Quantcast

റിവബയ്ക്ക് വോട്ട് തേടി ജഡേജ; നേരിട്ടെത്തി ആശീർവദിച്ച് അമിത് ഷാ

സിറ്റിങ് എം.എൽ.എയെ മാറ്റിനിർത്തിയാണ് ബി.ജെ.പി റിവബയ്ക്ക് ടിക്കറ്റ് നൽകിയത്

MediaOne Logo

Web Desk

  • Updated:

    2022-11-21 15:44:47.0

Published:

21 Nov 2022 3:41 PM GMT

റിവബയ്ക്ക് വോട്ട് തേടി ജഡേജ; നേരിട്ടെത്തി ആശീർവദിച്ച് അമിത് ഷാ
X

അഹ്‌മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്ന ഭാര്യ റിവബയ്ക്കു വേണ്ടി വോട്ട് ചോദിച്ച് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. പ്രചാരണ പരിപാടികളിൽ പങ്കെടുത്തും വോട്ടർമാരെ നേരിൽകണ്ടുമാണ് ജഡേജ റിവബയ്‌ക്കൊപ്പമുള്ളത്. അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരുവരെയും നേരിൽകാണാനുമെത്തി.

ജാംനഗർ നോർത്ത് മണ്ഡലത്തിൽനിന്നാണ് റിവബ ജനവിധി തേടുന്നത്. ഇവിടെ പാർട്ടി പ്രചാരണ പരിപാടികളിൽ ജഡേജ നേരിട്ടെത്തി. ഇന്ന് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അമിത് ഷാ ജഡേജയുമായും റിവബയുമായും കൂടിക്കാഴ്ച നടത്തി. ജാംനഗർ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ഇരുവരെയും കണ്ടത്.

ഭാര്യയ്ക്ക് സീറ്റ് നൽകിയതിന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ജഡേജ നന്ദി പറഞ്ഞിരുന്നു. ''നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് ലഭിച്ച എന്റെ ഭാര്യയ്ക്ക് അഭിനന്ദനങ്ങൾ. നിന്റെ കഠിനാധ്വാനത്തിലും പരിശ്രമങ്ങളിലും ഏറെ അഭിമാനമുണ്ട്. എല്ലാ ആശംസകളും നേരുന്നു. സമൂഹത്തിന്റെ പുരോഗമനത്തിനായി തുടർന്നു പ്രവർത്തിക്കാനാകട്ടെ.''-ജഡേജ ട്വീറ്റ് ചെയ്തു. റിവബയുടെ കഴിവിൽ വിശ്വസിച്ച് വിശുദ്ധമായൊരു ദൗത്യത്തിനായി അവൾക്ക് അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും താരം കുറിച്ചു.

മെക്കാനിക്കൽ എൻജിനീയറാണ് റിവബ. മുതിർന്ന കോൺഗ്രസ് നേതാവ് ഹരിസിങ് സോളങ്കിയുടെ ബന്ധു കൂടിയാണ്. 2016ലാണ് രവീന്ദ്ര ജഡേഡയുമായുള്ള വിവാഹം. വർഷങ്ങളായി ജാംനഗർ-സൗരാഷ്ട്ര മേഖലയിൽ സാമൂഹിക പ്രവർത്തനങ്ങളുമായി സജീവമാണ് റിവബ. കഴിഞ്ഞ ഏതാനും മാസങ്ങളായി മണ്ഡലത്തിൽ തന്നെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയുമായിരുന്നു.

സിറ്റിങ് എം.എൽ.എ ധർമേന്ദ്ര സിങ് എം. ജഡേജയെ മാറ്റിനിർത്തിയാണ് റിവബയ്ക്ക് ടിക്കറ്റ് നൽകിയത്. ഇത്തവണ 30ലേറെ സിറ്റിങ് എം.എൽ.എമാർക്ക് ബി.ജെ.പി സീറ്റ് നിഷേധിച്ചിട്ടുണ്ട്. ഇതേതുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളായി നാമനിർദേശ പത്രിക സമർപ്പിച്ച ഏഴ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടുണ്ട്.

Summary: Union home minister Amit Shah met Ravindra Jadeja and his wife & BJP candidate from Jamnagar North Rivaba Jadeja at Jamnagar airport as the star Indian cricketer seeks vote for his wife Rivaba in Gujarat assembly polls

TAGS :

Next Story