Quantcast

ശിക്ഷിക്കപ്പെട്ട ജനപ്രതിനിധിയുടെ സ്ഥാനം: രാഹുലിന് വിനയായത് 2013ലെ സുപ്രിംകോടതി ഉത്തരവ്

ഇന്നലെയാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷം തടവിന് ശിക്ഷിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-03-24 13:35:27.0

Published:

24 March 2023 1:01 PM GMT

RAHUL GANDHI
X

RAHUL GANDHI

ന്യൂഡൽഹി: ജനപ്രതിനിധികൾ രണ്ട് വർഷമോ അതിലേറെയോ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടാൽ സ്ഥാനം നഷ്ടമാകുമെന്ന് 2013 ജൂലൈ പത്തിനാണ് സുപ്രിംകോടതി വിധിച്ചത്. ഈ ഉത്തരവാണ് ഇന്ന് രാഹുലിന് വിനയായത്. സുപ്രിംകോടതി വിധിയെ മറികടക്കാൻ മൻമോഹൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. എം.പിമാർ, എം.എൽ.എമാർ, എം.എൽ.സിമാർ എന്നിവർക്കെതിരെ ഏതെങ്കിലും കേസിൽ ശിക്ഷ വിധിക്കപ്പെട്ടാൽ സുപ്രിംകോടതിയിൽ വരെയുള്ള നടപടികൾ പൂർത്തിയായ ശേഷമേ സ്ഥാനത്ത് നിന്ന് അയോഗ്യരാക്കാവൂവെന്നായിരുന്നു ഓർഡിനൻസിന്റെ ഉള്ളടക്കം. സുപ്രിംകോടതി വിധി പുറത്തുവന്ന് രണ്ട് മാസത്തിന് ശേഷമായിരുന്നു യു.പി.എ സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. കോൺഗ്രസ് സഖ്യകക്ഷിയായ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ രക്ഷിക്കുന്നതിനായിരുന്നു നടപടി. കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിപ്പെട്ടിരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കേസിൽ കോൺഗ്രസ് എംപിയായ റാഷിദ് മസൂദും ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ രക്ഷിക്കാനുള്ള സർക്കാറിന്റെ നീക്കത്തിനെതിരെ അന്നത്തെ പ്രതിപക്ഷമായ ബിജെപിയും ഇടതുപക്ഷവും രംഗത്ത് വന്നിരുന്നു.

എന്നാൽ ഓർഡിനൻസ് പാസക്കി ദിവസങ്ങൾക്ക് ശേഷം സെപ്തംബർ 27ന് രാഹുൽ ഗാന്ധി ഡൽഹിയിൽ നാടകീയമായി വാർത്താസമ്മേളനം വിളിച്ചു. ഓർഡിനൻസ് 'സമ്പൂർണ അസംബന്ധമാണ്, കീറി വലിച്ചെറിയണം' എന്ന് പറഞ്ഞ് രാഹുൽ പരസ്യമായി രംഗത്ത് വന്നു. ഇത് വലിയ വാർത്തയാകുകയും മൻമോഹൻ സിംഗ് മന്ത്രിസഭയ്ക്ക് അപമാനമാകുകയും ചെയ്തിരുന്നു.

'ആഭ്യന്തരമായി സംഭവിക്കുന്ന കാര്യമാണ് ഞാൻ നിങ്ങളോട് പറയുന്നത്. രാഷ്ട്രീയ പരിഗണനകളാലാണ് ഞങ്ങൾ ഇക്കാര്യം (ഓർഡിനൻസ്) ചെയ്യുന്നത്. എല്ലാവരും ഇത് ചെയ്യുന്നു. പക്ഷേ കോൺഗ്രസ് ചെയ്യില്ല. ബിജെപി ചെയ്യുന്നു. ജനതാദൾ ചെയ്യുന്നു. സമാജ്‌വാദി പാർട്ടി ചെയ്യുന്നു. എല്ലാവരും ചെയ്യും. ഈ അസംബന്ധം നിർത്താൻ സമയമായി' രാഹുൽ വാർത്താസമ്മളനത്തിൽ പറഞ്ഞു.

അക്കാലത്ത് രാഹുൽ യുപിഎ സർക്കാറിൽ നിന്ന് വിട്ടുനിന്നിരുന്നതായും നല്ല പ്രതിഛായയോടെ 2014ലെ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയായിരുന്നുവെന്നും കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. 2ജി അഴിമതി, അഗസ്റ്റ് വെസ്റ്റ്‌ലാൻഡ് അഴിമതി തുടങ്ങിയ അക്കാലത്ത് യു.പി.എ സർക്കാറിനെ പിടിച്ചുകുലുക്കുകയായിരുന്നു. എന്നാൽ മൻമോഹൻ സിംഗ് യു.എസ് സന്ദർശനം നടത്തവേ രാഹുൽ നടത്തിയ വാർത്താസമ്മേളനം വിപരീത ഫലമാണുണ്ടാക്കിയത്. യു.പി.എ സർക്കാറും കോൺഗ്രസ് പാർട്ടിയും രണ്ട് ദിശയിലാണെന്ന സന്ദേശമാണ് ഈ നടപടി കൈമാറിയത്. സംഭവത്തിന് ശേഷം തന്റെ വാക്കുകൾ ആ നിമിഷത്തെ പ്രതികരണമായിരുന്നുവെന്ന് രാഹുൽ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കത്തെഴുതിയതായി റിപ്പോർട്ടുണ്ട്. എന്നാൽ തന്റെ നിലപാട് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ പ്രതികരണം നടന്ന് അടുത്ത ദിവസം ബിജെപി നേതാക്കളായ എൽ.കെ അദ്വാനി, സുഷമാ സ്വരാജ്, അരുൺ ജയ്റ്റ്‌ലി എന്നിവർ രാഷ്ട്രപതി പ്രണബ് മുഖർജിയെ കണ്ട് ഓർഡിനൻസ് പിൻവലിക്കാൻ നിവേദനം നൽകി. തുടർന്ന് രാഷ്ട്രപതി നിയമ-ആഭ്യന്തര-പാർലമെൻററി മന്ത്രിമാരെ വിളിച്ചുവരുത്തി. തുടർന്ന് ഒക്‌ടോബർ രണ്ടിന് യുഎസിൽ നിന്ന് തിരിച്ചെത്തിയ മൻമോഹൻ രാഹുലിനെ കണ്ടു. ശേഷം നടന്ന കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ ഓർഡിനൻസ് പിൻവലിക്കാൻ തീരുമാനിച്ചു. അടുത്ത ദിവസം പിൻവലിച്ചു.

രണ്ടു വർഷം തടവിന് ശിക്ഷിച്ചു, രാഹുലിന് എംപി സ്ഥാനം നഷ്ടം

ഇന്നലെയാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷം തടവിന് ശിക്ഷിച്ചത്. സൂറത്ത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്എച്ച് വർമ കേസിലെ അന്തിമവാദം പൂർത്തിയാക്കിയത്. വിവാദ പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ബിജെപി എംഎൽഎയും ഗുജറാത്ത് മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്.

വിധിക്ക് പിന്നാലെ പതിനയ്യായിരം രൂപയുടെ ബോണ്ടിൽ രാഹുലിന് ജാമ്യം ലഭിച്ചു. വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ ജില്ലാ കോടതി രാഹുലിന് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. രാഹുലിന് ശിക്ഷ വിധിച്ച ഉത്തരവിന് ഉന്നതകോടതി സ്റ്റേ നൽകിയാലാണ് അയോഗ്യത നീക്കാനാകുക. സൂറത്ത് സെഷൻ കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലുമാണ് രാഹുൽ ഗാന്ധി അപ്പീൽ നൽകേണ്ടത്.

മാനനഷ്ടക്കേസിൽ ശിക്ഷിച്ചതോടെ ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കുകയായിരുന്നു. ഇനി ആറു വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ പറ്റില്ല. 1951 ലെ ജനപ്രാതിനിധ്യ നിയമം -ദി റെപ്രസന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് (ആർ.പി.എ) പ്രകാരമാണ് രാഹുലിനെ അയോഗ്യനാക്കിയത്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാലാണ് ഈ വകുപ്പ് പ്രകാരം ജനപ്രതിനിധിയുടെ സ്ഥാനം നഷ്ടപ്പെടുക. ആർപിഎ പ്രകാരം അയോഗ്യത കൽപ്പിക്കുന്നതിന് വിവിധ വകുപ്പുകളുണ്ട്. സെക്ഷൻ എട്ട് പ്രകാരമാണ് ശിക്ഷിപ്പെട്ട ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കുന്നത്. രാഷ്ട്രീയത്തെ ക്രിമിനൽവത്കരിക്കപ്പെടുന്നതിൽനിന്ന് തടയാനാണ് ഈ വകുപ്പ്. കളങ്കിതരായ നേതാക്കളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് നിയമം തടയുകയും ചെയ്യുന്നു. രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ സ്പീക്കർ നിയമോപദേശം തേടിയിരുന്നു.

2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് കേസിനാധാരം. 'എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?' എന്നാണ് രാഹുൽ പ്രസംഗിച്ചിരുന്നത്.നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം മോദി എന്ന പേർ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാർ പുറത്തുവരാനിരിക്കുന്നു എന്ന് ആർക്കുമറിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. പരാമർശത്തിനെതിരെ ഐപിഎൽ മുൻ മേധാവിയായ ലളിത് മോദി രംഗത്തെത്തിയിരുന്നു. ഐപിഎൽ മേധാവി ആയിരിക്കെ സാമ്പത്തിക തട്ടിപ്പിനും നികുതി വെട്ടിപ്പിനും അന്വേഷണം നേരിട്ട ലളിത് മോദി പിന്നീട് ഇന്ത്യ വിടുകയായിരുന്നു.

TAGS :

Next Story