Quantcast

'വോട്ട് ചെയ്തില്ലല്ലോ, പിന്നെന്തിനാ ലൈറ്റ്'; തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ തെരുവുവിളക്കുകള്‍ അഴിച്ചെടുത്ത് ബിജെപി സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ്

തെരഞ്ഞെടുപ്പിലെ തോൽവിയിലുളള പ്രതികാര നടപടിയായാണ് വിളക്കുകള്‍ നീക്കിയെതെന്നാണ് നാട്ടുകാരുടെ ആരോപണം

MediaOne Logo

Web Desk

  • Updated:

    2026-11-22 11:34:33

Published:

22 Nov 2026 4:57 PM IST

Visuals of streetlights being removed
X

തെരുവ് വിളക്കുകൾ നീക്കം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ

ജയ്പൂര്‍: രാജസ്ഥാനിലെ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പില്‍ ഭാര്യ പരാജയപ്പെട്ടതിന് പിന്നാലെ ഗ്രാമങ്ങളില്‍ സ്ഥാപിച്ച തെരുവുവിളക്കുകള്‍ നീക്കി ബിജെപി സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ്. നിവായ് മണ്ഡലം എംഎല്‍എയായ രാംസഹായ് വര്‍മ്മയുടെ പിഎ അലോക് ശര്‍മയുടെ നിര്‍ദേശപ്രകാരമാണ് വിളക്കുകള്‍ നീക്കിയത്. ഇയാളുടെ ഭാര്യ പ്രിയങ്ക ശര്‍മ തെരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. തുടര്‍ന്നാണ് ടോങ്ക് ജില്ലയിലെ വിവിധ ഗ്രാമങ്ങളിലായി സ്ഥാപിച്ചിരുന്ന അമ്പതോളം എല്‍ഇഡി വിളക്കുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയത്. പീപ്ലു പഞ്ചായത്ത് സമിതിയിലെ വാര്‍ഡ് നാലില്‍ നിന്ന് മത്സരിച്ച പ്രിയങ്കയുടെ തോല്‍വിയിലുളള പ്രതികാര നടപടിയായാണ് വിളക്കുകള്‍ നീക്കിയെതെന്നാണ് നാട്ടുകാരുടെ ആരോപണം.

അലോക് ശര്‍മയുടെ നിര്‍ദേശപ്രകാരമാണ് വിളക്കുകള്‍ സ്ഥാപിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വിളക്കുകള്‍ നീക്കാന്‍ രാജസ്ഥാനിലെ വൈദ്യുതി വിതരണ കമ്പനിയായ ജെവിവിഎന്‍എല്ലിന്റെ ഉദ്യോഗസ്ഥര്‍ എത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. നാട്ടുകാരുടെ എതിര്‍പ്പിനെ വകവെയ്ക്കാതെ കുമാരോന്‍ കി ധനി ഗ്രാമത്തിലെ പത്തോളം വൈദ്യുതി തൂണുകളില്‍നിന്ന് വിളക്കുകള്‍ നീക്കുകയായിരുന്നു. ശേഷിക്കുന്ന നാല്‍പ്പതോളം വിളക്കുകളുടെ വൈദ്യുതി ബില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച പഞ്ചായത്ത് പ്രസിഡന്റ് അടയ്ക്കാമെന്ന് സമ്മതിച്ചതോടെ വിളക്കുകള്‍ നീക്കുന്നത് നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ട്.

അതേസമയം, തെരുവുവിളക്കുകള്‍ നീക്കിയതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളില്ലെന്നാണ് വൈദ്യുതി വകുപ്പിന്റെ വിശദീകരണം. വൈദ്യുതി തൂണുകളില്‍ അനധികൃതമായാണ് കണക്ഷന്‍ നല്‍കി വിളക്കുകള്‍ സ്ഥാപിച്ചതെന്ന് ജെവിവിഎന്‍എല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി.ആര്‍ മീന പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് വിളക്കുകള്‍ നീക്കം ചെയ്തതെന്നും ഇവര്‍ പറയുന്നു.

വിളക്കുകള്‍ നീക്കിയത് രാഷ്ട്രീയ പ്രതികാരമായാണെന്ന ആരോപണം നിവായ് എംഎല്‍എ രാംസഹായ് വര്‍മ്മ നിഷേധിച്ചു. ദീപാവലിക്ക് മുന്നോടിയായി വിവിധ സ്ഥാനാര്‍ഥികളാണ് ഗ്രാമങ്ങളില്‍ വിളക്കുകള്‍ സ്ഥാപിച്ചത്. വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജെവിവിഎന്‍എല്‍ നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ വിളക്കുകള്‍ നീക്കിയതില്‍ നാട്ടുകാര്‍ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

TAGS :

Next Story