100 അടി നീളമുള്ള കറൻസി മാല; അണിയാൻ കോണി കയറി വരൻ! രാജസ്ഥാനിലെ വിവാഹ വീഡിയോ വൈറൽ
മേവത് മേഖലയിലെ ജുറാഹര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബമൻവാടി ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം

ജയ്പൂര്‍: വിവാഹങ്ങൾ ആഡംബരമാക്കാൻ ഇന്ത്യക്കാർ പല വഴികളും നോക്കാറുണ്ട്. എന്നാൽ രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന വിവാഹത്തിൽ കണ്ട കാഴ്ച അക്ഷരാർഥത്തിൽ ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. നോട്ടുകൾ കൊണ്ട് നിർമിച്ച 100 അടി നീളമുള്ള പടുകൂറ്റൻ മാലയായിരുന്നു ഈ വിവാഹത്തിലെ പ്രധാന ആകർഷണം.
മേവത് മേഖലയിലെ ജുറാഹര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബമൻവാടി ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം. വരൻ റുക്‌നുദ്ദീൻ മിയോയും അനന്തരവൻ അൻസാർ മിയോയും ചടങ്ങിൽ നോട്ടുമാല അണിഞ്ഞിരുന്നു.മാല ഒരു പ്രാദേശിക പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ചടങ്ങിനായി ക്രമീകരിച്ചതാണെന്നും ഗ്രാമത്തിലെ സർപഞ്ച് അബ്ദുൽ മസീദ് പറഞ്ഞു.
മാലയുടെ നീളം കാരണം അത് സാധാരണ നിലയിൽ കഴുത്തിൽ അണിയാൻ സാധിക്കുമായിരുന്നില്ല. തുടർന്ന് ഒരു കോണി ഉപയോഗിച്ച് ഉയരത്തിൽ കയറി നിന്നാണ് വരൻ ഈ 'നോട്ടുമാല' അണിഞ്ഞത്. 100ന്‍റെയും 500ന്‍റെയും ആയിരക്കണക്കിന് നോട്ടുകൾ കോർത്തിണക്കി നിർമിച്ച ഈ മാലയ്ക്ക് ലക്ഷക്കണക്കിന് രൂപ വിലവരുമെന്നാണ് റിപ്പോർട്ടുകൾ.മാല വാടകക്ക് എടുത്തതാണെന്നാണ് ഡീഗ് പൊലീസ് സൂപ്രണ്ട് ശരൺ ഗോപിനാഥ് കാംബ്ലെ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. ആഡംബരത്തിന്‍റെ അമിതപ്രദർശനമാണിതെന്ന് ചിലർ വിമർശിക്കുമ്പോൾ, ഇതൊരു കൗതുകകരമായ കാഴ്ചയാണെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.
Adjust Story Font
16

