ. സൗന്ദര്യത്തോടൊപ്പം ബുദ്ധിയുമുള്ളയാൾക്കാണോ ബുദ്ധിക്കൊപ്പം സൗന്ദര്യമുള്ളയാൾക്കാണോ മുൻഗണന എന്നു ചോദിച്ചപ്പോൾ രണ്ടാമതിനെന്നു പറഞ്ഞ് ബുദ്ധിപൂർവം ഒഴിഞ്ഞുമാറി.

Summary: Rahul Gandhi picks his favourite between Cristiano Ronaldo and Lionel Messi and Virat Kohli and Rohit Sharma

TAGS :

Next Story