'വിവരമില്ലായ്മ'; എസ്ഐആറിനെതിരായ വിമര്ശനത്തില് യുഎസ് കോണ്ഗ്രസ് അംഗത്തെ തള്ളി വിദേശകാര്യ മന്ത്രാലയം
യുഎസ് കോണ്ഗ്രസ് അംഗത്തിന്റേത് ജനാധിപത്യത്തെ ദുര്ബലപ്പെടുത്തുന്ന സമീപനമാണെന്ന് രണ്ധീര് ജയ്സ്വാള്

ന്യൂഡല്ഹി: എസ്ഐആറിന് (വോട്ടര് പട്ടികയിലെ തീവ്രപരിഷ്കരണം) എതിരായ വിമര്ശനത്തില് ഇന്ത്യൻ വംശജയായ യുഎസ് കോണ്ഗ്രസ് അംഗം പ്രമീള ജയപാലിനെ തള്ളി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്ധീര് ജയ്സ്വാള്. പ്രമീളയുടേത് വിവരമില്ലായ്മയും അനാവശ്യമായ ഇടപെടലുമാണെന്നും രണ്ധീര് ജയ്സ്വാള് പറഞ്ഞു.
എസ്ഐആറിനെതിരായ പ്രസ്താവന ഒരു ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പുകളില് ഇടപെടുന്നതിന് തുല്യമാണെന്നും ജയ്സ്വാള് വിമര്ശിച്ചു. എസ്ഐആറിലൂടെ വോട്ടര് പട്ടികയില് നിന്ന് 13 കോടി വോട്ടര്മാരുടെ പേരുകള് വെട്ടിനീക്കിയതില് പ്രമീള ജയ്പാല് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രണ്ധീര് ജയ്സ്വാളിന്റെ വിമര്ശനം.
യുഎസ് കോണ്ഗ്രസ് അംഗത്തിന്റേത് ജനാധിപത്യത്തെ ദുര്ബലപ്പെടുത്തുന്ന സമീപനമാണെന്നും ജയ്സ്വാള് വാരാന്ത്യ പത്രസമ്മേളനത്തില് പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്ട്ടികളും വിദ്യാര്ഥി-യുവജന സംഘടനകളും പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് പ്രമീളയുടെ പരാമര്ശം വിവാദമായത്.
'130 ദശലക്ഷം വോട്ടര്മാരെ വോട്ടര് പട്ടികയില് നിന്ന് നീക്കം ചെയ്യാനുളള ഇന്ത്യന് സര്ക്കാരിന്റെ നടപടികളില് എനിക്ക് ആശങ്കയുണ്ട്. ഒരു ജനാധിപത്യത്തെ രാജ്യത്തെ വോട്ടവകാശം ഇല്ലാതാക്കാന് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് അമേരിക്കയില് എന്തൊക്കെയാണോ ചെയ്യുന്നത്, സമാനമായ സംഭവവികാസങ്ങളാണ് ഇന്ത്യയിലും നടക്കുന്നത്. എല്ലായിടങ്ങളിലും ജനാധിപത്യം സംരക്ഷിക്കപ്പെടണം. അമേരിക്കന് ജനതയെ പോലെ ഇന്ത്യന് ജനതയും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് അര്ഹരാണ്,' എന്നുമായിരുന്നു പ്രമീളയുടെ പ്രതികരണം.
പ്രമീള ജയപാലിന്റെ ഇടപെടല് അംഗീകരിക്കാനാകില്ലെന്ന് യുഎസിലെ ഇന്ത്യന് അംബാസഡര് വിനയ് മോഹന് ക്വാത്രയും പറഞ്ഞു. അസ്വീകാര്യമായ ഇടപെടല്, യു എസ് കോൺഗ്രസ് അംഗത്തിന് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില് അഭിപ്രായം പറയേണ്ടതില്ലെന്നും വിനയ് മോഹന് പ്രതികരിച്ചു.
അതേസമയം, എസ്ഐആറിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലായി 7.2 കോടി പേരുകളാണ് വോട്ടര് പട്ടികയില് നിന്നും നീക്കം ചെയ്യപ്പെട്ടത്. മൂന്നാം ഘട്ടത്തിലെ കരട് പട്ടിക പ്രകാരം 6.15 കോടിയിലധികം പേരുകളും നീക്കം ചെയ്തു. ഇതേ തുടർന്നാണ് എസ്ഐആറിലൂടെ വോട്ട് നഷ്ടമായവരുടെ എണ്ണം 13 കോടിയിലെത്തിയത്.
Adjust Story Font
16

