'ജനാധിപത്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയിൽ നിർഭയനായ മനുഷ്യൻ' സീതാറാം യെച്ചൂരിയെ ഓർത്ത് രാഹുൽ ഗാന്ധി
യെച്ചൂരിയുടെ സമത്വത്തിനും നീതിക്കും വേണ്ടിയുള്ള ആജീവനാന്ത പോരാട്ടം ആളുകളുടെ ഹൃദയങ്ങളിൽ എന്നേക്കും നിലനിൽക്കുമെന്നും രാഹുൽ പറഞ്ഞു

ന്യൂഡൽഹി: മുൻ സിപിഎം ജനറൽ സെക്രട്ടറിയും എംപിയുമായ സീതാറാം യെച്ചൂരിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഓർത്ത് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 'ജനാധിപത്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയിൽ നിർഭയനായ മനുഷ്യൻ എന്നാണ് യെച്ചൂരിയെ രാഹുൽ വിശേഷിപ്പിച്ചത്. യെച്ചൂരിയുടെ സമത്വത്തിനും നീതിക്കും വേണ്ടിയുള്ള ആജീവനാന്ത പോരാട്ടം ആളുകളുടെ ഹൃദയങ്ങളിൽ എന്നേക്കും നിലനിൽക്കുമെന്നും എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ രാഹുൽ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സീതാറാം യെച്ചൂരി മരണപ്പെടുന്നത്. 'ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകൻ' എന്നാണ് യെച്ചൂരിയുടെ വിയോഗവേളയിൽ രാഹുൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 2014-ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷമുള്ള ദീർഘകാല പ്രതിപക്ഷ രാഷ്ട്രീയത്തിലെ കൊടുക്കൽ വാങ്ങലുകളിൽ മാതൃകയായിരുന്നു യെച്ചൂരിയും രാഹുലും. രാഷ്ട്രീയമായി രണ്ട് ചേരിയിൽ കഴിയുമ്പോഴും ജനാധിപത്യ മൂല്യങ്ങൾക്ക് വേണ്ടി സ്വന്തം പാർട്ടിയുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് മുകളിലേക്ക് സഞ്ചരിക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വോട്ടർ പട്ടിക ക്രമക്കേട് തെളിവ് സഹിതം പുറത്തു കൊണ്ടുവന്നിരിക്കുകയാണ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ ഏറ്റവു വലിയ ജനാധിപത്യത്തിന്റെ ഇടമായ തെരെഞ്ഞെടുപ് കമീഷനെതിരെ നടത്തിയിട്ടുള്ള വെളിപ്പെടുത്തലിൽ വലിയ രാഷ്ട്രീയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഇത്തരമൊരു ഘട്ടത്തിൽ രാഹുൽ ഗാന്ധി ഏറ്റവും കൂടുതൽ അഭാവം അനുഭവിക്കുന്നത് യെച്ചൂരിയെ പോലൊരു നേതാവിന്റേതായിരിക്കും.
Adjust Story Font
16

