യുടിഎസ് ആപ്പ് നിർത്തലാക്കാൻ റെയിൽവേ; പുതിയ ആപ്പ് എങ്ങനെ ഉപയോഗിക്കണം ?; ആർ-വാലറ്റിലെ തുകക്ക് എന്ത് സംഭവിക്കും ?
ഘട്ടം ഘട്ടമായാണ് ആപ്പ് നിർത്തലാക്കുന്നത്. ഇതിന്റെ ഭാഗമായി സീസൺ ടിക്കറ്റ് ബുക്കിംഗ്, പ്ലാറ്റ്‌ഫോം ടിക്കറ്റ് ബുക്കിംഗ്, ആർ-വാലറ്റ് ടോപ്പ്-അപ്പ് എന്നിവ യുടിഎസ് ആപ്പിൽ ഇപ്പോൾ തന്നെ പലർക്കും ലഭ്യമല്ലാതായിട്ടുണ്ട്

- Published:
18 Feb 2026 6:50 PM IST

ന്യൂഡൽഹി: നിത്യവും ട്രെയിനിനെ ആശ്രയിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായിരുന്ന യുടിഎസ് ആപ്പ് റെയിൽവേ നിർത്തലാക്കുമെന്ന പ്രഖ്യാപനം വന്നിട്ട് കുറച്ച് നാളുകളായി. യുടിഎസ് നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് യാത്രക്കാർക്കുള്ളത്. യുടിഎസിലെ സേവനങ്ങൾ ഇനിമുതൽ എവിടെ കിട്ടും ?, ആർ-വാലറ്റിലെ തുകക്ക് എന്ത് സംഭവിക്കും ?, എന്നു മുതലാണ് പുതിയ ആപ്പ് ഉപയോഗിക്കാൻ കഴിയുക ? എന്നിങ്ങനെ നിരവധി സംശങ്ങളുണ്ട്.
റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ, പ്ലാറ്റ് ഫോം ടിക്കറ്റുകൾ, സീസൺ ടിക്കറ്റുകൾ എന്നിവ മൊബൈലിലൂടെ ബുക്ക് ചെയ്യാൻ ഉപയോഗിച്ചിരുന്ന ആപ്പാണ് യുടിഎസ്. റെയിൽവേ സേവനങ്ങളെല്ലാം ഒരു ആപ്പിൽ ആക്കുന്നതിൻ്റെ ഭാഗമായാണ് യുടിഎസ് നിർത്തലാക്കുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന 'റെയിൽ വൺ' (RailOne) എന്ന ആപ്പാണ് പകരമായിട്ട് കൊണ്ടുവരുന്നത്.
യുടിഎസ് ആപ്പ് എപ്പോൾ നിർത്തും?
വാർത്ത അറിഞ്ഞപ്പോൾ മുതൽ പലരും പരസ്പരം ചോദിച്ച ചോദ്യമാണ് യുടിഎസ് സേവനം എന്നാണ് അവസാനിപ്പിക്കുകയെന്നത്. ലഭ്യമായ വിവരം അനുസരിച്ച് 2026 മാർച്ച് 1 മുതൽ യുടിഎസ് ആപ്പിന്റെ സേവനം പൂർണ്ണമായും നിലയ്ക്കും. നിലവിൽ യുടിഎസ് ആപ്പ് തുറക്കുമ്പോൾ തന്നെ റെയിൽ വൺ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള സന്ദേശം യാത്രക്കാർക്ക് ലഭിക്കുന്നുണ്ട്. ഘട്ടം ഘട്ടമായാണ് ആപ്പ് നിർത്തലാക്കുന്നത്. ഇതിന്റെ ഭാഗമായി സീസൺ ടിക്കറ്റ് ബുക്കിംഗ്, പ്ലാറ്റ്‌ഫോം ടിക്കറ്റ് ബുക്കിംഗ്, ആർ-വാലറ്റ് ടോപ്പ്-അപ്പ് എന്നിവ യുടിഎസ് ആപ്പിൽ ഇപ്പോൾ തന്നെ പലർക്കും ലഭ്യമല്ലാതായിട്ടുണ്ട്.
എന്താണ് റെയിൽ വൺ (RailOne) ആപ്പ്?
റെയിൽവേയുടെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഒന്നിലധികം ആപ്പുകൾക്ക് (യുടിഎസ്,ഐആർസിടിസി റെയിൽ കണക്റ്റ്, റെയിൽ മദാദ് ) പകരമായാണ് റെയിൽ വൺ അവതരിപ്പിച്ചിരിക്കുന്നത്.
റെയിൽ വണ്ണിൽ ലഭ്യമായിട്ടുള്ള സേവനങ്ങൾ
- റിസർവ് ചെയ്തതും അല്ലാത്തതുമായ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
- പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ, സീസൺ ടിക്കറ്റുകൾ എന്നിവ എടുക്കാം.
- ട്രെയിനുകളുടെ തത്സമയ വിവരങ്ങളും (Live Status) പിഎൻആർ സ്റ്റാറ്റസ് അറിയാം.
- പരാതികൾ രജിസ്റ്റർ ചെയ്യാനും ഭക്ഷണങ്ങൾ ഓർഡർ ചെയ്യാനും സാധിക്കും.
പുതിയ ആപ്പിന്റെ പ്രചാരണത്തിനായി റെയിൽവേ മന്ത്രാലയം പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽ വൺ ആപ്പ് വഴി ഡിജിറ്റൽ പേയ്മെന്റിലൂടെ ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് 3 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ജനുവരി 14 മുതൽ ജൂലൈ 14 വരെ ആറുമാസക്കാലത്തേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ആർ-വാലറ്റ് വഴി ടിക്കറ്റ് എടുക്കുന്നവർക്ക് നിലവിലുള്ള 3 ശതമാനം ബോണസ് ആനുകൂല്യം ഇതിന് പുറമെ തുടരും.
പഴയ വാലറ്റ് തുക നഷ്ടമാകുമോ?
പുതിയ ആപ്പിലേക്ക് മാറുമ്പോൾ യുടിഎസ് ആപ്പിലെ ആർ-വാലറ്റിൽ ബാക്കിയുള്ള തുകയ്ക്ക് എന്ത് സംഭവിക്കും ? പലരുടേയും സംശയമാണ്. യുടിഎസ് ആപ്പിലെ ആർ-വാലറ്റിൽ ബാക്കിയുള്ള തുകയെക്കുറിച്ച് യാത്രക്കാർക്ക് ആശങ്ക വേണ്ടെന്നാണ് റെയിൽവേ പറയുന്നത്. നിലവിലുള്ള ബാലൻസ് തുക റെയിൽ വൺ ആപ്പിലേക്ക് സുരക്ഷിതമായി മാറ്റാൻ കഴിയും. റെയിൽ വൺ ആപ്പിൽ ടിക്കറ്റ് ബുക്കിംഗിന് ഇത് ഉപയോഗിക്കാം.
ലോഗിൻ ചെയ്യുന്നത് എങ്ങനെ?
യാത്രക്കാർക്ക് നിലവിലുള്ള ഐആർസിടിസി (IRCTC) അല്ലെങ്കിൽ യുടിഎസ് (UTS) യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് തന്നെ റെയിൽ വൺ ആപ്പിൽ ലോഗിൻ ചെയ്യാൻ സാധിക്കും. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് ലഭ്യമാണ്.
Adjust Story Font
16
