ഓടുന്ന ബസിന്‍റെ സ്റ്റിയറിംഗ് വീലിൽ വച്ച് ഭക്ഷണം കഴിക്കുന്ന ഡ്രൈവര്‍; അര്‍ധനഗ്നനായി ബസ് ഓടിച്ച രാജസ്ഥാൻ സ്വദേശിക്ക് സസ്പെന്‍ഷൻ
പരസ്മൽ എന്ന ഡ്രൈവറെയാണ് സസ്പെന്‍ഡ് ചെയ്തത്

ജയ്പൂര്‍: അർദ്ധനഗ്നനായി വാഹനമോടിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ പിന്നാലെ രാജസ്ഥാൻ റോഡ്‍വേസ് ബസ് ഡ്രൈവര്‍ക്ക് സസ്പെന്‍ഷൻ. പരസ്മൽ എന്ന ഡ്രൈവറെയാണ് സസ്പെന്‍ഡ് ചെയ്തത്. വെള്ള ഷോര്‍ട്സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്ന ഡ്രൈവറുടെ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജസ്ഥാൻ റോഡ്‍വേസ് അധികൃതര്‍ നടപടി സ്വീകരിച്ചത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി യാത്രക്കാരുമായി അജ്മീറിൽ നിന്നും കോട്ടയിലേക്ക് പോവുകയായിരുന്നു ബസ്. വാഹനമോടിക്കുമ്പോൾ സ്റ്റിയറിംഗ് വീലിൽ വച്ചിരിക്കുന്ന ടിഫിൻ ബോക്സിൽ നിന്ന് ഇയാൾ ഭക്ഷണം കഴിക്കുന്നത് വീഡിയോയിൽ കാണാം. ആ സമയത്ത് പരസ്മൽ ഒരു വെസ്റ്റും പൈജാമയും ധരിച്ചിരുന്നു. പിന്നീട്, രണ്ടും ഊരിമാറ്റി ഷോർട്ട്സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നത് തുടർന്നു. ഡ്രൈവർ വാഹനമോടിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതും ബസ് അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ബസിൽ ഉച്ചത്തിൽ ദിൽവാലെ ദുൽഹാനിയ ലെ ജായേംഗേയിലെ 'തുജെ ദേഖ തോ യേ ജന സനം' എന്ന ബോളിവുഡ് ഗാനം ഉച്ചത്തിൽ വച്ചിട്ടുമുണ്ട്. ഇയാൾ പലപ്പോഴും മാന്യമായി വസ്ത്രം ധരിക്കാറില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
വീഡിയോയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവർ യൂണിഫോം ധരിച്ചിട്ടില്ലെന്നും അനുചിതമായി പെരുമാറിയെന്നും വീഡിയോയിൽ സ്ഥിരീകരിച്ചാൽ, പരസ്മലിനെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരസ്മൽ അജ്മേരു ഡിപ്പോയിലാണ് ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നതെന്നും അദ്ദേഹത്തിന്‍റെ യഥാർഥ നിയമനം പ്രതാപ്ഗഡ് ഡിപ്പോയിലാണെന്നും അജ്മേരു ഡിപ്പോ ചീഫ് മാനേജർ രവി ശർമ് അറിയിച്ചു. വിഷയത്തിൽ നടപടിയെടുക്കാൻ പ്രതാപ്ഗഡ് ഡിപ്പോ ചീഫ് മാനേജർക്ക് ഒരു കത്ത് എഴുതിയിട്ടുണ്ടെന്നും ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

