Quantcast

രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി; മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ കായിക മന്ത്രി

മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും പദവികൾ ഗെഹ്ലോട്ടിന്റെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകണമെന്നും കായിക മന്ത്രി അശോക് ചന്ദ്‌നയുടെ പരിഹാസം

MediaOne Logo

Web Desk

  • Updated:

    2022-05-27 04:08:22.0

Published:

27 May 2022 2:43 AM GMT

രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി; മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ കായിക മന്ത്രി
X

ജയ്പൂർ: രാജസ്ഥാൻ മന്ത്രിസഭയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ച് കായിക മന്ത്രി. പ്രിൻസിപ്പൽ സെക്രട്ടറിയോടുള്ള അതൃപ്തിയെ തുടർന്ന് കായിക മന്ത്രി അശോക് ചന്ദ്‌ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. പദവിയിൽനിന്ന് തന്നെ ഒഴിവാക്കിത്തരണമെന്നും ആ പദവി പ്രിൻസിപ്പൽ സെക്രട്ടറി കുൽദീപ് റങ്കയ്ക്ക് നൽകണമെന്നുമാണ് ചന്ദ്‌ന ആവശ്യപ്പെട്ടിരിക്കുന്നത്.

ട്വിറ്ററിലാണ് അശോക് ചന്ദ്‌നയുടെ പരസ്യ പ്രതികരണം. ''ഈ അപമാനകരമായ പദവിയിൽനിന്ന് എന്നെ ഒഴിവാക്കിത്തരണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. എന്റെ എല്ലാ വകുപ്പിന്റെയും ചുമതല കുൽദീപ് റാണയ്ക്ക് നൽകണം. എല്ലാ വകുപ്പുകളുടെയും മന്ത്രിയാണല്ലോ അദ്ദേഹം.'' ട്വീറ്റിൽ ചന്ദ്‌ന വിമർശിച്ചു.

രാജസ്ഥാനിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നിൽക്കെയാണ് കോൺഗ്രസിനകത്ത് പ്രതിസന്ധി സൃഷ്ടിച്ച് പുതിയ വിവാദം തലപൊക്കുന്നത്. അശോക് ഗെഹ്ലോട്ടിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അടക്കം വിഷയങ്ങളിൽ പാർട്ടിക്കകത്ത് നിലനിൽക്കുന്ന അതൃപ്തികളുടെ അനുരണനമാണ് ചന്ദ്‌നയുടെ ട്വീറ്റെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞയാഴ്ചയാണ് ദുംഗാർപൂരിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എയായ ഗണേഷ് ഘോഗ്ര ഗെഹ്ലോട്ടിന് രാജിക്കത്ത് നൽകിയത്. അദ്ദേഹത്തിനെതിരായ പൊലീസ് കേസ് ചൂണ്ടിക്കാട്ടിയായിരുന്നു രാജിനീക്കം.

അതിനിടെ, ചാന്ദ്‌നയുടെ ട്വീറ്റ് രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് കപ്പൽ മുങ്ങുകയാണെന്നും 2023ന്റെ ട്രെൻഡിന്റെ തുടക്കമാണിതെന്നും ബി.ജെ.പി രാജസ്ഥാൻ സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ പ്രതികരിച്ചു. അശോക് ഗെഹ്ലോട്ടിന്റെ ഭരണത്തിന്റെ ഉദാഹരണമാണ് മന്ത്രിയുടെ പ്രതികരണം. പാർട്ടി ഹൈക്കമാൻഡിന്റെ ബലഹീനതയും സർക്കാരിലുള്ള ബ്യൂറോക്രസിയുടെ അമിത സ്വാധീനവുമെല്ലാമാണ് ഇതു കാണിക്കുന്നതെന്നും പൂനിയ ചൂണ്ടിക്കാട്ടി.

Summary: Rajasthan Sports Minister Ashok Chandna expressed anguish over the conduct of Chief Minister Ashok Gehlot's principal secretary, referring to him as the "minister of all the departments", and said he would prefer being removed as a minister

TAGS :

Next Story