Quantcast

'ഭർത്താവിനെ കാണാനില്ല'; പൊലീസിൽ പരാതി നൽകി വിമത ശിവസേനാ എം.എൽ.എയുടെ ഭാര്യ

ജൂൺ 20ന് വൈകീട്ട് ഏഴുമണിക്കാണ് ഭർത്താവുമായി അവസാനം സംസാരിച്ചതെന്നും പിന്നീട് ആശയവിനിമയം നടത്തിയിട്ടില്ലെന്നും നിതിൻ ദേശ്മുഖിന്റെ ഭാര്യ

MediaOne Logo

Web Desk

  • Updated:

    2022-06-21 11:57:37.0

Published:

21 Jun 2022 11:50 AM GMT

ഭർത്താവിനെ കാണാനില്ല; പൊലീസിൽ പരാതി നൽകി വിമത ശിവസേനാ എം.എൽ.എയുടെ ഭാര്യ
X

മുംബൈ: ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ സൂറത്തിലെ ഹോട്ടലിലേക്ക് മാറിയ വിമത ശിവസേനാ എംഎൽഎമാരിലൊരാളെ കണാനില്ലെന്ന് കാണിച്ച് പരാതി നൽകി ഭാര്യ. ബാലാപൂർ നിയമസഭാ മണ്ഡലത്തിലെ എംഎൽഎ നിതിൻ ദേശ്മുഖിന്റെ ഭാര്യ പ്രജ്ഞലിയാണ് പരാതി നൽകിയത്. ജൂൺ 20ന് വൈകീട്ട് ഏഴുമണിക്കാണ് ഭർത്താവുമായി അവസാനം സംസാരിച്ചതെന്നും പിന്നീട് ആശയവിനിമയം നടത്തിയിട്ടില്ലെന്നും ഇവർ അകോല പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. ദേശ്മുഖിന്റെ ജീവന് ഭീഷണിയുള്ളതായും പരാതിയിൽ ചൂണ്ടിക്കാട്ടി.

അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ദേശ്മുഖിനെ സൂറത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്തയുണ്ടായിരുന്നു. ചില എംഎൽഎമാരെ ഷിൻഡെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അവർ മടങ്ങാൻ സന്നദ്ധരാണെന്നും ഒരു ശിവസേനാ നേതാവ് പറഞ്ഞിരുന്നു. ഗുജറാത്തിലെ സൂറത്തിൽ മെറിഡിയൻ ഹോട്ടലിൽ കഴിയുന്ന വിമതരെ കാണാൻ ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സാങ്വി, ഗുജറാത്ത് ബി.ജെ.പി അധ്യക്ഷൻ സി.ആർ പാട്ടീൽ എന്നിവർ ഹോട്ടലിലെത്തിയിട്ടുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും നടത്തിയതുപോലുള്ള ഗൂഢാലോചനയാണ് മഹാരാഷ്ട്രയിലും ബി.ജെ.പി നടത്തുന്നതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാൽ അതൊരിക്കലും ഇവിടെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

21 ശിവസേന എംഎൽഎമാരുമായി വിമതനീക്കം നടത്തുന്ന മഹാരാഷട്രാ മന്ത്രിയും മുതിർന്ന നേതാവുമായ ഏക്നാഥ് ഷിൻഡെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് ശിവസേന നീക്കി. പകരം അജയ് ചൗധരിയെ നിയമസഭാകക്ഷി നേതാവായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യത്തെ പ്രതിസന്ധിയിലാക്കിയ ശിവസേനയിലെ മുതിർന്ന നേതാവും കാബിനറ്റ് മന്ത്രിയുമായ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതർ സൂറത്തിലെ മെറിഡിയൻ ഹോട്ടലിലേക്ക് മാറിയിരിക്കുകയാണ്. ബിജെപിക്കൊപ്പം നിൽക്കാനാണ് വിമതർ ആവശ്യപ്പെടുന്നത്. എന്നാൽ ഇവരുടെ കൂടെ സൂറത്തിലെ ഹോട്ടലിലുള്ളത് 21 പേരാണെന്നാണ് വിവരം. കൂറുമാറ്റ നിയമപ്രകാരമുള്ള നടപടിയിൽ നിന്ന് രക്ഷപ്പെട്ട് ബിജെപിയിൽ ചേരണമെങ്കിൽ 37 എംഎൽഎമാരുടെ (ആകെയുള്ള 55 എംഎൽഎമാരുടെ മൂന്നിൽ രണ്ട് പേർ) പിന്തുണ അവർക്ക് വേണം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഔദ്യോഗിക പക്ഷത്തിനൊപ്പമുള്ളത് 35 എംഎൽഎമാരാണ്. ഉദ്ധവ് താക്കറെ വിളിച്ച അടിയന്തര യോഗത്തിൽ ഇത്രയും പേർ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം.

കൂറുമാറ്റ നിരോധന നിയമം വ്യക്തമാക്കുന്ന ഭരണഘടനയുടെ പത്താം ഷെഡ്യൂൾ അനുസരിച്ച്, യഥാർത്ഥ പാർട്ടിയുടെ മൂന്നിൽ രണ്ട് ഭാഗമെങ്കിലും പാർട്ടി വിടുന്നതിനെ അനുകൂലിക്കുന്ന പക്ഷം ഏത് കൂട്ടം അംഗങ്ങൾക്കും ഒരു പാർട്ടി വിട്ട് മറ്റൊരു പാർട്ടി രൂപീകരിക്കാം. കൂറുമാറ്റ വിരുദ്ധ നിയമം യഥാർത്ഥത്തിൽ നിയമസഭയിലോ പാർലമെന്റിലോയുള്ള പാർട്ടി അംഗങ്ങളിലെ മൂന്നിലൊന്ന് പേർക്ക് പോലും പുറത്തുപോകാനും മറ്റൊരു പാർട്ടിയിൽ ലയിക്കാനും അനുവദിക്കുന്നുണ്ടായിരുന്നു. എന്നാൽ 2003ലെ 91ാം ഭരണഘടനാ ഭേദഗതിയിൽ, അന്നത്തെ അടൽ ബിഹാരി വാജ്പേയി സർക്കാർ, പിളർപ്പിന്റെ വേളയിൽ കൂറുമാറ്റ വിരുദ്ധ ആരോപണങ്ങൾ നേരിടേണ്ടിവരുന്നത് ഒഴിവാക്കാൻ പാർട്ടിയിലെ മൂന്നിൽ രണ്ട് അംഗങ്ങളെങ്കിലും വേണമെന്ന് നിയമം ഭേദഗതി ചെയ്യുകയായിരുന്നു.

ഏക്നാഥ് ഷിൻഡെയെ ഫോണിൽ പോലും ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്ന ശേഷം ട്വിറ്ററിൽ അദ്ദേഹത്തിന്റെ കുറിപ്പ് വന്നിരുനനു. തങ്ങൾ ബാൽ തക്കറെയുടെ അടിയുറച്ച അനുയായികളാണെന്നും തങ്ങളെ ഹിന്ദുത്വമാണ് അദ്ദേഹം പഠിപ്പിച്ചതെന്നും അവയെ അധികാരത്തിനായി ചതിച്ചിട്ടില്ലെന്നും ഷിൻഡെ പറഞ്ഞു.

''ഞങ്ങൾ ബാലാസാഹെബിന്റെ അടിയുറച്ച ശിവസൈനികരാണ്... ബാലാസാഹിബ് നമ്മെ പഠിപ്പിച്ചത് ഹിന്ദുത്വമാണ്.. ബാലാസാഹിബിന്റെ ചിന്തകളെയും ധർമ്മവീരൻ ആനന്ദ് ദിഘെ സാഹെബിന്റെ പഠിപ്പിക്കലുകളെയും അധികാരത്തിനുവേണ്ടി ഞങ്ങൾ ഒരിക്കലും ചതിച്ചിട്ടില്ല'' ഷിൻഡെ ട്വിറ്ററിൽ കുറിച്ചു.

ശിവസേനയിൽ താൻ അരികുവത്കരിക്കപ്പെട്ടുവെന്നാണ് ഏക്നാഥ് ഷിൻഡെ കരുതുന്നത്. മഹാരാഷ്ട്ര സർക്കാറിന്റെ പ്രധാനതീരുമാനങ്ങൾ സ്വീകരിക്കുമ്പോൾ തന്നെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും ഷിൻഡേ കരുതുന്നു. ഈയടുത്ത് താനെ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കണമെന്ന അദ്ദേഹത്തിന്റെ നിർദേശം സേന സ്വീകരിച്ചിരുന്നില്ല. കോൺഗ്രസിനും എൻസിപിക്കുമൊപ്പം മത്സരിക്കാനായിരുന്നു തീരുമാനം. എന്നാൽ ഷിൻഡേ ഇതുവരെ മുഖ്യമന്ത്രി പദം വേണമെന്ന് ആവശ്യമുന്നയിച്ചിട്ടില്ലെന്നും ഉദ്ദവ് താക്കറെക്ക് വിഷയം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നുവെന്നുമാണ് ശിവസേനയുടെ സഖ്യകക്ഷിയായ എൻസിപി തലവൻ ശരദ് പവാർ പ്രതികരിച്ചത്. മഹാവികാസ് അഘാഡി ഭരണം തകർക്കാൻ ബിജെപി മുമ്പും ശ്രമിച്ചിട്ടുണ്ടെന്നും അത് പരാജയപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് ശിവസേനക്കകത്തെ ആഭ്യന്തര പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ അംഗമായ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ അഞ്ച് മന്ത്രിമാരും ഒരു സ്വതന്ത്രനുമടക്കം 21 എംഎൽഎമാരാണ് വിമതപക്ഷത്തുള്ളത്. ഇവർ സൂറത്തിലെ മെറിഡിയൻ ഹോട്ടലിലാണുള്ളത്. ശ്രീനിവാസ് ചിന്താമൻ, ഏക്‌നാഥ് സാംഭാജി ഷിൻഡെ, മഹേഷ് സാംഭാജി രാജെ ഷിൻഡെ, സന്ദിപൻരാവ് ആസാറാം, ശാന്താറാം തുക്കാറാം, സഞ്ജയ് ഭാസ്‌കറവ്, വിശ്വനാഥ് ആത്മറാം, അനിൽ കൽജേര, രമേശ് നാനാസാഹെബ്, ഷഹജി ബാപ്പു പാട്ടീൽ, കിഷോർ ആപ്പാ പാട്ടീൽ, ചിൻമൻ റാവ് രൂപാചന്ദ് പാട്ടീൽ, മഹേന്ദ്ര ഹരി, പ്രദീപ് ശിവനാരായണ ജയ്‌സ്വാൾ, ശംഭുരാജ് ശിവജിരാവ് ദേശായ്, ശൺരാജ് ഖോദിറാം, ബാലാജി പ്രഹ്ലാദ്, ഭരത്‌ഷെട് മാരുതി, സഞ്ജയ് രംഭവ് ഗെയ്ക്വാദ്, സുഹാസ് ദ്വാരകാനാഥ്, പ്രകാശ് ആനന്ദ്രവ്, രാജ്കുമാർ പട്ടേൽ തുടങ്ങിയവരാണ് വിമതപക്ഷത്തുള്ളത്.

ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തിയ ബിജെപി നേതാക്കൾ അദ്ദേഹത്തിന് ഉന്നത പദവികൾ വാഗ്ദാനം ചെയ്തതായാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഇതിനകം ഡൽഹിയിലെത്തിയിട്ടുണ്ട്. അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.

കോൺഗ്രസും ശിവസേനയും അടിയന്തര യോഗങ്ങൾ വിളിച്ചിട്ടുണ്ട്. ഡൽഹിയിലുള്ള എൻസിപി അധ്യക്ഷൻ ശരദ് പവാർ ചർച്ചകൾക്കായി മുംബൈയിലേക്ക് തിരിച്ചു. അധികാരം ദുരുപയോഗം ചെയ്ത് ബിജെപി ഇന്ത്യൻ ജനാധിപത്യത്തെ അസത്യത്തിലേക്ക് നയിക്കുകയാണെന്നും എന്നാൽ അന്തിമവിജയം സത്യത്തിനായിരിക്കുമെന്നും കോൺഗ്രസ് നേതാവ് നാനാ പട്ടോലെ പറഞ്ഞു. അതേസമയം മഹാരാഷ്ട്രയിലെ സാഹചര്യം നിരീക്ഷിക്കാൻ കോൺഗ്രസ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന് ചുമതല നൽകി.

ശിവസേനയും എൻ.സി.പിയും കോൺഗ്രസും ചേർന്നതാണ് മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സർക്കാർ. ഉദ്ധവ് സർക്കാരിന് സ്വതന്ത്രരുടെ ഉൾപ്പെടെ 169 പേരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം. ഇതിൽ ഒരു ശിവസേന എംഎൽഎ മരിച്ചതിനാൽ ഒരു സീറ്റ് കുറവാണ്. നവാബ് മാലിക് അടക്കം രണ്ട് എൻസിപി എംഎൽഎമാർ ജയിലിലുമാണ്. എട്ട് സ്വതന്ത്രൻമാരുടെ പിന്തുണയും സഖ്യത്തിനുണ്ട്. 288 സീറ്റുകളുള്ള സഭയിൽ 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് 113 സീറ്റുകളാണുള്ളത്. ചില സ്വതന്ത്രരുടെ പിന്തുണ ബി.ജെ.പിയും അവകാശപ്പെടുന്നുണ്ട്. 144 എന്ന കേവല ഭൂരിപക്ഷത്തിലെത്താൻ മഹാ വികാസ് സഖ്യത്തിലെ എം.എൽ.എമാരെ സ്വന്തം പാളയത്തിലെത്തിക്കാൻ ബി.ജെ.പിക്ക് കഴിയുമോ എന്നാണ് അറിയാനുള്ളത്.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേനയുടെ 56 സ്ഥാനാർഥികൾ വിജയിച്ചു. കോൺഗ്രസിന്റെ 44 എം.എൽ.എമാരും എൻ.സി.പിയുടെ 53 എം.എൽ.എമാരും നിയമസഭയിലെത്തി. 288 അംഗ നിയമസഭയിൽ ബാക്കിയുള്ള എം.എൽ.എമാർ ചെറിയ പാർട്ടികളുടെ പ്രതിനിധികളോ സ്വതന്ത്രരോ ആണ്. ബി.ജെ.പിക്ക് ഒപ്പമുള്ള സഖ്യം അവസാനിപ്പിച്ചാണ് ശിവസേന എൻ.സി.പിയും കോൺഗ്രസുമായി കൈകോർത്തത്. മഹാരാഷ്ട്രയിൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഇതിനിടെ പല തവണ ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ഓപ്പറേഷൻ കമലയെന്നാണ് റിപ്പോർട്ട്.

ഉദ്ധവ് സർക്കാരിലെ നഗര വികസനകാര്യ മന്ത്രിയാണ് ഏക്നാഥ് ഷിൻഡെ. താനെയിൽ നിന്നുള്ള നേതാവാണ് അദ്ദേഹം. താനെയിൽ ശിവസേനയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2004, 2009, 2014, 2019 വർഷങ്ങളിൽ നിയമസഭയിലെത്തി. ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ഏക്നാഥ് ഷിൻഡെയെ ഫോണിൽ പോലും ലഭിക്കാതായത്. തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടന്നുവെന്ന വിലയിരുത്തലുണ്ടായതിന് പിന്നാലെയാണ് മന്ത്രിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. ലെജിസ്ലേറ്റീവ് കൌൺസിൽ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിൽ ബി.ജെ.പി വിജയിച്ചപ്പോൾ ശിവസേനയും എൻ.സി.പിയും രണ്ട് സീറ്റിൽ വീതം ജയിച്ചു. കോൺഗ്രസിന് ഒരു സീറ്റിൽ ജയിക്കാനേ കഴിഞ്ഞുള്ളൂ.

ബി.ജെ.പിക്ക് മഹാരാഷ്ട്ര നിയമസഭയിൽ 106 എം.എൽ.എമാരാണുള്ളത്. അഞ്ച് സീറ്റിൽ ജയിക്കണമെങ്കിൽ സ്വതന്ത്രരുടെയോ ചെറിയ പാർട്ടികളുടെയോ വോട്ട് ലഭിക്കണം. അതുമല്ലെങ്കിൽ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടാവണം- 'ഞങ്ങൾ സന്തുഷ്ടരാണ്. മഹാരാഷ്ട്ര ബി.ജെ.പിയിൽ വിശ്വാസം അർപ്പിച്ചു. ശിവസേന, കോൺഗ്രസ് എം.എൽ.എമാർ ഞങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ട്. അല്ലെങ്കിൽ ഇത്രയും വോട്ട് ലഭിക്കില്ലായിരുന്നു'- ബി.ജെ.പി സ്ഥാനാർഥി പ്രവീൺ ദരേകർ പറഞ്ഞു.

Rebel Shiv Sena MLA's wife complains of missing husband

TAGS :

Next Story