Quantcast

വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്

കമ്പ്യൂട്ടര്‍ ക്ലാസ്സിനു പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    21 Jun 2023 10:08 AM GMT

വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്
X

ജയ്പൂര്‍: രാജസ്ഥാനിലെ ബിക്കാനീറിൽ ദലിത് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ട് കോൺസ്റ്റബിൾമാർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തു. ബിക്കാനീര്‍ സ്വദേശിനിയായ 20കാരിയാണ് കൊല്ലപ്പെട്ടത്.

കമ്പ്യൂട്ടര്‍ ക്ലാസ്സിനായി ഖജുവാലയിലേക്ക് പോകുമ്പോള്‍ മുഖ്യപ്രതി ദിനേശ് വിഷ്ണോയി വിദ്യാര്‍ഥിനിയെ പിന്തുടരാറുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. ഖജുവാല പൊലീസ് സ്‌റ്റേഷനിലെ രണ്ട് കോൺസ്റ്റബിൾമാർക്കൊപ്പം ദിനേശ് പെണ്‍കുട്ടിയെ ചൊവ്വാഴ്ച തട്ടിക്കൊണ്ടുപോയി. ദിനേശിന്‍റെ വസതിയിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. ഖജുവാലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയെ തുടര്‍ന്ന് രണ്ട് പൊലീസുകാരെ സ്പെന്‍ഡ് ചെയ്തു. ഭഗീരഥ് വിഷ്‌ണോയ്, മനോജ് വിഷ്‌ണോയ് എന്നീ രണ്ട് കോൺസ്റ്റബിൾമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. കുറ്റക്കാരെ അറസ്റ്റ് ചെയ്യാതെ പെണ്‍കുട്ടിയുടെ മൃതദേഹം സംസാരിക്കില്ലെന്ന് കുടുംബം പറഞ്ഞു.

അതേസമയം കൊല്ലപ്പെട്ട പെണ്‍കുട്ടിയും മുഖ്യപ്രതിയും പരിചയക്കാരായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫോണ്‍ രേഖകള്‍ ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. കേസിൽ കോൺസ്റ്റബിൾമാരുടെ പങ്ക് എന്താണെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അഡീഷണൽ പൊലീസ് സൂപ്രണ്ട് ദീപക് ശർമയാണ് കേസ് അന്വേഷിക്കുന്നത്.

സംഭവത്തിനു പിന്നാലെ ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ ബി.ജെ.പി രംഗത്തെത്തി. സംരക്ഷിക്കേണ്ടവര്‍ കുറ്റവാളികളായാല്‍ ജനങ്ങള്‍ എന്തുചെയ്യുമെന്ന് രാജസ്ഥാനിലെ ബി.ജെ.പി അധ്യക്ഷന്‍ സി.പി ജോഷി ചോദിച്ചു. അതേസമയം പൊലീസ് അന്വേഷിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പ്രതാപ് സിങ് വ്യക്തമാക്കി.

TAGS :

Next Story