'ഹരിയാനയിൽ നടന്നത് 25 ലക്ഷത്തിന്‍റെ വോട്ട് കൊള്ള; എട്ടിൽ ഒരു വോട്ട് വ്യാജം': രാഹുൽ ഗാന്ധി
22 തവണ ബ്രസിലീയൻ മോഡലിന്‍റെ പേരിൽ വിവിധ പേരുകളിൽ വോട്ട് രേഖപ്പെടുത്തി

ഡൽഹി: ഹരിയാനയിലെ വോട്ട് കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.ബ്രസീലിയൻ മോഡലിന്‍റേതുൾപ്പെടെ വ്യാജ ചിത്രങ്ങളും മേൽവിലാസങ്ങളും ഉപയോഗിച്ചാണ് വോട്ട് കൊള്ള നടന്നത്. ഹരിയാനയിൽ പോൾ ചെയ്ത വോട്ടുകളിൽ എട്ടിലൊന്ന് വ്യാജമാണ്. ഇത്തരത്തിൽ 25 ലക്ഷം കള്ളവോട്ടുകളാണ് ചെയ്തതത്.
ഒരു സ്ത്രീ 100 തവണ വോട്ട് ചെയ്തതിന്‍റെയും ബ്രസീലിയൻ മോഡലിന്‍റെ ചിത്രമുളള വോട്ടർ ഐഡി കാർഡ് ഉപയോഗിച്ച് 22 തവണ പത്ത് ബൂത്തുകളിലായി വോട്ട് ചെയ്തതിന്റെയും തെളിവുകൾ രാഹുൽ ഗാന്ധി പുറത്തുവിട്ടു. ഒരു വീട്ടിൽ 500 വോട്ടുകൾ വരെ ഉള്ളതായി ബിജെപി വ്യാജ രേഖ ചമച്ചിട്ടുണ്ട്.. മൂന്നര ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായും രാഹുൽ ഗാന്ധി പറഞ്ഞു.
100 ശതമാനം സത്യമാണ് ഞാൻ പറയാൻ പോകുന്നതെന്നും ഒരു മുഴുവൻ സംസ്ഥാനവും എങ്ങനെ മോഷ്ടിച്ചുവെന്നാണ് പറയാൻ പോകുന്നതെന്ന ആമുഖത്തോടെയാണ് രാഹുൽ വാര്‍ത്താസമ്മേളനം തുടങ്ങിയത്. രാജ്യം മുഴുവൻ തട്ടിപ്പ് നടന്നു. എല്ലാ എക്സിറ്റ് പോളുകളും ഹരിയാനയിൽ കോൺഗ്രസിന് വിജയം പ്രഖ്യാപിച്ചിരുന്നു. പോസ്റ്റൽ ബാലറ്റുകളിൽ കോൺഗ്രസ് മുന്നേറ്റമായിരുന്നു. ഹരിയാന ഫലം ഞെട്ടിച്ചു. പോസ്റ്റൽ ബാലറ്റിൽ 73 സീറ്റ് കോൺഗ്രസിനും 17 സീറ്റും ബിജെപിക്കുമായിരുന്നു.
ബ്രസിലീയൻ മോഡലിന്‍റെ പേരിൽ 22 വോട്ട്
ഇന്ത്യയിലെ യുവത്വം ഈ തട്ടിപ്പ് മനസ്സിലാക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നിങ്ങളുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണ്. ഇലക്ഷൻ കമ്മീഷനെയാണ് ഞാൻ ചോദ്യം ചെയ്യുന്നത്. 100 ശതമാനം തെളിവുകളോടെയാണ് ഞാൻ സംസാരിക്കുന്നത്. കോൺഗ്രസിൻ്റെ വിജയം പരാജയമാക്കി മാറ്റി. നയാബ് സിംഗ് സൈനി വാർത്താസമ്മേളനത്തിൽ പറഞ്ഞ പദ്ധതി എന്താണെന്ന് അറിയണം.
22 തവണ ബ്രസിലീയൻ മോഡലിന്‍റെ പേരിൽ വിവിധ പേരുകളിൽ വോട്ട് രേഖപ്പെടുത്തി. റായ് മണ്ഡലത്തിൽ 10 ബൂത്തുകളിൽ 22 തവണയാണ് വോട്ട് രേഖപ്പെടുത്തിയത്. ബ്രസീലിയൻ മോഡൽ ഇന്ത്യയിൽ ഇത്ര വോട്ടുകൾ ചെയ്തത് എങ്ങനെയാണ് ?ഹരിയാനയിൽ നടന്നത് 25 ലക്ഷം വോട്ട് കൊള്ളയാണെന്നും രാഹുൽ ഗാന്ധി വെളിപ്പെടുത്തി.
521619 ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ. ഒരു മണ്ഡലത്തിൽ 100 വോട്ടുകൾ വീതമാണ് കള്ളവോട്ട്.ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർരെ നീക്കാൻ കമ്മിഷന് സാധിക്കും. പക്ഷെ എന്തുകൊണ്ട് ചെയ്യുന്നില്ല. ബിജെപിയെ സഹിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. വ്യാജ ഫോട്ടോകൾ ഉപയോഗിച്ച് വൻ തട്ടിപ്പാണ് നടത്തുന്നത്. ബിജെപി നേതാക്കൾക്ക് ഹരിയാനിയിലും യുപിയിലും വോട്ടുണ്ട്. രണ്ടു സംസ്ഥാനങ്ങളിൽ വോട്ട് ചെയ്യുന്ന ഒരു വോട്ടർക്ക് പിതാവിന്‍റെ സ്ഥാനത്ത് വ്യത്യസ്ത പേരുകളാണ് ഉള്ളത്. യുപിയിൽ വോട്ടർ ഐഡിയുള്ള സർപഞ്ച് ഹരിയാനയിലും വോട്ട് ചെയ്യുന്നു. ആയിരക്കണക്കിന് പേരാണ് വീട്ടു നമ്പർ പൂജ്യത്തിൽ വോട്ട് ചെയ്തത്.
ഒരു വീട്ടിൽ 500 വോട്ടുകൾ വരെ
ഒരു വീട്ടിൽ 500 വോട്ടുകൾ വരെയുണ്ട്. ഹോടൽ മണ്ഡലത്തിൽ ഒരു ബിജെപി നേതാവിൻ്റെ മേൽവിലാസത്തിൽ 66 വോട്ടർമാരാണ് ഉള്ളത്. 3.5 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കി. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപാണ് ഇത് നടന്നത്. ഇവരിൽ ഭൂരിഭാഗം പേരും കോൺഗ്രസ് വോട്ടര്‍മാരാണ്.
ഹരിയാനയിൽ നടന്നത് തെരഞ്ഞെടുപ്പ് അല്ല വോട്ടു കൊള്ളയാണ്. ജനാധിപത്യത്തെ തകര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സഹായത്തോടുകൂടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ബിജെപിക്കായി നിലകൊണ്ടു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കമ്മീഷനും ചേർന്ന് നടത്തിയ വോട്ടുകൊള്ളയാണിതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
Adjust Story Font
16

