Quantcast

കോവിഡ് കേസുകളിൽ അതിവേഗ വർധന; പ്രതിദിന രോഗികൾ കാൽ ലക്ഷത്തിലേറെ

രോഗികളെ നിരീക്ഷിക്കാൻ താൽക്കാലിക ആശുപത്രികൾ സ്ഥാപിക്കാനും ഗ്രാമീണ മേഖലയ്ക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2022-01-02 08:18:35.0

Published:

2 Jan 2022 2:51 AM GMT

കോവിഡ് കേസുകളിൽ അതിവേഗ വർധന; പ്രതിദിന രോഗികൾ കാൽ ലക്ഷത്തിലേറെ
X

രാജ്യത്ത് കോവിഡ് കേസുകളിൽ അതിവേഗ വർധന. പ്രതിദിന രോഗികൾ കാൽ ലക്ഷം കടന്നു. ഒരാഴ്ചക്കിടെ നാലിരട്ടി വർധനയാണ് കേസുകളിലുണ്ടായത്. പുതുതായി 27,553 കോവിഡ് കേസുകളാണുള്ളത്. ഇതുവരെ 1525 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. പുതുതായി 284 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോൺ കേസുകൾ കൂടുതൽ മഹാരാഷ്ട്രയിൽ-460 ആണ്. ഡൽഹിയിൽ 351 ഉം ഗുജറാത്തിൽ 136 ഉം ഒമിക്രോൺ കേസുകളുണ്ട്. ഒമിക്രോൺ വകഭേദം ഡെൽറ്റയേക്കാൾ വ്യാപിച്ചതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചത്തോടെ രാജ്യത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനത്തിൽ ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം നൽകിയിട്ടുമുണ്ട്. രോഗികളെ നിരീക്ഷിക്കാൻ താൽക്കാലിക ആശുപത്രികൾ സ്ഥാപിക്കാനും ഗ്രാമീണ മേഖലയ്ക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ഹ്രസ്വകാലം നീണ്ടു നിൽക്കുന്ന കോവിഡ് തരംഗം ഇന്ത്യയിൽ ഉടനെ തന്നെ ഉണ്ടായേക്കാമെന്ന കേംബ്രിജ് സർവകലാശാല വികസിപ്പിച്ച കൊറോണ വൈറസ് ട്രാക്കർ പ്രവചിച്ചിരുന്നു. മേയ് മാസത്തിൽ ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം മൂർധന്യത്തിലെത്തുമെന്നും ഈ ട്രാക്കർ സംവിധാനം കൃത്യമായി പ്രവചിച്ചിരുന്നു. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ സ്ഫോടനാത്മക വളർച്ചയുണ്ടാകുമെന്നും എന്നാൽ അതിതീവ്ര വളർച്ചയുടെ ഘട്ടം ഹ്രസ്വമായിരിക്കുമെന്നും കേംബ്രിജ് സർവകലാശാലയിലെ ജഡ്ജ് ബിസിനസ്സ് സ്‌കൂൾ പ്രഫസർ പോൾ കട്ടുമാൻ പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ, മിക്കവാറും ഈ ആഴ്ചയ്ക്കുള്ളിൽ തന്നെ പുതിയ അണുബാധകളുടെ എണ്ണം ഉയരാൻ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതെങ്കിലും ഇന്ത്യൻ സംസ്ഥാനം ഒമിക്രോണിൽ നിന്ന് പൂർണമായും രക്ഷപ്പെട്ട് നിൽക്കുമെന്ന് കരുതുന്നില്ലെന്നും പ്രഫ. പോൾ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പതിനൊന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിൽ അണുബാധ നിരക്ക് കുത്തനെ ഉയർന്നതായി സർവകലാശാലയുടെ കൊറോണ വൈറസ് ട്രാക്കർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് കേസുകളുടെ പ്രതിദിന വളർച്ച നിരക്ക് ഡിസംബർ 25ന് നെഗറ്റീവായിരുന്നത് ഡിസംബർ 26ന് 0.6 ശതമാനവും ഡിസംബർ 27ന് 2.4 ശതമാനവും ഡിസംബർ 29ന് 5 ശതമാനവുമായി വർധിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,775 പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.ഇന്ത്യയിൽ ഒമിക്രോൺ വകഭേദം ബാധിച്ചവരുടെ എണ്ണം 1431 ആയി ഉയർന്നു.

അതേസമയം, ഡൽഹിയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 97.21 ലക്ഷം രൂപ പിഴ ചുമത്തി. 61 എഫ്.ഐ.ആറുകളും ഫയൽ ചെയ്തു. ഡൽഹിയിൽ മുഴുവൻ ജില്ലകളിലും കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.കോവിഡ് സാഹചര്യം മുൻനിർത്തി തെലങ്കാനയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്തെ പൊതുയോഗങ്ങൾ നിരോധിച്ചു, കടകളിലും ഓഫീസുകളിലും മാസ്‌കുകൾ കർശനമാക്കി. സ്‌കൂളുകളിലും സ്ഥാപനങ്ങളുലും കോവിഡ് മുൻ കരുതലുകൾ കർശനമാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു. മാസ്‌ക് ധരിക്കാത്തവർക്ക് 1000 രൂപ പിഴയീടാക്കും. ഹരിയാനയിൽ കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നു. കോവിഡ് കേസുകൾ കൂടിയ ജില്ലകളിൽ വൈകീട്ട് അഞ്ചിന് ശേഷം മാർക്കറ്റുകളും മാളുകളും അടച്ചിടും. റെസ്റ്റോറന്റുകളിൽ പ്രവേശനം രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായും പരിമിതപ്പെടുത്തി.

അതിനിടെ, കോവിഡ് വ്യാപനത്തിൽ ഡൽഹിയെ കുറ്റപ്പെടുത്തി പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിങ് ഛന്നി രംഗത്ത്‌വന്നു. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ഡൽഹി മാതൃക പൂർണ്ണ പരാജയമായിരുന്നുവെന്നും ഒട്ടേറേ പേർ ഡൽഹിയിൽ നിന്ന് ചികിത്സക്ക് പഞ്ചാബിൽ എത്തിയെന്നും ചരൺജീത് സിങ് ഛന്നി പറഞ്ഞു. അരവിന്ദ് കെജ്രിവാൾ വ്യാജ വാഗ്ദാനങ്ങൾ നടത്തുകയാണെന്നും ഛന്നി കുറ്റപ്പെടുത്തി.

Rapid increase in Covid cases in the country. The daily number of patients crossed a quarter of a million.

TAGS :
Next Story