കസ്റ്റഡിയിൽനിന്ന് രക്ഷപെടാൻ ശ്രമം; യുപിയിൽ പോക്സോ കേസ് പ്രതിയെ പൊലീസ് വെടിവച്ചു
വൈദ്യപരിശോധനയ്ക്കായി കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.

ലഖ്നൗ: യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിയെ പൊലീസ് വെടിവച്ചു. ഹാഥ്റസിലെ സദാബാദിലാണ് സംഭവം. ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അമനാണ് വെടിയേറ്റത്. ഇയാൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ പൊലീസിന്റെ തോക്ക് കൈവശപ്പെടുത്തിയതോടെയാണ് വെടിവച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈദ്യപരിശോധനയ്ക്കായി കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. നാഗ്‌ല കൊണ്ടയ്ക്ക് സമീപമെത്തിയപ്പോൾ ബാത്ത്റൂമിൽ പോവണമെന്ന് പ്രതിയാവശ്യപ്പെട്ടു. തുടർന്ന് ഇയാൾ കൂടെയുണ്ടായിരുന്ന ബിസാവർ ചെക്ക്പോസ്റ്റ് ഓഫീസറെ ആക്രമിച്ച് തോക്ക് തട്ടിയെടുക്കുകയും വെടിയുതിർക്കുകയും ചെയ്തു. ഇതോടെ പൊലീസ് സംഘം പ്രതിയെ വെടിവയ്ക്കുകയായിരുന്നു.
പ്രതിയുടെ കാലിനാണ് വെടിയേറ്റത്. ഞായറാഴ്ച രാത്രിയാണ്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട് സദാബാദ് കോട്‌വാലി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പിന്നാലെ അമൻ അറസ്റ്റിലാവുകയും ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
'ഇന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവെ നാഗ്‌ല കൊണ്ടയ്ക്ക് സമീപമെത്തിയപ്പോൾ ബാത്ത്റൂമിൽ പോവണമെന്ന് പ്രതി പറഞ്ഞു. ബിസാവർ ചെക്ക് പോസ്റ്റ് ഇൻചാർജ് ഇയാളെ അനുഗമിച്ചു. ഉടൻ പ്രതി ഇദ്ദേഹത്തിന്റെ തോക്ക് തട്ടിയെടുത്ത് വെടിയുതിർക്കുകയും ഇത് പൊലീസ് ജീപ്പിൽ പതിക്കുകയും ചെയ്തു'.
'ഇതോടെ പൊലീസ് ഇൻസ്പെക്ടർ ഇയാൾക്കു നേരെ വെടിവയ്ക്കുകയും കാലിന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പൊലീസ് ഇയാളെ കീഴ്പ്പെടുത്തി. പ്രതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്'- ഹാഥ്റസ് എംപി ചിരഞ്ജീവ് നാഥ് സിൻഹ അറിയിച്ചു.
Adjust Story Font
16

