'സിദ്ധാർഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് പിൻവലിക്കണം'; സംയുക്ത പ്രസ്താവന പുറത്തിറക്കി രാജ്യസഭയിലെ പ്രതിപക്ഷ എംപിമാർ
രാജ്യദ്രോഹക്കുറ്റം ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് എംപിമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു

ന്യൂഡൽഹി: മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപ്പറിനും എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് പിൻവലിക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ എംപിമാർ. അസം പൊലീസിന്റെ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരായ ആക്രമണമാണ്. രാജ്യദ്രോഹക്കുറ്റം ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും എംപിമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
മാധ്യമപ്രവർത്തകർക്ക് എതിരെ ഭാരതീയ ന്യായ സംഹിത 152-ാം വകുപ്പ് ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തുന്നത് അവസാനിപ്പിക്കണം. സ്വതന്ത്ര ശബ്ദങ്ങളെ ഭയപ്പെടുത്താനും വിമർശനങ്ങളെ നിശബ്ദമാക്കാനുമുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും എംപിമാർ പറഞ്ഞു.
രാജ്യസഭാ എംപിമാരായ ജയറാം രമേശ്, തൃച്ചി ശിവ, ജോൺ ബ്രിട്ടാസ്, രാംഗോപാൽ യാദവ്, ദിഗ്‌വിജയ് സിങ്, ജയാ ബച്ചൻ, രേണുക ചൗധരി, മുകുൾ വാസ്‌നിക്, ശക്തിസിൻഹ് ഗൊഹിൽ, സയ്യിദ് നസീർ ഹുസൈൻ, ജാവേദ് അലി ഖാൻ, എ.എ റഹീം, വി.ശിവദാസൻ, ആർ.ഗിരിരാജൻ, അനിൽ കുമാർ യാദവ് എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്.
Adjust Story Font
16

