Quantcast

ബാങ്കുകളില്‍ അനാഥമായിക്കിടക്കുന്ന 67,000 കോടി അവകാശികള്‍ക്ക് തിരിച്ചുനല്‍കണം: ആർബിഐ

മൂന്ന് മാസത്തിനുള്ളിൽ നിക്ഷേപങ്ങള്‍ അവകാശികൾക്ക് ​​തിരികെ നൽകുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്ന് ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    25 Sept 2025 4:08 PM IST

ബാങ്കുകളില്‍ അനാഥമായിക്കിടക്കുന്ന 67,000 കോടി അവകാശികള്‍ക്ക് തിരിച്ചുനല്‍കണം: ആർബിഐ
X

മുംബൈ: ബാങ്കുകളില്‍ അനാഥമായിക്കിടക്കുന്ന നിക്ഷേപങ്ങള്‍ ഉടമകള്‍ക്കോ അവകാശികള്‍ക്കോ തിരിച്ചുനല്‍കണമെന്ന് ബാങ്കുകളോട് നിര്‍ദേശിച്ച് റിസര്‍വ് ബാങ്ക്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ നിക്ഷേപങ്ങള്‍ പരമാവധിപേര്‍ക്ക് മടക്കിനല്‍കാന്‍ ശ്രമിക്കണമെന്നാണ് ബാങ്കുകളോട് ആർബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

10 വര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിലെ തുക, കാലാവധി കഴിഞ്ഞിട്ടും 10 വര്‍ഷമായി പിന്‍വലിക്കാതെ കിടക്കുന്ന സ്ഥിരനിക്ഷേപങ്ങള്‍ എന്നിവയാണ് അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപമായി കണക്കാക്കുന്നത്. ഈ തുക ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ നിക്ഷേപക ബോധവത്കരണ ഫണ്ടിലേക്കു മാറ്റുകയാണ് പതിവ്. എങ്കിലും നിക്ഷേപകര്‍ അവകാശമുന്നയിച്ച് എത്തിയാല്‍ ഈ തുക പലിശസഹിതം മടക്കിനല്‍കും.

സാമ്പത്തിക സുസ്ഥിരത-വികസന കൗണ്‍സില്‍ യോഗത്തോടനുബന്ധിച്ച് ബാങ്കുകള്‍ക്കു നല്‍കിയ അറിയിപ്പിലാണ് ഇത്തരമൊരു നിര്‍ദേശം ആര്‍ബിഐ മുന്നോട്ടുവെച്ചത്. ഇതിനായി ജില്ലാ അടിസ്ഥാനത്തില്‍ ബാങ്കുകളുടെ സംയുക്ത ക്യാമ്പുകള്‍ സംഘടിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആദ്യം ഗുജറാത്തിലായിരിക്കും ആദ്യ ക്യാമ്പ്. ഡിസംബര്‍വരെ പലയിടത്തായി ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കും.

രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 67,003 കോടി രൂപയുടെ നിക്ഷേപങ്ങളാണ്. നിക്ഷേപങ്ങളുടെ 29 ശതമാനവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ)യിലാണെന്ന് ധനകാര്യ മന്ത്രാലയം പാർലമെന്‍റിനെ അറിയിച്ചിരുന്നു.19,329.92 കോടി രൂപയാണ് എസ്‍ബിഐയുടെ വിവിധ ബാങ്കുകളിലുള്ളത്.

ലോക്സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പങ്കുവെച്ച ഡാറ്റ പ്രകാരം, അവകാശപ്പെടാത്ത എല്ലാ നിക്ഷേപങ്ങളുടെയും 87 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണ്. പഞ്ചാബ് നാഷനൽ ബാങ്ക്- 6,910.67 കോടി രൂപ, കാനറ ബാങ്ക്- 6,278.14 കോടി, ബാങ്ക് ഓഫ് ബറോഡ- 5,277.36 കോടി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ- 5,104.50 കോടി എന്നിവയാണ് അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കൂടുതലുള്ള മറ്റ് പൊതുമേഖല ബാങ്കുകൾ.

സ്വകാര്യ ബാങ്കുകളിൽ മാത്രമായി 8,673.72 കോടിയുടെ അവകാശികളില്ലാത്ത നിക്ഷേപമാണുള്ളത്. അതിൽ ഏറ്റവും കൂടുതൽ കൈവശം വെച്ചിരിക്കുന്നത് ഐസിഐസിഐ ബാങ്കാണ്. 2,063.45 കോടിയുടെ നിക്ഷേപമാണ് ഐസിഐസിഐ ബാങ്കിലുള്ളത്. എച്ച്ഡിഎഫ്‍സി ബാങ്ക്, 1,609 കോടി, ആക്‌സിസ് ബാങ്ക് 1,360 കോടി എന്നിങ്ങനെ യഥാക്രമം കൈവശം വെച്ചിട്ടുണ്ട്. 2023 മാർച്ചിലെ കണക്ക് അനുസരിച്ച് ഫണ്ടിൽ 62,225 കോടിയാണുണ്ടായിരുന്നത്. അതിൽ നിന്നാണ് 67,003 കോടിയായി ഉയർന്നത്.

TAGS :

Next Story