കോൺഗ്രസിൽ മടങ്ങിയെത്തുമെന്ന സൂചന നല്‍കിയതിന് പിന്നാലെ രാജസ്ഥാനിൽ ബിജെപി നേതാവിന്റെ വീട്ടിൽ റെയ്ഡ്
മുൻ അശോക് ഗെലോട്ട് സർക്കാരിലെ കാബിനറ്റ് മന്ത്രിയായിരുന്ന മാളവ്യ, കോൺഗ്രസിലേക്ക് മടങ്ങിവരുമെന്ന സൂചന നൽകിയിരുന്നു.

- Updated:
2026-01-15 12:24:55.0

മഹേന്ദ്രജീത് സിങ് മാളവ്യ
ജയ്പൂർ: കോൺഗ്രസിൽ മടങ്ങിയെത്തുമെന്ന സൂചന നൽകിയതിന് പിന്നാലെ രാജസ്ഥാനില്‍ ബിജെപി നേതാവിന്റെ വീട്ടിൽ റെയ്ഡ്.
രാജസ്ഥാൻ ആന്റി കറപ്ഷൻ ബ്യൂറോയാണ്(എസിബി) ബിജെപി നേതാവായ മഹേന്ദ്രജീത് സിങ് മാളവ്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയത്. തന്റെ വീടും പെട്രോൾ പമ്പും ഉൾപ്പെടെ മൂന്ന് സ്ഥലങ്ങളിൽ എസിബി സംഘം റെയ്ഡ് നടത്തിയതായി മാളവ്യ പറഞ്ഞു.
'എന്റെ പെട്രോൾ പമ്പ് പരിശോധിച്ചപ്പോൾ എന്താണ് കണ്ടെത്താനായത്. അവർക്കൊരു ചലാന്‍ തയ്യാറാക്കാനുള്ളത് പോലും കിട്ടിയില്ല''- അദ്ദേഹം പറഞ്ഞു. മുൻ അശോക് ഗെലോട്ട് സർക്കാരിലെ കാബിനറ്റ് മന്ത്രിയായിരുന്ന മാളവ്യ, കോൺഗ്രസിലേക്ക് മടങ്ങിവരുമെന്ന സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാജസ്ഥാൻ അഴിമതി വിരുദ്ധ ബ്യൂറോ റെയ്ഡ് നടത്തുന്നത്.
അതേസമയം റെയ്ഡിനെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തി. രാഷ്ട്രീയ പകപോക്കലിനായി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനുള്ള ഒടുവിലത്തെ ഉദാഹരണമാണിതെന്നാണ് റെയ്ഡിനെ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദോത്തസ്ര വിശേഷിപ്പിച്ചത്.
"ബിജെപിയിൽ മാളവ്യ അസ്വസ്ഥനായിരുന്നു. മാതൃ പാർട്ടിയിലേക്ക് (കോൺഗ്രസ്) മടങ്ങാൻ അദ്ദേഹം ആഗ്രഹിച്ചു, ഇവിടെ അദ്ദേഹത്തിന് ബഹുമാനം ലഭിക്കും. വഞ്ചന, നുണ, സത്യസന്ധതയില്ലായ്മ എന്നിവയല്ലാതെ മറ്റൊന്നും ബിജെപിയില്‍ ഇല്ല''- അദ്ദേഹം പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷനെക്കൂടാതെ കോൺഗ്രസ് ജനറൽ സെക്രട്ടറി സുഖ്ജീന്ദർ സിംഗ് രൺധാവ, പ്രതിപക്ഷ നേതാവ് ടികാറാം ജുള്ളി എന്നിവരുമായി ജയ്പൂരിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വെച്ച് മാളവ്യ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
2024ലാണ് മഹേന്ദ്രജീത് സിങ് മാളവ്യ ബിജെപിയില്‍ ചേരുന്നത്. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായിരുന്നു. അശോക് ഗെലോട്ടിന്റെ വിശ്വസ്തനായിരുന്ന മാളവ്യ, ആദിവാസി വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ബൻസ്വര സീറ്റിൽ നിന്നുള്ള മുൻ എംപി കൂടിയാണ്.
Adjust Story Font
16
