Quantcast

കൂടുതൽ കുട്ടികൾക്ക് ജന്മം നൽകൂ, പ്രധാനമന്ത്രി വീടുകൾ നിർമിച്ച് നൽകി കൊള്ളും: രാജസ്ഥാൻ മന്ത്രി

രാജ്യത്ത് ആരും വീടില്ലാതെ, വിശപ്പോടെ ഉറങ്ങരുതെന്നത് പ്രധാനമന്ത്രിയുടെ സ്വപ്‌നമാണെന്നും മന്ത്രി

MediaOne Logo

Web Desk

  • Published:

    11 Jan 2024 9:26 AM GMT

Rajasthan minister urges people to give more births
X

ജയ്പൂർ: കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് രാജസ്ഥാൻ മന്ത്രി ബാബുലാൽ ഖരാഡി. പ്രധാനമന്ത്രി വീട് നിർമിച്ചു നൽകും എന്നതിനാൽ കൂടുതൽ കുട്ടികളുണ്ടാകുന്നത് കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും വിശപ്പോടെയും വീടില്ലാതെയും ആരും ഉറങ്ങരുതെന്നാണ് പ്രധാനമന്ത്രിയുടെ സ്വപ്‌നമെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. ഉദയ്പൂരിൽ ചൊവ്വാഴ്ച നടന്ന ഒരു ചടങ്ങിലാണ് ജനസംഖ്യ വർധിപ്പിക്കാൻ ജനങ്ങളോട് മന്ത്രി ആഹ്വാനം ചെയ്തത്.

"രാജ്യത്ത് ആരും വീടില്ലാതെ, വിശപ്പോടെ ഉറങ്ങരുതെന്നത് പ്രധാനമന്ത്രിയുടെ സ്വപ്‌നമാണ്. നിങ്ങൾ ഒരുപാട് കുട്ടികൾക്ക് ജന്മം നൽകൂ... അവർക്കെല്ലാം അദ്ദേഹം വീടു വച്ച് നൽകിക്കൊള്ളും. പിന്നെന്താണ് പ്രശ്‌നം". മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രസംഗം കേട്ട് പൊട്ടിച്ചിരിക്കുന്ന ജനങ്ങളെ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ജനപ്രതിനിധികളാകട്ടെ ആശ്ചര്യത്തോടെയാണ് മന്ത്രിയുടെ പ്രസംഗം കേൾക്കുന്നത്.

2024ൽ മോദിക്ക് തന്നെ വോട്ട് ചെയ്യാൻ ജനങ്ങളോട് ആഹ്വാനം ചെയ്യാനും മന്ത്രി മറന്നില്ല.. വാണിജ്യ സിലിണ്ടറിന് കേന്ദ്ര സർക്കാർ 200 രൂപ വില കുറച്ചെന്നും ഉജ്ജ്വല പദ്ധതിയിലൂടെ രാജസ്ഥാനിൽ 450 രൂപയ്ക്ക് പാചകവാതക സിലിണ്ടർ ലഭ്യമാക്കാനുള്ള നീക്കങ്ങൾ സർക്കാർ നടത്തിവരികയാണെന്നുമായിരുന്നു മന്ത്രിയുടെ മറ്റ് പരാമർശങ്ങൾ.

TAGS :

Next Story