Quantcast

ഗൽവാനിലെ ചൈനീസ് പതാക; കോൺഗ്രസിനെ കുറ്റപ്പെടുത്തി ഇന്ത്യാ ടുഡേ ആങ്കർ

'ചൈന അവരുടെ ഭൂമിയിൽ കൊടി ഉയർത്തുന്നതിന് നിങ്ങൾക്കെന്താണ് പ്രശ്‌നം? എന്തുകൊണ്ടാണ് നിങ്ങൾ ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങളെ പോലെ പെരുമാറുന്നത്?'

MediaOne Logo

André

  • Updated:

    2022-01-04 12:05:16.0

Published:

4 Jan 2022 12:00 PM GMT

ഗൽവാനിലെ ചൈനീസ് പതാക; കോൺഗ്രസിനെ കുറ്റപ്പെടുത്തി ഇന്ത്യാ ടുഡേ ആങ്കർ
X

ഇന്ത്യൻ പ്രവിശ്യയായ ഗൽവാനിൽ ചൈനീസ് സൈന്യം ചൈനയുടെ ദേശീയ പതാക ഉയർത്തിയതു സംബന്ധിച്ചുള്ള ചർച്ചയിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി ഇന്ത്യാ ടുഡേ ന്യൂഡ് ഡയറക്ടർ രാഹുൽ കൻവൽ. വാർത്താധിഷ്ഠിത പരിപാടിയായ 'ന്യൂസ് ട്രാക്കി'നിടെയാണ് രാഹുൽ കൻവൽ കോൺഗ്രസ് വക്താവ് പവൻ ഖേരയെ അധിക്ഷേപിച്ചത്.

പവൻ ഖേര ചൈനീസ് സ്റ്റേറ്റ് മീഡിയയെ പോലെ പെരുമാറുന്നുവെന്നും ചൈനീസ് സൈന്യത്തിനു വേണ്ടിയുള്ള പ്രചാരണവേല ചെയ്യുന്നുവെന്നും ആരോപണമുന്നയിച്ച രാഹുൽ കൻവൽ, കോൺഗ്രസിന് ചൈനീസ് ലിബറേഷൻ ആർമി (പി.എൽ.എ) പണം നൽകുന്നുണ്ടോ എന്നും ചോദിച്ചു. കോൺഗ്രസ് പണം പറ്റുന്നുവെന്ന ആരോപണം ചർച്ചക്കിടെ തന്നെ രാഹുൽ കൻവൽ പിൻവലിക്കുകയും ചെയ്തു.

പുതുവർഷ ദിനത്തിൽ രാജ്യത്തുടനീളം പതാക ഉയർത്തിയതിന്റെ ഭാഗമായി ഗൽവാൻ താഴ്‌വരയിൽ തങ്ങളുടെ സൈനികർ അഞ്ചുനക്ഷത്രമടങ്ങിയ ചുവന്ന പതാക ഉയർത്തിയതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ അവകാശപ്പെട്ടിരുന്നു. 'ഒരിഞ്ചുഭൂമി വിട്ടുനൽകില്ല' എന്നെഴുതിയ പാറയുടെ പശ്ചാത്തലത്തിൽ ചെങ്കൊടിയുമായി സൈനികർ പ്രതിജ്ഞയെടുക്കുന്ന ദൃശ്യങ്ങളും ചൈന പുറത്തുവിട്ടു. ഗൽവാൻ താഴ്‌വരയിൽ പതാക ഉയർത്തിയെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രം ഗ്ലോബൽ ടൈംസും റിപ്പോർട്ട് ചെയ്തു.

ഗൽവാനിൽ ഉയരേണ്ടത് ഇന്ത്യൻ പതാകയാണെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ചൈനയുടെ അതിക്രമത്തിൽ കേന്ദ്രം മൗനം പാലിക്കുകയാണെന്ന് വിവിധ പ്രതിപക്ഷ പാർട്ടികളും കുറ്റപ്പെടുത്തി. ഇതിനു പിന്നാലെയാണ്, ചൈനീസ് സൈനികർ പതാക ഉയർത്തിയത് 2020 ജൂണിൽ ഇരുസൈന്യങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായ പ്രദേശത്തല്ലെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തത്. സംഘർഷ സ്ഥലത്തുനിന്നും 1.2 കിലോമീറ്റർ അകലെയാണ് ചൈനയുടെ വീഡിയോയിൽ കാണുന്ന പ്രദേശമെന്ന് 'ഗൂഗിൾ എർത്ത്' ഡേറ്റയുടെ സഹായത്തോടെ മനസ്സിലാക്കിയെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

ചൈനയുടെ പ്രചാരവേലയിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വീഴുന്നുവെന്ന ആരോപണത്തോടെയാണ് പവൻ ഖേരയെയും ബി.ജെ.പി നേതാവ് ജി.വി.എൽ നരസിംഹ റാവുവിനെയും പങ്കെടുപ്പിച്ച് രാഹുൽ കൻവൽ 'ന്യൂസ് ട്രാക്ക്' അവതരിപ്പിച്ചത്. ഇന്ത്യൻ മണ്ണിൽ കടന്നുകയറുകയും അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരു മാറ്റുകയും ചെയ്ത ചൈനക്ക് നരേന്ദ്ര മോദി ക്ലീൻ ചിറ്റ് നൽകുകയാണെന്നും ചൈന എന്ന വാക്ക് ഉച്ചരിക്കാൻ പോലും പ്രധാനമന്ത്രിക്ക് ഭയമാണെന്നും പവൻ ഖേര ആരോപിച്ചു. ചൈനയുടെ കടന്നുകയറ്റത്തിൽ കേന്ദ്ര സർക്കാറിനെ ചോദ്യം ചെയ്യുന്ന കോൺഗ്രസിനെയും പ്രതിപക്ഷ പാർട്ടികളെയും വിമർശിച്ച രാഹുൽ കൻവൽ ഒരു ഘട്ടത്തിൽ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു.

'ചൈന അവരുടെ ഭൂമിയിൽ കൊടി ഉയർത്തുന്നതിന് നിങ്ങൾക്കെന്താണ് പ്രശ്‌നം? എന്തുകൊണ്ടാണ് നിങ്ങൾ ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങളെ പോലെ പെരുമാറുന്നത്? നിങ്ങൾ പി.എൽ.എക്കു വേണ്ടി പ്രചാരവേല ചെയ്യുകയാണ്. കോൺഗ്രസ് പി.എൽ.എയിൽ നിന്ന് പണം പറ്റുന്നുണ്ടോ?' - രാഹുൽ കൻവൽ ചോദിച്ചു. അൽപസമയത്തിനു ശേഷം പി.എൽ.എയിൽ നിന്ന് കോൺഗ്രസ് പണം പറ്റുന്നുവെന്ന ആരോപണം താൻ പിൻവലിക്കുന്നതായി കൻവൽ പറഞ്ഞു.

ചൈനയുടെ കൈയേറ്റത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തുന്ന ഇന്ത്യാ ടുഡേക്കും രാഹുൽ കൻവലിനുമെതിരെ വൻ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഇന്ത്യൻ മാധ്യമങ്ങൾ നട്ടെല്ലില്ലാത്ത സമൂഹത്തെ മാത്രമല്ല നാണമില്ലാത്തവരെ കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സ്വീഡനിലെ ഉപ്പസാല യുണിവേഴ്‌സിറ്റി പ്രൊഫസറും മനുഷ്യാവകാശ പ്രവർത്തകനുമായ അശോക് സ്വെയ്ൻ ആരോപിച്ചു.



Also Read:ഗൽവാൻ താഴ്‌വരയിൽ ചൈനീസ് ദേശീയ പതാക; മോദി മൗനം വെടിയണമെന്ന് രാഹുൽ ഗാന്ധി


TAGS :

Next Story